Connect with us

Articles

ഇവിടെ റബറും രാഷ്ട്രീയം പറയും

വിധിയെഴുതുക 14.08 ലക്ഷം വോട്ടർമാർ

Published

|

Last Updated

ഭൂപ്രകൃതിയിലും സാമൂഹിക സ്വഭാവത്തിലും രാഷ്ട്രീയത്തിലുമെല്ലാം പത്തനംതിട്ട വ്യത്യസ്തമാണ്. മലയോരവും അപ്പർ കുട്ടനാടും ഇടനാടിന്റെ ഭാഗങ്ങളുമെല്ലാം ഉൾപ്പെടുന്ന പ്രദേശം. കുടിയേറ്റവും പട്ടയവും പ്രവാസവും റബറും തൊഴിൽ പ്രശ്നങ്ങളും എല്ലാം കൂടിച്ചേർന്നതാണ് ഇവിടുത്തെ ജീവിതവും രാഷ്ട്രീയവും. ശബരിമലയും എരുമേലിയും മാരാമണ്ണും പരുമലയും മഞ്ഞനിക്കരയും ചെറുകോൽപ്പുഴയും ഉൾപ്പെടെ തീർഥാടന കേന്ദ്രങ്ങളും ഗവിയും അടവിയും അടക്കമുള്ള ടൂറിസം പ്രദേശങ്ങളും മണ്ഡലത്തിലുണ്ട്. 2009ലെ പുനർവിഭജനവേളയിൽ മണ്ഡലം നിലവിൽ വന്ന ശേഷം ഇത് നാലാം തിരഞ്ഞെടുപ്പാണ്. കേരളത്തിൽ തന്നെ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്ന നിയമസഭാ മണ്ഡലങ്ങൾ ഇതിന്റെ പരിധിയിലുണ്ട്. പത്തനംതിട്ട ജില്ലയിലെ അഞ്ചും കോട്ടയം ജില്ലയിലെ രണ്ടും നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പാർലിമെന്റ് മണ്ഡലം. 2009 വരെ പഴയ മാവേലിക്കര, ഇടുക്കി, അടൂർ, മൂവാറ്റുപുഴ ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽപെടുന്നതായിരുന്നു ഈ സ്ഥലങ്ങൾ. 14.08 ലക്ഷം വോട്ടർമാരാണ് വിധി നിർണയിക്കുക.

മാറിവീശുന്ന കാറ്റ്

വിഷയാധിഷ്ഠിതമായി വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന സ്ഥലം കൂടിയാണ് പത്തനംതിട്ട. പുതിയ മണ്ഡലത്തിലെ മൂന്ന് തിരഞ്ഞെടുപ്പുകളിലും കാറ്റ് വീശിയത് വലത്തേക്ക് മാത്രമാണ്. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ അതിനെ കൊടുങ്കാറ്റാക്കി മാറ്റി മണ്ഡലപരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചതിന്റെ നേട്ടവുമായാണ് എൽ ഡി എഫ് കളത്തിലുള്ളത്. ഹാട്രിക് നേട്ടവുമായി നാലാം അങ്കത്തിനാണ് ആന്റോ ആന്റണി ഇറങ്ങിയിരിക്കുന്നത്. സി പി എമ്മിന്റെ പരിണത പ്രജ്ഞനായ ഡോ.ടി എം തോമസ് ഐസക്കിനെ മത്സരിപ്പിക്കുന്നതിന് പിന്നിൽ എങ്ങനെയും മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ. ബി ജെ പി ദേശീയ നേതൃത്വം നേരിട്ട് നിർദേശിച്ച സ്ഥാനാർഥിയാണ് എൻ ഡി എക്ക് വേണ്ടി ജനവിധി തേടുന്നത്. മുതിർന്ന കോൺഗ്രസ്സ്് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയെ ബി ജെ പി കളത്തിലിറക്കിയതിന് പിന്നിൽ ലക്ഷ്യങ്ങൾ പലതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണത്തിന് തുടക്കമിട്ടപ്പോൾ ദേശീയതലത്തിൽ അനിലിന്റെ മത്സരത്തിന് പ്രാധാന്യം വന്നു. 2019ൽ ശക്തമായ വെല്ലുവിളി ഉയർത്തി 13.50 ശതമാനം വോട്ട് അധികമായി ബി ജെ പി സ്വന്തമാക്കിയ മണ്ഡലമാണിത്.
ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ കേന്ദ്രബിന്ദു പത്തനംതിട്ടയായിരുന്നു. അന്ന് മത്സരം യു ഡി എഫും ബി ജെ പിയും തമ്മിൽ എന്ന ഘട്ടം വരെയെത്തി. അവസാന ലാപ്പിൽ എൽ ഡി എഫും ബി ജെ പിയും തമ്മിലുള്ള അന്തരം 39,849 വോട്ടായിരുന്നു. അടൂർ നിയമസഭാ മണ്ഡലത്തിലാകട്ടെ എൽ ഡി എഫ് ഒന്നാമതും ബി ജെ പി രണ്ടാമതുമായിരുന്നു.

കോട്ടയിലെ വിള്ളൽ

പരമ്പരാഗതമായി യു ഡി എഫിന്റെ ഉറച്ച കോട്ടയായിരുന്നു പത്തനംതിട്ട. ജില്ലയുടെ മനസ്സ് തങ്ങൾക്ക് അനുകൂലമെന്ന് യു ഡി എഫ് പറയുന്നതിനു കാരണം ഇതാണ്. കേരളം മൊത്തം ഇടത് തരംഗമുണ്ടായപ്പോഴും പത്തനംതിട്ടയുടെ മനസ്സ് മാറിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊതുവെ കോൺഗ്രസ്സനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടാറുണ്ട്. 2009ലെ ആദ്യ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് 1,11,206 വോട്ടായിരുന്നു ഭൂരിപക്ഷം. 2014ൽ ഇത് 56,191 വോട്ടായും 2019ൽ 44,243 വോട്ടായും കുറഞ്ഞു. ആന്റോ തന്നെ വീണ്ടും സ്ഥാനാർഥിയായപ്പോൾ ഭൂരിപക്ഷത്തിലെ ഈ കുറവ് തന്നെയാണ് എൽ ഡി എഫിന്റെ പ്രതീക്ഷ.
മണ്ഡലപരിധിയിലെ ഏഴ് എം എൽ എമാരും ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും തങ്ങൾക്കൊപ്പമാണെന്ന നേട്ടവും എൽ ഡി എഫിനുണ്ട്.
പത്തനംതിട്ട ചുവന്നുവെന്ന് എൽ ഡി എഫ് അവകാശപ്പെടുന്നതിന് കാരണവും അതാണ്. കേരള കോൺഗ്രസ്സ് എമ്മിന്റെ മുന്നണി മാറ്റം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വാധീനിച്ച മണ്ഡലങ്ങളിലൊന്നാണിത്. പാർട്ടിക്ക് മൂന്ന് എം എൽ എമാരാണ് ലോക്സഭാ മണ്ഡല പരിധിയിലുള്ളത്.
ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങൾ തിരഞ്ഞെടുപ്പിൽ വിഷയമാകുമ്പോൾ ഇരുമുന്നണികളും തങ്ങളുടെ സാഹചര്യങ്ങൾ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ്.