Connect with us

Kerala

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍ കോണ്‍ഗ്രസ് ഓഫീസില്‍ എത്തി

കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയാല്‍ ആദര്‍ശ ധീരന്‍ എന്ന പ്രതിച്ഛായ തകരുമെന്നും സി പി എമ്മില്‍ നിന്നു ലഭിക്കുമെന്നു കരുതുന്ന വോട്ട് കിട്ടാതാവുമെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്റെ മുന്‍ നിലപാട്

Published

|

Last Updated

കണ്ണൂര്‍ | സി പി എം പുറത്താക്കിയതിനെത്തുടര്‍ന്നു സ്വതന്ത്രനായി മത്സരിക്കുന്ന പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്‍ കോണ്‍ഗ്രസ് ഓഫീസില്‍ എത്തി. പത്രിക നല്‍കുന്നതിന് മുന്‍പ് യു ഡി എഫ് വേദികളില്‍ എത്താമെന്ന് കുഞ്ഞികൃഷ്ണന്‍ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയാല്‍ ആദര്‍ശ ധീരന്‍ എന്ന പ്രതിച്ഛായ തകരുമെന്നും സി പി എമ്മില്‍ നിന്നു ലഭിക്കുമെന്നു കരുതുന്ന വോട്ട് കിട്ടാതാവുമെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്റെ മുന്‍ നിലപാട്. വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം സഹകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരാതിയുണ്ടായിരുന്നു.

അതിനിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി ഐ മധുസൂദനെ ഗുണ്ടാത്തലവനെന്ന് പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് വി കുഞ്ഞികൃഷ്ണനെതിരെ എല്‍ ഡി എഫ് പരാതി നല്‍കിയിട്ടുണ്ട്. എല്‍ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി സന്തോഷാണ് കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കിയത്. മണ്ഡലം തെരഞ്ഞെടുപ്പ് വരണാധികാരി, കണ്ണൂര്‍ ജില്ലാ കലക്ടര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി, പയ്യന്നൂര്‍ പോലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

കണ്ടോത്ത് മുക്കിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വി കുഞ്ഞികൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചുവെന്നും അത് സ്ഥലമുടമയുടെ ആവശ്യപ്രകാരം പൊളിച്ചുമാറ്റേണ്ടി വന്നതിന് കാരണം ടി ഐ മധുസൂദനന്റെ ഗുണ്ടകളാണെന്നും വി കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ടെലിവിഷന്‍ ചാനലുകള്‍ വഴിയും പ്രചരിപ്പിച്ചിരുന്നു. ഓഫീസ് പൊളിച്ചുനീക്കാനിടയായ സംഭവവുമായി എല്‍ ഡി എഫിനും സ്ഥാനാര്‍ഥിക്കും യാതൊരു ബന്ധവുമില്ലെന്നും ഈ വ്യാജപ്രചരണം തെരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

 

Latest