Editorial
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആശുപത്രികള്‍
സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുള്ള അധികൃതരുടെ വീഴ്ച മൂലം രാജ്യത്തെ ആശുപത്രികളില്‍ തീപ്പിടിത്ത അത്യാഹിതങ്ങള്‍ പതിവു വാര്‍ത്തയായി മാറിയിരിക്കുന്നു. ഡല്‍ഹിയില്‍ സംഭവിച്ചതു പോലുള്ള ഒരു അത്യാഹിതത്തിനു കാത്തുനില്‍ക്കാതെ ഇത്തരം കാര്യങ്ങളില്‍ ആശുപത്രി അധികൃതരും സര്‍ക്കാറും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കിഴക്കന്‍ ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമായിരുന്നില്ല. തീപ്പിടിത്തമോ അപകടങ്ങളോ സംഭവിച്ചാല്‍ പെട്ടെന്ന് പുറത്തു കടക്കാനുള്ള എമര്‍ജന്‍സി എക്‌സിറ്റുകള്‍ ഇല്ല. മാര്‍ച്ച് 31ന് അവസാനിച്ച ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ (ഡി ജി എച്ച് എസ്) ലൈസന്‍സ് ആശുപത്രി പുതുക്കിയിരുന്നില്ല. അഞ്ച് കുട്ടികളെ കിടത്തി ചികിത്സിക്കാന്‍ അനുമതിയുള്ള സ്ഥാപനത്തില്‍ സംഭവ സമയത്ത് 12 കുട്ടികളെ അഡ്മിറ്റ് ചെയ്തിരുന്നു. എല്ലാത്തിലുമുപരി ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നവജാത ശിശുക്കളെ ചികിത്സിക്കാനുള്ള യോഗ്യത ഇല്ലായിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുരേന്ദ്ര ചൗധരി വ്യക്തമാക്കി.
ശനിയാഴ്ച അര്‍ധരാത്രിയാണ് ഡല്‍ഹിയിലെ ന്യൂ ബോണ്‍ ബേബി കെയര്‍ ഹോസ്പിറ്റലില്‍ സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള ആശുപത്രിയുടെ താഴെ നിലയില്‍ ഓക്‌സിജന്‍ ഫില്ലിംഗ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. ഈ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിക്കു പിന്നാലെയായിരുന്നു തീപ്പിടിത്തം. സംഭവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ചു. പൊള്ളലേറ്റ അഞ്ച് കുഞ്ഞുങ്ങള്‍ ചികിത്സയിലാണ്. തീ പടര്‍ന്ന് ആശുപത്രിയോട് തൊട്ടുകിടക്കുന്ന കെട്ടിടങ്ങളും ഭാഗികമായി നശിച്ചു.
സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുള്ള അധികൃതരുടെ വീഴ്ച മൂലം രാജ്യത്തെ ആശുപത്രികളില്‍ തീപ്പിടിത്ത അത്യാഹിതങ്ങള്‍ പതിവു വാര്‍ത്തയായി മാറിയിരിക്കുന്നു. 2021 ആഗസ്റ്റില്‍ കൊവിഡ് കാലത്ത് ഗുജറാത്തിലെ അഹമ്മദാബാദിലെയും രാജ്‌കോട്ടിലെയും മെയില്‍ ഭറൂച്ചിലെയും ആശുപത്രികളില്‍ അഗ്നിബാധയുണ്ടാകുകയും യഥാക്രമം എട്ടും ആറും 18ഉം പേര്‍ പൊള്ളലേറ്റ് മരിക്കുകയും ചെയ്തു. കൊവിഡില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന്റെ പേരില്‍ ആളുകളെ തീയിട്ടു കൊല്ലുകയാണോ എന്നാണ് സംസ്ഥാന സര്‍ക്കാറിനോട് ഗുജറാത്ത് ഹൈക്കോടതി അന്ന് ചോദിച്ചത്. ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങളോ അനുമതിയോ ഇല്ലാതെയാണ് സംസ്ഥാനത്തെ പല ആശുപത്രികളും പ്രവര്‍ത്തിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. 2016ല്‍ ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും എസ് യു എം ഹോസ്പിറ്റലിലുമുണ്ടായ അഗ്നിബാധയില്‍ 20 പേര്‍ മരണപ്പെട്ടു. 2011ല്‍ കൊല്‍ക്കത്ത എ എം ആര്‍ ഐ ഹോസ്പിറ്റലിലുണ്ടായ അഗ്നിബാധയില്‍ 89 പേരാണ് മരിച്ചത്.
