Connect with us

Kuwait

വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധന; സര്‍ക്കാറുകള്‍ ഇടപെടണമെന്ന് പ്രവാസികള്‍

കുവൈത്തില്‍ വേനലവധി വന്നതോടെയാണ് വിമാന ടിക്കറ്റ് നിരക്കില്‍ റെക്കോഡ് വര്‍ധനയുണ്ടായത്. വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെങ്കിലും ടിക്കറ്റിന് മൂന്നും നാലും ഇരട്ടി വിലയാണ് നല്‍കേണ്ടിവരുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു. കുവൈത്തില്‍ വേനലവധി വന്നതോടെയാണ് വിമാന ടിക്കറ്റ് നിരക്കില്‍ റെക്കോഡ് വര്‍ധനയുണ്ടായത്. വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളതെങ്കിലും ടിക്കറ്റിന് മൂന്നും നാലും ഇരട്ടി വിലയാണ് നല്‍കേണ്ടിവരുന്നത്. പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ തുക ഈടാക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്‍ഡിഗോ, ഗോഎയര്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും കുവൈത്ത് എയര്‍വേയ്‌സ്, അല്‍ജസീറ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിദേശ കമ്പനികളുടെ നിരക്കും താങ്ങാന്‍ കഴിയാത്ത വിധം ഉയര്‍ന്നിട്ടുണ്ട്. ഇതര രാജ്യങ്ങള്‍ വഴി മണിക്കൂറുകള്‍ അധികമെടുത്തു പോകുന്ന കണക്ഷന്‍ ഫ്‌ളൈറ്റുകളും ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. മിക്ക വിമാന കമ്പനികളുടെയും ടിക്കറ്റ് നിരക്ക്70-100 ദിനാറുകള്‍ക്കിടയിലാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ നാട്ടില്‍ പോകാമെന്ന് കരുതിയ പ്രവാസികള്‍ക്ക് അതിലേറെ ദുരിതം വിതയ്ക്കുകയാണ് പുതിയ ടിക്കറ്റ് നിരക്കുകള്‍. നേരത്തെ ഉണ്ടായിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതും യാത്രക്കാരുടെ വര്‍ധനയും ഉണ്ടാകുമ്പോള്‍ വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്ന പതിവ് രീതിയുമാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനക്ക് കാരണമായി പറയപ്പെടുന്നത്.

പത്തു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്ള കുവൈത്തില്‍ ആനുപാതികമായ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് പല പ്രവാസി സംഘടനകളും അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തിലധികമായി കൊവിഡ് കാരണം നാട്ടില്‍ പോകാന്‍ കഴിയാത്ത തുച്ഛവരുമാനക്കാരായ പ്രവാസികള്‍ക്ക് രണ്ടോ മൂന്നോ മാസത്തെ ശമ്പളം കൂട്ടിവെച്ചാലേ ഇപ്പോഴത്തെ അവസ്ഥയില്‍ നാടണയാനും ഉറ്റവരെയും ഉടയവരെയും കാണാനും കഴിയുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വിമാനക്കമ്പനികള്‍ ഭീമമായ തുക ഈടാക്കുന്ന വിഷയത്തില്‍ എത്രയും പെട്ടെന്ന് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ഇടപെട്ട് എന്തെങ്കിലും പരിഹാരം കാണണമെന്നാണ് പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Latest