Connect with us

Kerala

ബ്ലാസ്‌റ്റേഴ്‌സ്- ഹൈദരാബാദ് എഫ്‌ സി മത്സരത്തിന് ഇനി മണിക്കൂറുകൾ; ആവേശപ്പറമ്പായി കൊച്ചി

ഐ എസ് എൽ ലീഗ് റൗണ്ടിലെ അവസാന മത്സരമാണ് കൊച്ചിയിൽ നടക്കുന്നത്

Published

|

Last Updated

കൊച്ചി | ഐ എസ് എലിൽ രണ്ട് എവേ തോൽവിക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തിലിറങ്ങാൻ ഇനി മണിക്കൂറുകൾ. അവസാന ലീഗ് മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌ സിയാണ് എതിരാളി. വൈകിട്ട് 7.30നാണ് മത്സരം. ലീഗ് റൗണ്ടിലെ അവസാന മത്സരം കൂടിയാണിത്. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് സെമി ഫൈനലും ആദ്യ ആറ് സ്ഥാനങ്ങളിലെത്തി ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫും ഉറപ്പാക്കിയിട്ടുണ്ട്.

ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളിന് എ ടി കെ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതോടെ സ്വന്തം മൈതാനത്ത് പ്ലേ ഓഫ് കളിക്കാമെന്ന ബ്ലാസ്റ്റേഴ്സിന്റെ മോഹം പൊലിഞ്ഞു. നിലവിൽ 19 മത്സരങ്ങളിൽ നിന്ന് പത്ത് ജയവുമായി  31 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. ആദ്യ രണ്ട് സ്ഥാനക്കാരായി മുംബൈ സിറ്റി എഫ്‌ സിയും ഹൈദരാബാദും സെമി ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞു.

രണ്ട് പ്ലേഓഫ് മത്സരങ്ങളിലെ വിജയികളാണ് ഇനി സെമിയിൽ പ്രവേശിക്കുക. മാർച്ച് മൂന്നിന് നടക്കുന്ന ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ബെംഗളൂരുവിലാണ് മത്സരം.

മാർച്ച് നാലിന് രണ്ടാം പ്ലേ ഓഫിൽ എ ടി കെ ഒഡീഷയെ നേരിടും. ആദ്യ പ്ലേ ഓഫിൽ ടേബിളിലെ മൂന്നും നാലും സ്ഥാനക്കാർക്കാണ് ഹോം ഗ്രൗണ്ടിൽ പ്ലേ ഓഫ് കളിക്കാനാകുക. മാർച്ച് ഏഴ് മുതൽ സെമി ഫൈനലുകൾ നടക്കും. മാർച്ച് 18നാണ് ഫൈനൽ.

Latest