Connect with us

bank scam

തലപ്പലം ബേങ്ക് തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

കണ്ടെത്തിയത് വൻ സാമ്പത്തിക ക്രമക്കേടുകൾ

Published

|

Last Updated

കോട്ടയം | യു ഡി എഫ് നിയന്ത്രണത്തിലുള്ള തലപ്പലം സർവീസ് സഹകരണ ബേങ്കിലെ വായ്പാ തട്ടിപ്പും അഴിമതിയും സംബന്ധിച്ച് സഹകരണ വകുപ്പ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാർ എല്ലാ സഹകരണ ബേങ്കുകളിലും പ്രത്യേകമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് തലപ്പലം ബേങ്കിലെ വൻ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നത്.
ഇതേത്തുടർന്ന് ബേങ്കിനെതിരെ അംഗങ്ങൾ സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു.
തുടർന്നാണ് കൂടുതൽ അന്വേഷണത്തിന് കോട്ടയം സഹകരണ ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടത്.

സഹകരണ നിയമം 65 പ്രകാരമുള്ള അന്വേഷണമാണ് നടത്തുക. അന്വേഷണ വിഷയങ്ങളും ഉത്തരവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബേങ്ക് പ്രസിഡന്റ് എം ജെ സെബാസ്റ്റ്യൻ (സജി) ചട്ടവിരുദ്ധമായി പരിധിയിൽ കൂടുതൽ ലോണുകൾ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലെടുത്തു.

സ്ഥലത്തിന് വില അധികം കാണിച്ചാണ് വിവിധ ലോണുകൾ നേടിയത്. പ്രസിഡന്റിന്റെ ജാമ്യത്തിലാണ് മറ്റ് ഭരണസമിതി അംഗങ്ങളും ബിനാമികളും വായ്പകൾ തരപ്പെടുത്തിയത്.
ജീവനക്കാരുടെ ഓവർഡ്രാഫ്റ്റ് അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ എൻട്രി വഴി വലിയ തുകകളുടെ കൈമാറ്റങ്ങൾ തുടങ്ങി 35ൽ പരം ഗുരുതര ക്രമക്കേടുകളും ന്യൂനതകളുമാണ് പരിശോധനയിൽ കണ്ടെത്തിയത്. ഒരേ സ്ഥലം ഈടായി കാണിച്ചുള്ള വായ്പയിലും വൻ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട സഹകരണ യൂനിറ്റ് ഇൻസ്‌പെക്ടർ കെ ജെ ജാൻസിമോൾക്കാണ് അന്വേഷണ ചുമതല. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകാനാണ് നിർദേശം.

Latest