Connect with us

Editorial

വ്യാജന്മാര്‍ കൈയടക്കിയ ഇന്ത്യന്‍ വിപണി

വെറുമൊരു വിപണി പ്രശ്‌നമല്ല വ്യാജ ഉത്പന്നങ്ങള്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും സുരക്ഷക്കുമെതിരെയുള്ള വെല്ലുവിളിയാണിത്. ഭരണകൂടവും സമൂഹവും ഇതിനെതിരെ ജാഗ്രത്താകേണ്ടതുണ്ട്.

Published

|

Last Updated

ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ലക്ഷ്യമാക്കി വിപണികളിലെ പ്രമുഖ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കുന്നവരാണ് ഉപഭോക്താക്കളില്‍ മിക്കവരും. എന്നാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങളെല്ലാം വിശ്വസനീയമാണോ? പ്രമുഖ ബ്രാന്‍ഡുകളുടെ ലേബലുകളും ലോഗോകളും പാക്കേജിംഗും അതേപടി പകര്‍ത്തി വ്യാജന്മാര്‍ ധാരാളം ഇറങ്ങുന്നുണ്ട് വിപണിയില്‍. പാലുത്പന്നങ്ങളില്‍ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയ കര്‍ണാടക മില്‍ക് ഫെഡറേഷന്‍ ബ്രാന്‍ഡായ “നന്ദിനി’യുടെ പേരില്‍ വിപണിയിലെത്തിക്കാനായി നിര്‍മിച്ച 8,136 കിലോ നെയ്യ് തമിഴ്‌നാട്ടിലെ ഒരു കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് പിടികൂടുകയുണ്ടായി. 1,26,95,200 രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ഉത്പന്നങ്ങള്‍. വ്യാജ നെയ്യ് നിര്‍മിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങള്‍, നെയ്യില്‍ ചേര്‍ക്കാനായി സൂക്ഷിച്ച പാമോയില്‍, വെളിച്ചെണ്ണ തുടങ്ങിയ വസ്തുക്കളും കണ്ടെടുത്തു. നന്ദിനി നെയ്യ് ഉപയോഗിക്കുന്ന അതേ തരത്തിലുള്ള കുപ്പികളിലും പാക്കറ്റുകളിലുമാണ് വ്യാജ ഉത്പന്നങ്ങള്‍ വിതരണത്തിനായി സജ്ജമാക്കിയത്. പാമോയിലും വെളിച്ചെണ്ണയും ചേര്‍ത്താണ് ഇവയുടെ നിര്‍മാണം.

ജനപ്രിയ ബ്രാന്‍ഡായ കേരള ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ “മില്‍മ’ക്ക്, മില്‍ന എന്ന പേരില്‍ ഒരു അപരന്‍ ഇറങ്ങിയിരുന്നു ഇതിനിടെ തിരുവനന്തപുരത്ത്. മില്‍മയുടെ പേരെഴുതിയ അക്ഷരങ്ങളുടെ ഫോണ്ടും രൂപകല്‍പ്പനയും അതേപടി പകര്‍ത്തി ഉപഭോക്താക്കള്‍ക്ക് മില്‍മയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് “മില്‍ന’ വിപണിയിലെത്തിച്ചത്. ഇതിനെതിരെ മില്‍മ മാനേജ്‌മെന്റ് കൊടുത്ത പരാതിയില്‍ വ്യാജ കമ്പനിക്കെതിരെ ഒരു കോടി രൂപ പിഴ വിധിക്കുകയുണ്ടായി കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരം കൊമേഴ്‌സ്യല്‍ കോടതി. കേരളത്തിന്റെ പ്രസിദ്ധമായ “ഖാദി’യുടെ പേരില്‍ വന്‍തോതില്‍ വ്യാജ വസ്ത്രങ്ങള്‍ വിപണിയിലിറങ്ങുന്നുണ്ട്. യഥാര്‍ഥ ഖാദി ഉത്പന്നങ്ങളേക്കാള്‍ ഖാദിയുടെ വ്യാജന്മാരാണ് വിപണിയില്‍ കൂടുതലുള്ളതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറയുന്നു.

