Connect with us

Kasargod

ചരിത്രവഴികളിലെ പേരോല്‍ ബസാര്‍; പ്രതാപത്തിന്റെ ഓര്‍മ്മകളുമായി ഒരു ജനപഥം

ജനങ്ങള്‍ എപ്പോഴും തടിച്ചുകൂടിയിരുന്ന ഈ കവല നാടിന്റെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങളുടെ ഹൃദയമിടിപ്പായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പഴയകാല സ്മരണകള്‍.

Published

|

Last Updated

നീലേശ്വരം |  നീലേശ്വരം പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെ നാടിന്റെ പ്രതാപമുള്‍ക്കൊണ്ട് സകലതിനും നാട്ടുകാരും മലയോരവാസികളും ആശ്രയിച്ചിരുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന പേരോല്‍ ബസാറിന്റെ ചരിത്രം പുതുതലമുറയ്ക്ക് ഒരത്ഭുതമായി മാറുന്നു. അക്കാലത്ത് ചീനകളിലൂടെയും കാളവണ്ടികളിലുമായിരുന്നു ഇവിടേക്ക് ആവശ്യമായ വിഭവങ്ങള്‍ എത്തിച്ചിരുന്നത്. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ അലോപ്പതി-ആയുര്‍വേദ മരുന്നുകള്‍ വരെ ലഭിക്കുന്ന, ‘ഉപ്പുതൊട്ട് കര്‍പ്പൂരം വരെ’ ഒരു കുടക്കീഴില്‍ ഒരുക്കിയ മറ്റൊരു വിപണി അന്നുണ്ടായിരുന്നില്ല. പേരോല്‍ വില്ലേജ് ഓഫീസ്, നീലേശ്വരം പോലീസ് സ്റ്റേഷന്‍, സഹകരണ ബാങ്കുകള്‍, രാസവളം ഡിപ്പോ എന്നിവയ്ക്കൊപ്പം ആരോഗ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ഡോ. മഞ്ജുനാഥ പൈയുടെ ക്ലിനിക്കും ഡോ. മോഹന്‍ദാസ് തുടങ്ങിയവരുടെ സേവനങ്ങളും ഈ ബസാറിനെ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അനാദി കടകള്‍, പച്ചമരുന്ന്-അങ്ങാടി മരുന്ന് കച്ചവടം, പാല്‍ സൊസൈറ്റി, മലഞ്ചരക്ക് കടകള്‍, അലുമിനിയം പാത്രക്കടകള്‍ എന്നിവയാല്‍ ജനനിബിഡമായിരുന്നു ഈ പ്രദേശം.

നിലവിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ഗേറ്റിനടുത്ത് ബസുകള്‍ വന്നിറങ്ങിയിരുന്ന വൈകുന്നേരങ്ങള്‍ പേരോല്‍ ബസാറിനെ കൂടുതല്‍ സജീവമാക്കിയിരുന്നു. വൈകീട്ടായാല്‍ ആളുകളെ കൊണ്ട് നിറയുന്ന ഈ റെയില്‍വേ ഗേറ്റ് പരിസരം അക്കാലത്തെ പ്രമുഖ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ പ്രധാന വേദിയായി മാറി. വലിയൊരു പാലമരവും അതിനടുത്ത് സര്‍വീസ് നടത്താനായി പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ടാക്‌സി കാറുകളും മൂന്നോ നാലോ ഓട്ടോറിക്ഷകളും മാത്രമുണ്ടായിരുന്ന അന്നത്തെ ആ ചെറിയ വാഹന സ്റ്റാന്‍ഡ് നാട്ടുകാരുടെ ഒത്തുചേരലിന്റെ കേന്ദ്രം കൂടിയായിരുന്നു. ജനങ്ങള്‍ എപ്പോഴും തടിച്ചുകൂടിയിരുന്ന ഈ കവല നാടിന്റെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങളുടെ ഹൃദയമിടിപ്പായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പഴയകാല സ്മരണകള്‍.

എന്നാല്‍, എഫ് സി ഐ ഗോഡൗണിന്റെ വരവോടെയാണ് പേരോല്‍ ബസാറിന്റെ പ്രതാപത്തിന് മങ്ങലേറ്റു തുടങ്ങിയതും മാറ്റങ്ങളുടെ തുടക്കം കുറിച്ചതും. തുടര്‍ന്ന് യഥേഷ്ടം വാഹന സൗകര്യങ്ങളും പുതിയ പാലങ്ങളും റോഡുകളും നിലവില്‍ വന്നതോടെ, പേരോല്‍ ബസാറിനെ ആശ്രയിച്ചിരുന്ന വ്യാപാരികളും പൊതുജനങ്ങളും നാടിന്റെ മറ്റു ഭാഗങ്ങളിലേക്ക് കച്ചവടത്തിനായി ചേക്കേറാന്‍ തുടങ്ങി. ക്രമേണ കച്ചവടം കുറയുകയും ആളുകളുടെ ആശ്രയം പരിമിതപ്പെടുകയും ചെയ്തതോടെ പല പ്രമുഖ വ്യാപാരികളും ഇവിടം ഒഴിവാക്കി മറ്റ് വിപണികളിലേക്ക് തങ്ങളുടെ വ്യാപാരം മാറ്റി. ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനും നിലവിലുള്ള പുതിയ സ്ഥലത്തേക്ക് മാറിസ്ഥാപിക്കപ്പെട്ടു. ഇന്ന് പഴയ തലമുറയിലെ ആളുകള്‍ പേരോല്‍ ബസാറിന്റെ ആ സുവര്‍ണ്ണകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ ആശ്ചര്യത്തോടെയും കൗതുകത്തോടെയും കേട്ടിരിക്കുകയാണ് പുതുതലമുറ.

Content Highlights: Perol Bazar was once a premier commercial hub in Nileshwaram, crowded with essential shops, banks, and the local police station. Modern transportation, new infrastructure, and the relocation of key institutions eventually diminished its busy trading prominence. Today, the legendary golden era of this historical market remains alive only in the memories of the older generation.

---- facebook comment plugin here -----

Latest