Career Notification
മദ്രാസ് ഐ ഐ ടി; സ്കൂൾ കണക്‌ട് പ്രോഗ്രാമിന് ചേരാം
ഒന്പത് മുതൽ 12 വരെ ക്ലാസ്സിലെ വിദ്യാർഥികൾക്ക് ചേരാവുന്ന പ്രോഗ്രാമിന് ഈ മാസം 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പുതിയ സാങ്കേതികവിദ്യയുടെ ലോകത്തേക്ക് സ്കൂൾ വിദ്യാർഥികളെ എത്തിക്കുന്ന പഠന പ്രോഗ്രാമിന് ചേരാൻ അവസരം. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി) യുടെ സെന്റർ ഫോർ ഔട്ട്റീച്ച് ആൻഡ് ഡിജിറ്റൽ എജ്യൂക്കേഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വഴികളും തമ്മിൽ ബന്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഹൈസ്കുൾ/ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ പഠിക്കുമ്പാൾ തന്നെ തങ്ങളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അതിനനുസൃതമായ പുതിയ വിഷയങ്ങളെയും വിവിധ കരിയർ മേഖലകളെയും നേരത്തേ പരിചയപ്പെടാൻ ഈ പ്രോഗ്രാമിലൂടെ കഴിയുന്നു. ഒപ്പം ഭാവിയുടെ സാങ്കേതികവിദ്യകളെ അടുത്തറിയാനും അവസരം ലഭിക്കും. ഒന്പത് മുതൽ 12 വരെ ക്ലാസ്സിലെ വിദ്യാർഥികൾക്ക് ചേരാവുന്ന പ്രോഗ്രാമിന് ഈ മാസം 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
വിഷയങ്ങൾ
ഭാവിയിലേക്ക് മിഴിതുറക്കുന്ന 17 വ്യത്യസ്ത വിഷയങ്ങൾ പഠിക്കാനാണ് അവസരം.
ഡാറ്റ സയൻസ് ആൻഡ് എ ഐ/ എയ്റോസ്പേസ് എൻജിനീയറിംഗ്/സൈബർ സെക്യൂരിറ്റി/ ഗെയിം ടെക്നോളജി/ ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്/ലോ/ഡിജിറ്റൽ ഹ്യൂമാനിറ്റീസ്/ഇലക്ട്രോണിക് സിസ്റ്റംസ്/പ്രൊഡക്‌ഷൻ ഡിസൈൻ/ ബയോളജിക്കൽ എൻജിനീയറിംഗ് സിസ്റ്റംസ്/മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിംഗ്/മാത്തമാറ്റിക്സ്, ഗെയിംസ് ആൻഡ് പസിൾസ്/ഇക്കോളജി/ഹ്യൂമാനിറ്റീസ്/ മെഡിക്കൽ എൻജിനീയറിംഗ്/ മോളിക്യൂലാർ എൻജിനീയറിംഗ്/ആർക്കിടെക്ചർ ആൻഡ് ഡിസൈൻ എന്നിവ.
പ്രോഗ്രാം ഘടന
സ്കുൾ പഠനത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാണ് മദ്രാസ് ഐ ഐ ടി ഈയൊരു പ്രോഗ്രാം രുപകൽപ്പന ചെയ്തിരിക്കുന്നത്. പൂർണമായും ഓൺലൈൻ വഴിയുള്ള കോഴ്സിന്റെ കാലാവധി എട്ട് ആഴ്ചയാണ്. എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂർ ദൈർഘ്യമുള്ള ലൈവ് ക്ലാസ്സ് ഉണ്ടാകും.
വീട്ടിലിരുന്നു തന്നെ കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് പഠിക്കാം. ക്ലാസ്സുകൾ മദ്രാസ് ഐ ഐ ടിയിലെ പ്രഗൽഭ അധ്യാപകരും വ്യവസായ പ്രമുഖരും നയിക്കും. സംശയ നിവാരണത്തിനും സംവേദിക്കുവാനും ലൈവ് സെഷനുകൾ ഉണ്ടാകും. വിദ്യാർഥികൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് കണ്ട് പഠിക്കാൻ സാധിക്കുന്ന രീതിയിൽ റെക്കാർഡഡ് വീഡിയോ ക്ലാസ്സുകളും ലഭിക്കും. പഠിച്ച കാര്യങ്ങൾ പ്രായോഗികമായി ചെയ്തു നോക്കാൻ അസൈൻമെൻുകളും പ്രൊജക്ടുകളും നൽകും. ഇത് വിദ്യാർഥികളിൽ പ്രശ്നപരിഹാര ശേഷി വർധിപ്പിക്കുകയും ചെയത് പഠിക്കുക എന്ന ശൈലി വളർത്താനും സഹായകരമാകും. കോഴ്‌സുകളുടെ സിലബസ്സ് പരിചയപ്പെടുത്തുന്ന വീഡിയോ വെബ്സൈറ്റിലുണ്ട്.
സർട്ടിഫിക്കറ്റ്
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് മദ്രാസ് ഐ ഐ ടി സെന്റർ ഫോർ ഔട്ട് റീച്ച് ആൻഡ് ഡിജിറ്റൽ എജ്യൂക്കേഷന്റെ ( CODE) സർട്ടിഫിക്കറ്റ് ലഭിക്കും. ഉപരിപഠനത്തിന് അപേക്ഷിക്കുമ്പോൾ ഈ സർട്ടിഫിക്കറ്റിന് വിദേശ സർവകലാശാലകളിൽ ഉൾപ്പെടെ വലിയ മൂല്യം ഉണ്ട്.
പാർട്നർ സ്‌കൂൾ
ഇതുവരെ ഇതിൽ പങ്കാളിയാകാത്ത സ്ഥാപനങ്ങൾ പാർട്‌നർ സ്കൂൾ ആയി അംഗീകാരം നേടേണ്ടതുണ്ട്. ഒന്പത്- 12 ക്ലാസ്സുകളുള്ള വിദ്യാലയങ്ങൾക്ക് പാർട്നർ സ്കൂൾ ആകാനും ഇപ്പോൾ അപേക്ഷിക്കാം. ഇതിനുള്ള നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനും സാധിക്കും.
പരമാവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഈയൊരു പദ്ധതി വ്യാപിപ്പിക്കണം എന്നതാണ് മദ്രാസ് ഐ ഐ ടി ലക്ഷ്യമിടുന്നത്. അതിനാൽ പാർട്നർ സ്കൂളുകളായി അംഗീകാരം ലഭിക്കുന്നതിൽ ഉദാരമായ സമീപനം പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഒരു കോഴ്സിന് ഫീസ് 500 രൂപ. കോഴ്‌സ് ഒക്ടോബർ അഞ്ചിന് തുടങ്ങും.അപേക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ്: https://code.iitm.ac.in/schoolconnect, ഇ മെയിൽ: school-connect@study.iitm.ac.in, ഫോൺ: 8056409131.
Content Highlights:
IIT Madras CODE launches an 8-week online program for students in classes 9 to 12 offering 17 topics like AI, Data Science, and Cyber Security. Weekly live sessions and recordings are provided, and successful participants earn a valuable certificate. The application deadline is September 30.