പ്രമുഖ ആഗോള ബ്രാന്‍ഡുകളെ അനുകരിച്ച് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വ്യാപകമാണ് ഇന്ത്യയില്‍. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഡല്‍ഹിയിലെയും ആഗ്രയിലെയും ചില പാദരക്ഷാ കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ പ്രമുഖ ജര്‍മന്‍ ചെരുപ്പ് കമ്പനിയായ “ബിര്‍കെന്‍സ്റ്റേക്കി’ന്റെ മോഡലില്‍ നിര്‍മിച്ച വ്യാജ പാദരക്ഷകള്‍ വന്‍തോതില്‍ പിടിച്ചെടുത്തിരുന്നു. വ്യാജന്മാര്‍ ബിര്‍കെന്‍സ്റ്റേക്ക് പാദരക്ഷകളുടെ വില്‍പ്പനയെ ബാധിച്ചതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ ഹരജിയിലാണ് കോടതി റെയ്ഡിന് ഉത്തരവിട്ടത്.
അതിവേഗത്തില്‍ വളരുന്ന വ്യാജ ഉത്പന്ന വിപണികളില്‍ ആഗോളതലത്തില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ വിപണി. ഭക്ഷ്യ വസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, പാദരക്ഷകള്‍, ഫാഷന്‍ വസ്തുക്കള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങി മുഴുവന്‍ വിപണി ഉത്പന്നങ്ങള്‍ക്കും വ്യാജന്മാര്‍ ഇറങ്ങുന്നുണ്ട്. രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കുന്നതിനു പുറമെ ചൈന, തായ്‌വാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ വിപണികളില്‍ വ്യാജന്മാര്‍ എത്തുന്നുണ്ട്. പരിചയ സമ്പന്നരായ വ്യാപാരികള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം, പ്രമുഖ ബ്രാന്‍ഡുകളുടെ പാക്കിംഗ്, ക്യൂആര്‍ കോഡ്, ഹോളോഗ്രാം എന്നിവയെല്ലാം അതേപടി പകര്‍ത്തിയാണ് വ്യാജന്മാര്‍ എത്തുന്നത്. ചില ഉത്പന്നങ്ങളുടെ പേരില്‍ ഒരു അക്ഷരത്തിന്റെ മാറ്റമുണ്ടാകുമെങ്കിലും പേരുകളുടെ ഫോണ്ടും പാക്കിംഗിന്റെ രൂപകല്‍പ്പനയും അപ്പടി പകര്‍ത്തുന്നതിനാല്‍ വ്യത്യാസം കണ്ടെത്താനാകില്ല.

രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയെയും കമ്പനികളുടെ വില്‍പ്പനയെയും വിശ്വാസ്യതയെയും ഉപഭോക്താവിന്റെ ആരോഗ്യത്തെയും ഒരു പോലെ ബാധിക്കുന്നു വിപണിയിലെ വ്യാജന്മാര്‍. ഇത്തരം അനധികൃത ഉത്പന്നങ്ങള്‍ വിപണി കൈയടക്കുമ്പോള്‍ ഒറിജിനല്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കുക സ്വാഭാവികം. തൊഴിലാളികളെ പിരിച്ചുവിടാനും ബിസിനസ്സ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ഇത് ഇടയാക്കും. നിര്‍മാണം അനധികൃതമായതിനാല്‍ സര്‍ക്കാറില്‍ നികുതിയൊടുക്കാത്ത സാഹചര്യത്തില്‍ പൊതുഖജനാവിനും നഷ്ടം. പൊതുസേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വരുമാനം നഷ്ടപ്പെടുന്നത് നികുതിദായകരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാറുകളെ നിര്‍ബന്ധിതമാക്കുന്നു. നിലവാരമില്ലാത്ത വസ്തുക്കളും മോശം നിര്‍മാണ രീതികളും ഉപയോഗിച്ചാണ് വ്യാജവസ്തുക്കള്‍ നിര്‍മിക്കുന്നത്. ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ കാര്‍ന്നു തിന്നുകയോ അപകടത്തിലാക്കുകയോ ചെയ്യുന്നു. വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ചര്‍മരോഗങ്ങളും അലര്‍ജിയും മറ്റു വിവിധ ദീര്‍ഘകാല ദൂഷ്യഫലങ്ങളും സൃഷ്ടിക്കുന്നു. വിലക്കുറവും ജനപ്രിയ ഉത്പന്നങ്ങളുടെ ലുക്കും ഉപഭോക്താവിനെ എളുപ്പം വശീകരിക്കുമ്പോള്‍, അവയില്‍ അടങ്ങിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ അറിയുന്നില്ല.
വാഹനങ്ങളുടെ വ്യാജ സ്‌പെയര്‍ പാര്‍ട്‌സുകള്‍ പലപ്പോഴും ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയില്‍ സംഭവിക്കുന്ന റോഡപകടങ്ങളില്‍ ഇരുപത് ശതമാനത്തിനും കാരണം വ്യാജ വാഹന സ്‌പെയര്‍ പാര്‍ട്‌സുകളാണെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യുടെ വിലയിരുത്തല്‍. ഫിക്കി 2018ല്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം വ്യാജ ഉത്പന്നങ്ങള്‍ സര്‍ക്കാറിന് പ്രതിവര്‍ഷം 39,293 കോടി രൂപയുടെ നികുതി നഷ്ടം വരുത്തിവെക്കുന്നുണ്ട്.

വെറുമൊരു വിപണി പ്രശ്‌നമല്ല വ്യാജ ഉത്പന്നങ്ങള്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും സുരക്ഷക്കുമെതിരെയുള്ള വെല്ലുവിളിയാണിത്. ഭരണകൂടവും സമൂഹവും ഇതിനെതിരെ ജാഗ്രത്താകേണ്ടതുണ്ട്. ശക്തമായ നിയമനിര്‍മാണവും പൊതുജന ശ്രദ്ധയും സാങ്കേതിക സംരക്ഷണ സംവിധാനവും ഒന്നിച്ചാല്‍ മാത്രമേ ഫലപ്രദമായി ഇത് തടയാനാകൂ.

Latest