Connect with us

National

ഭവന തട്ടിപ്പ്: ഹരിയാനയിലും രാജസ്ഥാനിലുമായി 944 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

ഇരു സംസ്ഥാനങ്ങളിലുമായി വീട് വാങ്ങിയ 1,500ലധികം പേര്‍ക്ക് ഭവന യൂണിറ്റുകള്‍ വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി നടപടി

Published

|

Last Updated

ചണ്ഡീഗഡ് | ഹരിയാനയിലും രാജസ്ഥാനിലുമായുള്ള ഭവന തട്ടിപ്പ് കേസുകളില്‍ 944 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. ഇരു സംസ്ഥാനങ്ങളിലുമായി വീട് വാങ്ങിയ 1,500ലധികം പേര്‍ക്ക് ഭവന യൂണിറ്റുകള്‍ വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി നടപടി സ്വീകരിച്ചത്. പല്‍വാള്‍, ഫരീദാബാദ്, റെവാരി, ഭിവാഡി എന്നിവിടങ്ങളിലുള്ള ഭവന പദ്ധതികളുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. പണം നല്‍കിയിട്ടും വീടുകള്‍ വാങ്ങിയവര്‍ക്ക് കൈവശാവകാശം നിഷേധിക്കപ്പെട്ടതായാണ് ഇ ഡി വ്യക്തമാക്കുന്നത്.

പീയൂഷ് കോളനിസേഴ്സ് ലിമിറ്റഡ്, ഈ കമ്പനിയുടെ മുന്‍ പ്രൊമോട്ടര്‍മാര്‍, ഇവരുമായി ബന്ധപ്പെട്ട ബിസിനസ് സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരുടെ കൈവശം വച്ചിരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന ഇ ഡി പ്രസ്താവനയില്‍ അറിയിച്ചു. നാല് ഇടങ്ങളിലായുള്ള പദ്ധതി ഭൂമി, ഫ്‌ളാറ്റുകള്‍, കൃഷിഭൂമി, വാണിജ്യ സ്ഥലങ്ങള്‍ എന്നിവ കണ്ടുകെട്ടിയ ആസ്തികളില്‍ ഉള്‍പ്പെടുന്നു. പല്‍വാളില്‍ 63 ഏക്കര്‍, ഭിവാഡിയില്‍ 62 ഏക്കര്‍, ധാരുഹേരയില്‍ ഏഴ് ഏക്കര്‍, ഫരീദാബാദില്‍ 19,000 ചതുരശ്ര അടി വാണിജ്യ സ്ഥലം എന്നിവയാണ് പദ്ധതി ഭൂമിയില്‍ ഉള്‍പ്പെടുന്നത്.

1860 ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഹരിയാന പോലീസ്, ന്യൂഡല്‍ഹിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ ഒ ഡബ്ല്യു), സി ബി ഐ എന്നിവ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ഇ ഡി വ്യക്തമാക്കി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest