Connect with us

indore test

കംഗാരുക്കള്‍ക്ക് മുന്നില്‍ കറങ്ങിവീണ് ഇന്ത്യ; 109 റൺസിന് പുറത്ത്

അഞ്ച് വിക്കറ്റെടുത്ത കുനെമാനാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.

Published

|

Last Updated

ഇന്‍ഡോര്‍ | മാത്യു കുനെമാന്‍, നഥാന്‍ ല്യോന്‍ സ്പിന്‍ ദ്വയങ്ങള്‍ക്ക് മുന്നില്‍ കറങ്ങിവീണ് ഇന്ത്യന്‍ ബാറ്റിംഗ് നിര. ഒന്നാം ഇന്നിംഗ്സിൽ 33.2 ഓവറിൽ 109 റൺസാണ് ഇന്ത്യയെടുത്തത്. ലഞ്ചിന് ശേഷം കളി പുനരാരംഭിച്ച് അധികം വൈകാതെ ഇന്ത്യൻ ബാറ്റിംഗ് അവസാനിച്ചു. വിരാട് കോലി ഒഴികെയുള്ള മുന്‍നിര അമ്പേ പരാജയപ്പെട്ടപ്പോള്‍ വാലറ്റമാണ് ഇന്ത്യയെ നൂറിലെങ്കിലും എത്തിച്ചത്. ഒമ്പത് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത കുനെമാനാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 22 റണ്‍സെടുത്ത കോലിയാണ് ടോപ് സ്‌കോറര്‍. വാലറ്റ നിരയില്‍ ഉമേഷ് യാദവ് 17ഉം അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 12ഉം റണ്‍സെടുത്തു. രോഹിത് ശര്‍മ 12ഉം ഗില്‍ 21ഉം പുജാര ഒന്നും രവീന്ദ്ര ജഡേജ നാലും റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ സംപൂജ്യനായി. നഥാന്‍ ലിയോന്‍ മൂന്ന് വിക്കറ്റെടുത്തു. സ്കോർ ബോർഡ് 50 റണ്‍സിലെത്തും മുമ്പ് അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇരുടീമുകളിലും രണ്ട് വീതം മാറ്റങ്ങളുണ്ട്. ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭാരത്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ ഇലവനിലുള്ളത്. കെ എൽ രാഹുലിനും മുഹമ്മദ് ഷമിക്കുമാണ് വിശ്രമം അനുവദിച്ചത്.

ഉസ്മാന്‍ ഖാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌സകോംബ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോന്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്‍ എന്നിവരാണ് ആസ്‌ത്രേയിന്‍ ടീമിലുള്ളത്. ഡേവിഡ് വാർണറിനും പാറ്റ് കമ്മിൻസിനും ആദ്യ ഇലവനിൽ ഇടം ലഭിച്ചില്ല. ഇന്‍ഡോര്‍ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാനാകും.

Latest