National
2027ലെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷകൾ ക്ഷണിച്ചു; നയം പ്രഖ്യാപിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ വഴിയും ഹജ്ജ് സുവിധ ആപ്പ് വഴിയും തീർത്ഥാടകർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം
ന്യൂഡൽഹി | 2027 ലെ ഹജ്ജ് തീർത്ഥാടനത്തിന് യോഗ്യരായ വ്യക്തികളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. പുതിയ ഹജ്ജ് നയം പുറത്തിറക്കി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ വഴിയും ഹജ്ജ് സുവിധ ആപ്പ് വഴിയും തീർത്ഥാടകർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ നടപടികൾ കൂടുതൽ ലളിതവും സുതാര്യവും എല്ലാവർക്കും എളുപ്പത്തിൽ പ്രാപ്യമാകുന്നതുമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സഊദി അറേബ്യയുടെ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പുതിയ നയത്തിൽ മെഡിക്കൽ സ്ക്രീനിംഗ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ന്യൂനപക്ഷ കാര്യ മന്ത്രാലയം വ്യക്തമാക്കി. വിട്ടുമാറാത്ത കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ തീർത്ഥാടനത്തിന് പോകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

കൂടാതെ അപേക്ഷാ നടപടികൾ മുതൽ തീർത്ഥാടനം പൂർത്തിയാകുന്നത് വരെ മുഴുവൻ മാനേജ്മെന്റ് പ്രക്രിയകൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യകൾ മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. എ ഐ സഹായത്തോടെയുള്ള അപേക്ഷകളുടെയും രേഖകളുടെയും പരിശോധന, വിവിധ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള വിമാന സർവീസുകൾ കൃത്യമായി ക്രമീകരിക്കുന്നതിനുള്ള ഡിമാൻഡ് മോഡലിംഗ്, തത്സമയ പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിക്കാൻ യോഗ്യരായ എല്ലാ തീർത്ഥാടകരോടും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. അപേക്ഷാ നടപടികൾ സുതാര്യവും സുഗമവുമായി നടക്കുന്നു എന്ന് ഉറപ്പാക്കാൻ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യക്കും മറ്റ് ബന്ധപ്പെട്ട ഏജൻസികൾക്കും അദ്ദേഹം നിർദ്ദേശം നൽകി. ഇന്ത്യൻ തീർത്ഥാടകർക്ക് സുരക്ഷിതവും സുഖകരവും മാന്യവുമായ ഹജ്ജ് അനുഭവം ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights
The Haj Committee of India has opened online applications for Haj 2027 through its portal and the Haj Suvidha App. Minister Kiren Rijiju announced the new policy, which aligns with Saudi medical screening rules and implements AI solutions for application verification and grievance tracking.

