Connect with us

Kerala

കനത്ത മഴ; സംസ്ഥാനത്ത് കെടുതിയും ദുരിതവും രൂക്ഷം

കോട്ടയം ജില്ലയില്‍ രണ്ടു ദിവസത്തിനുളളില്‍ 172 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു.

Published

|

Last Updated

തിരുവനന്തപുരം | മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെടുതിയും ദുരിതവും രൂക്ഷമായി. കോട്ടയം കുറിച്ചിയില്‍ വീടിന്റെ ചുമരിടിഞ്ഞുവീണു. കുറിച്ചി പുത്തന്‍ കോളനി കുഞ്ഞന്‍ കവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആറുപേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു ദിവസത്തിനുളളില്‍ 172 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. മെയ് 24 മുതല്‍ കാറ്റിലും മഴയിലുമായി 534 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

എറണാകുളം ജില്ലയില്‍ രണ്ടുദിവസത്തിനിടെ 19 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഒരുവീട് പൂര്‍ണമായും തകര്‍ന്നു. പറവൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. പൊന്‍മുടി, കല്ലാര്‍ക്കുട്ടി, പാംബ്ല, മലങ്കര ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നത് തുടരുകയാണ്.

കോഴിക്കോട് കുറ്റ്യാടിയില്‍ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരം കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകള്‍ പൊട്ടിവീഴുകയും ചെയ്തു. നിര്‍ത്തിയിട്ട കാറിനും ലോറിക്കും മുകളിലേക്ക് പോസ്റ്റ് വീണ് അപകടമുണ്ടായി. അടുക്കത്ത് നീളംപാറ കമലയുടെ ഓടുമേഞ്ഞ വീടിന് മുകളില്‍ തെങ്ങ് വീണു.

കണ്ണൂരില്‍ ശക്തമായ മഴ തുടരുന്നു. ആറളം കക്കുവാപുഴയിലും ബാവലിപ്പുഴയിലും കുത്തൊഴുക്ക് ശക്തമായതോടെ പുനരധിവാസ മേഖലയില്‍ വെള്ളം കയറി. ബ്ലോക്ക് 13, 11 എന്നിവിടങ്ങളില്‍ നിന്നുമായി അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മാകൂട്ടം ചുരത്തില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റിയതിനുശേഷം ഗതാഗതം പുന:സ്ഥാപിച്ചു.

വയനാട്ടില്‍ തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയമുണ്ട്. പ്രദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍ക്കും, മതപഠന ക്ലാസുകള്‍ക്കും, സ്‌പെഷ്യല്‍ ക്ലാസുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും. ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്സ് വെള്ളം ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest