ആരോഗ്യം
കുടലിൽ വീക്കം ഉണ്ടാക്കുന്ന ഐ ബി ഡി
ദഹനനാളത്തിൽ ദീർഘകാല വീക്കം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഐ ബി ഡി (ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്). ഇതിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ ദഹനനാളത്തിൽ വീക്കവും വ്രണങ്ങളും ഉണ്ടാക്കുന്നു. ഐ ബി ഡി പ്രധാനമായും രണ്ട് തരത്തിലുണ്ട് - ക്രോൺസ് രോഗവും അൾസറേറ്റീവ് കൊളൈറ്റിസും. ക്രോൺസ് രോഗം വായ മുതൽ മലദ്വാരം വരെ ദഹനനാളത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം. എന്നാൽ അൾസറേറ്റീവ് കൊളൈറ്റിസ് കൂടുതലായി വൻകുടലിനെയും മലദ്വാരത്തെയുമാണ് ബാധിക്കുന്നത്.
ഐ ബി ഡി (ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്) എന്നത് ദഹനനാളത്തിൽ ദീർഘകാല വീക്കം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. ഇതിൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ ദഹനനാളത്തിൽ വീക്കവും വ്രണങ്ങളും ഉണ്ടാക്കുന്നു. ഐ ബി ഡി പ്രധാനമായും രണ്ട് തരത്തിലുണ്ട് – ക്രോൺസ് രോഗവും അൾസറേറ്റീവ് കൊളൈറ്റിസും. ക്രോൺസ് രോഗം വായ മുതൽ മലദ്വാരം വരെ ദഹനനാളത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം. എന്നാൽ അൾസറേറ്റീവ് കൊളൈറ്റിസ് കൂടുതലായി വൻകുടലിനെയും മലദ്വാരത്തെയുമാണ് ബാധിക്കുന്നത്.
ദീർഘകാല വയറിളക്കം, മലത്തിൽ രക്തം, വയറുവേദന, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ചിലപ്പോൾ സാധാരണ ദഹനപ്രശ്നങ്ങൾ മാത്രമല്ല, ഐ ബി ഡി എന്ന ഗുരുതരമായ രോഗത്തിന്റെ സൂചനകളായിരിക്കാം. ക്ലിനിക്കൽ പ്രാക്ടീസിൽ വർധിച്ചു വരുന്ന ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നത് വളരെ പ്രധാനമാണ്.
ലക്ഷണങ്ങൾ
ഐ ബി ഡിയുടെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായി കാണപ്പെടുന്നു. പലപ്പോഴും ഇവ ഇടക്കിടെ പ്രത്യക്ഷപ്പെടുകയും പിന്നീട് കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം.
സാധാരണ ലക്ഷണങ്ങൾ
• സ്ഥിരമായ വയറിളക്കം
• വയറുവേദന / മലബന്ധം
• മലത്തിൽ രക്തസാന്നിധ്യം
• ക്ഷീണം
• ഭാരം കുറയൽ
ഈ ലക്ഷണങ്ങൾ ചില സമയങ്ങളിൽ ശക്തമായി അനുഭവപ്പെടുകയും പിന്നീട് കുറയുകയും ചെയ്യുന്ന സ്വഭാവത്തിലാണ് സാധാരണയായി കാണപ്പെടുന്നത്. എന്നാൽ ലക്ഷണങ്ങൾ കുറയുകയോ ഇല്ലാതാകുകയോ ചെയ്താലും, രോഗം പൂർണമായി മാറിയെന്ന് ഉറപ്പാക്കാനാകില്ല. അതിനാൽ ഡോക്ടറുമായി സ്ഥിരമായി ഫോളോ അപ്പ് നടത്തുകയും ആവശ്യമായ പരിശോധനകൾ തുടർച്ചയായി നിർവഹിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ഇതിലൂടെ രോഗത്തിന്റെ പുരോഗതിയും വീണ്ടും മടങ്ങിവരാനുള്ള സാധ്യതയും നേരത്തേ തിരിച്ചറിയാൻ സഹായിക്കും.
എന്തുകൊണ്ടാണ് ഐ ബി ഡി വർധിച്ചുകൊണ്ടിരിക്കുന്നത്?
ഐ ബി ഡി ഒരു ഏക കാരണമുള്ള രോഗമല്ല. വിവിധ ഘടകങ്ങൾ ചേർന്നാണ് ഈ രോഗാവസ്ഥ ഉണ്ടാകുന്നതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ഐ ബി ഡിക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ
● ജനിതക വ്യതിയാനങ്ങൾ
● രോഗപ്രതിരോധ സംവിധാനത്തിലെ അസന്തുലിതാവസ്ഥ
● ഗട്ട് ബാക്ടീരിയയിലെ മാറ്റങ്ങൾ.
ജീവിതശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങളും രോഗവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
• പ്രോസസ്ഡ് ഫുഡുകളുടെ വർധിച്ച ഉപയോഗം
• മാനസിക സമ്മർദം
• ആന്റിബയോട്ടിക്കുകളുടെ പതിവായ ഉപയോഗം
• അനാരോഗ്യകരമായ ജീവിതശൈലികൾ
ഈ ഘടകങ്ങൾ നേരിട്ട് ഐ ബി ഡിക്ക് കാരണമാകുന്നില്ലെങ്കിലും, രോഗപ്രവണതയുള്ള വ്യക്തികളിൽ രോഗവികസനത്തിന് വഴിവെക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആഗോളതലത്തിൽ ഐ ബി ഡി അപൂർവ രോഗമായി കണക്കാക്കപ്പെടുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇവ അവഗണിക്കരുത്
താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അവഗണിക്കരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു:
● മലത്തിൽ രക്തസാന്നിധ്യം
● ആഴ്ചകളായി തുടരുന്ന വയറിളക്കം
● കാരണമില്ലാത്ത ശരീരഭാരം കുറയൽ
● കഠിനമായ ക്ഷീണം അല്ലെങ്കിൽ ബലഹീനത
നേരത്തെയുള്ള പരിശോധനകൾ രോഗം വേഗത്തിൽ തിരിച്ചറിയുന്നതിനും ഫലപ്രദമായ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനും സഹായകരമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ഐ ബി ഡിയിൽ പോഷകാഹാരത്തിന്റെ പങ്ക്
ഐ ബി ഡി ഉള്ളവരിൽ ആരോഗ്യനിലയും ജീവിത നിലവാരവും നിലനിർത്തുന്നതിൽ പോഷകാഹാരം പ്രധാനമാണ്. രോഗം ഫ്ലെയർ-അപ്പ് (ലക്ഷണങ്ങൾ സജീവം) ഘട്ടത്തിലും റിമിഷൻ (ലക്ഷണങ്ങൾ കുറവ്) ഘട്ടത്തിലും വ്യത്യസ്ത ഭക്ഷണക്രമം ആവശ്യമായേക്കാം.
ഫ്ലെയർ-അപ്പ് സമയത്ത് എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ, നാര് കുറഞ്ഞ ഭക്ഷണങ്ങൾ, എരിവു കുറഞ്ഞ ഭക്ഷണങ്ങൾ എന്നിവ സഹായകരമാണ്.
ഫ്ലെയർ-ഡൗൺ ഘട്ടത്തിൽ സമതുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ശിപാർശ ചെയ്യുന്നു.
ഐ ബി ഡി രോഗികളിൽ ഇരുമ്പ്, വിറ്റാമിൻ B12, വിറ്റാമിൻ D, കാൽസ്യം, ഫോളേറ്റ് എന്നിവയുടെ കുറവ് കാണാൻ സാധ്യതയുണ്ട്.
നാരുകൾ കുറവായിട്ടുള്ള ഭക്ഷണം ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരില്ല. രോഗാവസ്ഥ മൂർധന്യത്തിലിരിക്കുമ്പോൾ നാരുകൾ അടങ്ങിയ ഭക്ഷണം പരിമിതപ്പെടുത്തണം. അല്ലാത്ത സമയം നാരുകളടങ്ങിയ ഭക്ഷണം ക്രമേണ കൂട്ടാവുന്നതാണ്.
ഓട്സ്, പഴം പോലുള്ള വെള്ളത്തിൽ ലയിക്കുന്ന നാരുകളുള്ള ഭക്ഷണങ്ങൾ സാധാരണയായി രോഗലക്ഷണങ്ങളെ മെച്ചപ്പെടുത്തും. എന്നാൽ ബ്രാൻ, പാകം ചെയ്യാത്ത പച്ചക്കറികൾ പോലുള്ള വെള്ളത്തിൽ ലയിക്കാത്ത നാരുള്ള ഭക്ഷണങ്ങൾ സജീവമായുള്ള സമയത്ത് ലക്ഷണങ്ങൾ വഷളാക്കാൻ സാധ്യതയുണ്ട്.
വിളർച്ച ഐ ബി ഡിയുടെ പരിണിതഫലം
ഐ ബി ഡി രോഗികളിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വിളർച്ച. ഇരുമ്പിന്റെ കുറവ്, വിട്ടുമാറാത്ത വീക്കം, വിറ്റാമിൻ B12, ഫോളേറ്റ് എന്നിവയുടെ കുറവ് തുടങ്ങിയ ഘടകങ്ങളാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. വിളർച്ച മൂലം ക്ഷീണം, ബലഹീനത, തലകറക്കം, ഊർജക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. അതിനാൽ, പതിവായ ആരോഗ്യനിരീക്ഷണവും നേരത്തെയുള്ള ചികിത്സയും അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
ഐ ബി ഡി ഒരു വിട്ടുമാറാത്ത രോഗമായിരുന്നാലും നേരത്തെയുള്ള കണ്ടെത്തൽ, ശരിയായ വൈദ്യചികിത്സ, ആരോഗ്യകരമായ ജീവിതശൈലി, ക്രമബദ്ധമായ ഭക്ഷണക്രമം എന്നിവയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്നതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. വിട്ടുമാറാത്ത ദഹന പ്രശ്നങ്ങളെ അവഗണിക്കരുതെന്ന സന്ദേശമാണ് കൂടുതൽ പ്രാധാന്യമാർജിക്കുന്നത്. ശരിയായ അവബോധവും സമയബന്ധിതമായ മെഡിക്കൽ ഇടപെടലും വഴി ദീർഘകാല ആരോഗ്യവും ജീവിതനിലവാരവും ഗണ്യമായി മെച്ചപ്പെടുത്താനാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങളെയും പ്രധാന മുന്നറിയിപ്പ് സൂചനകളെയും ഒരിക്കലും അവഗണിക്കരുതെന്ന സന്ദേശം സമൂഹത്തിലേക്ക് വ്യാപകമായി എത്തിക്കപ്പെടണം.
Content Highlights:
Inflammatory Bowel Disease or IBD causes chronic inflammation and ulcers in the digestive tract. Main types include Crohn’s disease and ulcerative colitis, which are rising globally due to genetic and lifestyle factors. Proper medical care, regular follow-ups, and a balanced diet can effectively manage the condition.