ഗുണനിലവാരമുള്ള ചികിത്സക്കായി നിര്‍ദേശിക്കപ്പെട്ട സജ്ജീകരണങ്ങള്‍ സംവിധാനിക്കാത്ത ആശുപത്രികള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. 2022 സെപ്തംബറില്‍ തെലങ്കാനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 103 സ്വകാര്യ ആശുപത്രികള്‍ കണ്ടുകെട്ടുകയും 75 ആശുപത്രികള്‍ക്ക് പിഴ ചുമത്തുകയും 633 ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഈ ഘട്ടത്തില്‍ തെലങ്കാനയിലെ 2,058 സ്വകാര്യ ആശുപത്രികളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍, മിക്കതിലും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ബയോ-മെഡിക്കല്‍ മാലിന്യ സംസ്‌കരണ സംവിധാനവും ഇല്ലെന്ന് കണ്ടെത്തി. യോഗ്യതയില്ലാത്ത ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ജോലി ചെയ്യുന്നതായും അന്വേഷണ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിലെ 104 ആശുപത്രികള്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണെന്ന് 2021 ഡിസംബര്‍ 22ന് ഗുജറാത്ത് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
കര്‍ണാടകയില്‍ 2019ല്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 81 ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഉത്തരവിട്ടിരുന്നു. 156 ആശുപത്രികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. സിലിന്‍ഡറുകളും രാസവസ്തുക്കളും സൂക്ഷിക്കുന്നയിടങ്ങളാണ് ആശുപത്രികള്‍. രോഗികളില്‍ പലരും അനങ്ങാന്‍ കഴിയാത്തവരോ മോശമായ അവസ്ഥയിലുള്ളവരോ ആയതിനാല്‍ തീപ്പിടിത്തമുണ്ടായാല്‍ ഓടി രക്ഷപ്പെടാന്‍ സാധിക്കുകയില്ലെന്നും ഇക്കാര്യത്തില്‍ ആവശ്യമായ കരുതല്‍ നടപടികള്‍ അനിവാര്യമാണെന്നും ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് എ ഡി ജി പി സുനില്‍ അഗര്‍വാള്‍ നോട്ടീസില്‍ ആശുപത്രി അധികൃതരെ ഉണര്‍ത്തി. മഹാരാഷ്ട്രയില്‍ 2016ല്‍, ബയോമെട്രിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താത്ത ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലിനിക്കുകള്‍, പത്തോളജി ലാബുകള്‍ തുടങ്ങി മുന്നൂറോളം മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. 2016ലെ കണക്കനുസരിച്ച് ഒഡിഷയിലെ 500 സ്വകാര്യ ആശുപത്രികളില്‍ മൂന്ന് കോര്‍പറേറ്റ് ആശുപത്രികള്‍ക്ക് മാത്രമാണ് അഗ്നിസുരക്ഷാ സര്‍ട്ടിഫിക്കറ്റുള്ളത്. ഒഡിഷ സര്‍ക്കാറിന്റെ മെഡിക്കല്‍ ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടരുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2011ലെ കൊല്‍ക്കത്ത എ എം ആര്‍ ഐ ഹോസ്പിറ്റലിലെ തീപ്പിടിത്തത്തിനു ശേഷം മെഡിക്കല്‍ സ്ഥാപനങ്ങള്‍ അനിവാര്യമായും പാലിക്കേണ്ട അഗ്നിസുരക്ഷാ മാര്‍ഗങ്ങളും നിര്‍ദേശങ്ങളും കേന്ദ്രവും സംസ്ഥാനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ തുടര്‍ നടപടികളുണ്ടായില്ല. കേരളത്തിലുമുണ്ട് തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആശുപത്രികള്‍. 2023 മെയില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ ആക്രമണത്തില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പോലീസ് ഔട്ട് പോസ്റ്റുകള്‍, സി സി ടി വി തുടങ്ങി മെഡിക്കല്‍ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായുള്ള സംവിധാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചു വരുന്നുണ്ട് ബന്ധപ്പെട്ടവര്‍. അതേസമയം അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പോലുള്ള, രോഗികളുള്‍പ്പെടെ ആശുപത്രികളുടെ മൊത്തം സുരക്ഷിതത്വത്തിനുള്ള സംവിധാനങ്ങളില്‍ വേണ്ടത്ര നിഷ്‌കര്‍ഷത പുലര്‍ത്തുന്നില്ല. ഡല്‍ഹിയില്‍ സംഭവിച്ചതു പോലുള്ള ഒരു അത്യാഹിതത്തിനു കാത്തുനില്‍ക്കാതെ ഇത്തരം കാര്യങ്ങളില്‍ ആശുപത്രി അധികൃതരും സര്‍ക്കാറും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.


