Connect with us

Editorial

മനുഷ്യവിഭവ വിനിയോഗവും ഇന്ത്യയും

മനുഷ്യവിഭവം ഉപയോഗപ്പെടുത്തുന്നതില്‍ കൃത്യമായ പ്ലാനിംഗും പദ്ധതികളും ഉണ്ടെങ്കിലേ ഇന്ത്യയുടെ വളര്‍ച്ചയും സാമ്പത്തിക മുന്നേറ്റവും ശക്തിപ്പെടുകയുള്ളൂ. പ്രകൃതി വിഭവങ്ങള്‍ കുറഞ്ഞ ജപ്പാന്‍ വികസനത്തിലേക്ക് കുതിച്ചത് രാജ്യത്തെ മനുഷ്യവിഭവം ആസൂത്രിതമായി ഉപയോഗപ്പെടുത്തിയത് കൊണ്ടാണ്.

Published

|

Last Updated

ഭൂമിയിലെ ഏറ്റവും മൂല്യമേറിയ വിഭവമാണ് മനുഷ്യവിഭവം. ഒരു രാജ്യത്തിന്റെ വികസനത്തിലും വളര്‍ച്ചയിലും മുഖ്യ പങ്കുവഹിക്കുന്നത് മനുഷ്യവിഭവമാണ്. മനുഷ്യപ്രയത്‌നമാണ് നാം ജീവിക്കുന്ന ഭൂമിയെ വാസയോഗ്യവും സൗകര്യപ്രദവുമാക്കിയത്. വികസിതം, അവികസിതം എന്നിങ്ങനെ രണ്ടായി തരം തിരിച്ചാണ് ലോക രാഷ്ട്രങ്ങളെ കണക്കാക്കുന്നത്. വികസിത രാജ്യങ്ങള്‍ ആ ഗണത്തിലെത്തിപ്പെട്ടത് മനുഷ്യവിഭവത്തിന്റെ സഹായത്തോടെയാണ്. ലോകത്ത് മനുഷ്യവിഭവം ഏറ്റവും കൂടുതലുള്ള രാജ്യമിന്ന് ഇന്ത്യയാണ്. യുനൈറ്റഡ് നാഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ (യു എന്‍ എഫ് പി എ) ഏറ്റവും പുതിയ റിപോര്‍ട്ടനുസരിച്ച് 144.17 കോടി വരും നിലവില്‍ ഇന്ത്യന്‍ ജനസംഖ്യ. തൊട്ടടുത്ത് നില്‍ക്കുന്ന ചൈനയിലെ ജനസംഖ്യ 142.5 കോടിയാണ്.
എന്നാല്‍ ജനസംഖ്യാപരമായ ഈ വളര്‍ച്ചയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ ചൈനക്കും കൊറിയക്കും പിന്നാലെയാണ് ഇന്ത്യ. 2047ഓടെ ഇന്ത്യയെ വികസിത സമ്പദ് ഘടനയുള്ള രാജ്യമാക്കി മാറ്റുന്നത് സംബന്ധിച്ച് ജോര്‍ജ് വാഷിംഗ്ടണില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കവെ, റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനാണ് ജനസംഖ്യാപരമായ നേട്ടങ്ങള്‍ ഇന്ത്യ ശരിയായി കൊയ്‌തെടുക്കുന്നില്ലെന്നും ചൈനയേക്കാളും കൊറിയയേക്കാളും ആറ് ശതമാനം കുറവാണ് മനുഷ്യവിഭവ ശേഷി വിനിയോഗത്തിലെ ഇന്ത്യയുടെ വളര്‍ച്ചയെന്നും ചൂണ്ടിക്കാണിച്ചത്. മാനുഷിക മൂലധന വിനിയോഗത്തിന്റെ തോത് മെച്ചപ്പെടുത്തിയെങ്കിലേ വികസിത സമ്പദ്ഘടനയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് ഗതിവേഗം വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്ത് ചൈന അത്യപൂര്‍വമായ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയെ തളര്‍ത്താന്‍ അമേരിക്ക വ്യാപാര നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ പല മാര്‍ഗങ്ങളും പയറ്റിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ചൈനയുടെ വികസന, സാമ്പത്തിക കുതിപ്പ് തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. 2024ല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യപാദത്തില്‍ ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 5.3 ശതമാനമായി ഉയര്‍ന്നതായി നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തേ കണക്കാക്കിയ വളര്‍ച്ച 4.8 ശതമാനമായിരുന്നു. മനുഷ്യവിഭവം ഉപയോഗപ്പെടുത്തുന്നതിലെ വിജയമാണ് ഈ വളര്‍ച്ച സാധ്യമാക്കിയതിലെ പ്രധാന ഘടകം.
