Connect with us

Kerala

വിദ്വേഷ പരാമര്‍ശം: ഗുരുവായൂരിലെ ബി ജെ പി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് മൂന്നു വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്

Published

|

Last Updated

തിരുവനന്തപുരം | ക്ഷേത്ര നഗരമായ ഗുരുവായൂരുമായി ബന്ധപ്പെട്ട വിദ്വേഷ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയും ബി ജെ പി നേതാവുമായ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. ഗുരുവായൂര്‍ റിട്ടേണിംഗ് ഓഫീസറുടെ പരാതിയില്‍ മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് കേസെടുത്തത്. പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് കേസ്. ചുമത്തിയത് മൂന്നു വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം.

ജനപ്രാതിനിധ്യ നിയമം,1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം പരാതിയില്‍ കേസെടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെ പി സ്ഥാനാര്‍ഥിയായ ബി. ഗോപാലകൃഷ്ണന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റിയും കെ എസ് യു ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു.

48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എം എല്‍ എ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങള്‍ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എം എല്‍ എ ഉണ്ടായില്ലെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു. മലപ്പുറം ജില്ലയെ കുറിച്ചും അദ്ദേഹം വിദ്വേഷപരമായ പരാമര്‍ശം നടത്തി. മലപ്പുറത്ത് സംവരണ മണ്ഡലങ്ങളില്‍ ഒഴികെ മറ്റൊരിടത്തും ഹൈന്ദവ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ കാണാനില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

Latest