Malabar Movement 1921
ചരിത്രത്തിലിടം നേടി ഇന്ത്യനൂർ കൂരിയാട്

കോട്ടക്കൽ | സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇടം പിടിച്ച് ഇന്ത്യനൂർ കൂരിയാട് ഗ്രാമവും. ഇതിന് പ്രധാന കാരണക്കാർ രണ്ട് പേരാണ്. സയ്യിദ് ടി എസ് അബ്ദുല്ലക്കോയ തങ്ങളും എളമ്പിലക്കാട്ട് മുഹമ്മദ് ഹാജിയുമാണ് ആ പ്രമുഖർ. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കനത്ത ചെറുത്ത് നടത്തിയവരാണ് ഇരുവരും. ബ്രിട്ടീഷ് പട്ടാളത്തിന്റെ നോട്ടപ്പുള്ളികളായിരുന്നു ഇവർ.
മുഹമ്മദ് ഹാജിയെ ചതിപ്രയോഗത്തിലൂടെയാണ് പട്ടാളം വകവരുത്തിയത്. അബ്ദുല്ലക്കോയ തങ്ങൾ കൂരിയാട് പള്ളിയിലെ ഖാസിയും ഖത്വീബുമായിരുന്നു. തന്റെ പ്രസംഗത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി അദ്ദേഹം പ്രതികരിച്ചു. ഒളിജീവിതം നയിച്ചിരുന്ന തങ്ങൾ പള്ളിക്കാട്ടിലെ പൊന്തക്കാടുകൾക്കിടയിലൂടെയാണ് ഖുതുബക്കായി എത്തിയിരുന്നത്. 1920ന് കോട്ടക്കൽ ഖിലാഫത്ത് കോൺഗ്രസ് നടന്നപ്പോൾ മുഖ്യ പ്രഭാഷകരിൽ ഒരാളായിരുന്നു അബ്ദുല്ലക്കോയ തങ്ങൾ. സംഘാടകനായി മുഹമ്മദ് കുട്ടി ഹാജിയും കൂടെയുണ്ടായിരുന്നു.