നേരത്തേ ലോക ജനസംഖ്യയില്‍ ഒന്നാമതായിരുന്ന കാലത്ത് ജനസംഖ്യ കുറക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു ചൈന. 1980ല്‍ ഒറ്റക്കുട്ടി നിയമം കൊണ്ടുവരികയും നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കുകയും ചെയ്തു. ഒന്നിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടയുകയുമുണ്ടായി. ജനന നിയന്ത്രണം ചൈനയുടെ വളര്‍ച്ചയെ ബാധിക്കുമെന്നായപ്പോള്‍ നിയമത്തില്‍ അവര്‍ക്ക് അയവ് വരുത്തേണ്ടി വന്നു. ഒറ്റക്കുട്ടി നിയമം പരിഷ്‌കരിച്ചു. 2016ല്‍ രണ്ട് കുട്ടികളാകാമെന്നും 2021ല്‍ മൂന്ന് കുട്ടികളാകാമെന്നും ഇളവ് വരുത്തി. ഒന്നിലധികം കുട്ടികളുള്ളവര്‍ക്ക് നികുതിയിളവ്, ദീര്‍ഘകാല പ്രസവാവധി, ഹൗസിംഗ് സബ്‌സിഡി തുടങ്ങിയ ആനുകൂല്യങ്ങളും ആദ്യത്തെയും രണ്ടാമത്തെയും കുട്ടികള്‍ക്ക് യഥാക്രമം 7,500 യുവാന്‍ (90,610 രൂപ), 11,000 യുവാന്‍ (1,32,890 രൂപ) എന്നിങ്ങനെ പ്രോത്സാഹന ധനവും പ്രഖ്യാപിച്ചു.
മനുഷ്യ വിഭവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ചൈനയുടെ ഈ നടപടി. ഇതിനു സമാനം മനുഷ്യവിഭവം ഉപയോഗപ്പെടുത്തുന്നതില്‍ കൃത്യമായ പ്ലാനിംഗും പദ്ധതികളും ഉണ്ടെങ്കിലേ ഇന്ത്യയുടെ വളര്‍ച്ചയും സാമ്പത്തിക മുന്നേറ്റവും ശക്തിപ്പെടുകയുള്ളൂ. പ്രകൃതി വിഭവങ്ങള്‍ കുറഞ്ഞ ജപ്പാന്‍ വികസനത്തിലേക്ക് കുതിച്ചത് രാജ്യത്തെ മനുഷ്യവിഭവം ആസൂത്രിതമായി ഉപയോഗപ്പെടുത്തിയത് കൊണ്ടാണ്. ആഫ്രിക്കന്‍ രാജ്യങ്ങളുടെ പിന്നോട്ടടിക്കു കാരണമാകട്ടെ മനുഷ്യവിഭവം ഉപയോഗപ്പെടുത്തുന്നതിലെ അജ്ഞതയും ബോധമില്ലായ്മയും. ജനസംഖ്യാ വളര്‍ച്ച നെഗറ്റീവായല്ല, പോസിറ്റീവായാണ് കാണേണ്ടത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് രാജ്യത്തെ മനുഷ്യവിഭവം ഇവിടെ തന്നെ ഉപയോഗപ്പെടുത്താന്‍ സാധിക്കണം. റോബോട്ടുകളുടെയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെയും യുഗമാണിതെങ്കിലും മനുഷ്യവിഭവത്തിനു തുല്യമല്ല അവയൊന്നും. മനുഷ്യബുദ്ധിയെ കവച്ചു വെക്കാന്‍ ശേഷിയില്ല അത്തരം ടെക്‌നോളജികള്‍ക്കൊന്നും. മനുഷ്യവിഭവത്തിനു തുല്യം മനുഷ്യവിഭവം മാത്രം.
ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു വരികയാണെന്ന ഇന്റര്‍ നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപോര്‍ട്ട് പുറത്തു വന്നത് അടുത്തിടെയാണ്. മനുഷ്യവിഭവം ഉപയോഗപ്പെടുത്തുന്നതിലെ ഭരണകൂട പരാജയത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രതിവര്‍ഷം രണ്ട് കോടി എന്ന തോതില്‍ അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതെങ്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ കനത്ത പരാജയമാണ് സര്‍ക്കാര്‍. ഇതര രാഷ്ട്രങ്ങളിലേക്കുള്ള യുവതയുടെ കുടിയേറ്റം വര്‍ധിക്കുകയും ഇന്ത്യയില്‍ വിനിയോഗിക്കപ്പെടേണ്ട അവരുടെ വിഭവശേഷി ഇതര രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ അനന്തര ഫലം. ഉപരി പഠനത്തിന്റെ പേരിലാണ് ഇന്ത്യന്‍ യുവത യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ സ്റ്റേറ്റുകളിലേക്കും കുടിയേറി അവിടെ സ്ഥിരതാമസമാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം 2021ല്‍ 4,44,553 ആയിരുന്നു ഉപരി പഠനത്തിന് വിദേശത്തേക്ക് പറന്ന വിദ്യാര്‍ഥികളുടെ എണ്ണമെങ്കില്‍ 2022ല്‍ 7,50,365 ആയി ഉയര്‍ന്നു. ഓരോ വര്‍ഷവും ഇവരുടെ തോത് കുത്തനെ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിച്ചും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും രാജ്യത്തെ യുവതയുടെ കുടിയേറ്റത്തിന് തടയിടേണ്ടതുണ്ട്.

Latest