Saudi Arabia
ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് റിയാദില്‍; ആവേശകരമായ സ്വീകരണം
കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. സഊദിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായും മന്ത്രി ഫലപ്രദമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
റിയാദ് | സഊദി അറേബ്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് റിയാദിലെത്തി. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം ലഭിച്ചു. സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അന്താരാഷ്ട്രകാര്യ ഉപമന്ത്രി ഡോ. താരിഖ് അല്‍ ഹമദ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി സഊദി അറേബ്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായും പ്രതിനിധികളുമായും മന്ത്രി ഫലപ്രദമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കൂടാതെ സഊദിയിലെ ഇന്ത്യന്‍ പ്രവാസികളുമായും പ്രമുഖ ബിസിനസ്സ് വ്യക്തിത്വങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഓള്‍ ഇന്ത്യ സ്റ്റിയറിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രമന്ത്രിക്ക് പ്രത്യേക സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്.
നാളെ വൈകിട്ട് 6:45-ന് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ (ബോയ്‌സ് സെക്ഷന്‍) അങ്കണത്തിലാണ് സ്വീകരണ ചടങ്ങ് നടക്കുക. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന വര്‍ണാഭമായ കലാപരിപാടികളും തുടര്‍ന്ന് അത്താഴവിരുന്നും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള പ്രവാസി മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
Content Highlights: Indian Union Minister of State for External Affairs Kirti Vardhan Singh arrived in Riyadh for an official visit and received a warm welcome. He will hold bilateral discussions with senior Saudi officials during his stay. The minister will also interact with the Indian diaspora and community leaders.




