Connect with us

National

ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി തുടരണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സംസ്‌ഥാനങ്ങളുടെ ഈ ആവശ്യം തികച്ചും ന്യായമാണ്. ഈ വിഷയത്തിൽ പ്രധാന മന്ത്രിയുടെ അനുഭാവപൂർവ്വമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത അഞ്ചു വർഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെ അഭ്യർത്ഥിച്ചു. സംസ്‌ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നാണ് ജൂൺ അവസാനവാരം നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേരളവും മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്‌ഥാനങ്ങളുടെ ഈ ആവശ്യം തികച്ചും ന്യായമാണ്. ഈ വിഷയത്തിൽ പ്രധാന മന്ത്രിയുടെ അനുഭാവപൂർവ്വമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പിലായപ്പോൾ മുതൽ സംസ്ഥാനങ്ങൾക്ക്‌ നേരിട്ട വരുമാനനഷ്ടം പരിഹരിക്കാനാണ്‌ കേന്ദ്രം അഞ്ചുവർഷ കാലയളവിലേക്ക് ജിഎസ്ടി നഷ്ടപരിഹാര തുക ഏർപ്പെടുത്തിയത്. ഈ ജിഎസ്ടി നഷ്ടപരിഹാര കാലയളവ് ജൂൺ മാസത്തോടെ അവസാനിച്ചിരിക്കുകയാണ്. സംസ്‌ഥാനങ്ങളുടെ സാമ്പത്തിക സ്‌ഥിതിയെ കാര്യമായി ബാധിക്കുന്ന ഒരു വിഷയമാണിത്. 2017 ൽ ജിഎസ്ടി നടപ്പിലാക്കിയപ്പോൾ അഞ്ചുവർഷത്തിനകം രാജ്യത്തെ നികുതി വ്യവസ്ഥയും നടപടികളും സ്‌ഥായിയാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതുണ്ടായില്ലെന്ന് മുഖ്യമന്ത്രി കത്തിൽ കൂട്ടിച്ചേർത്തു.

ജിഎസ്‌ടി നിരക്ക് സംസ്ഥാനങ്ങളും കേന്ദ്രവും 60:40 എന്ന അനുപാതത്തിൽ പങ്കിടണമെന്നാണ്‌ വിദഗ്‌ധസമിതി ശുപാർശയെങ്കിലും നിലവിൽ തുല്യമായാണ് ജിഎസ്ടി വരുമാനം വീതിക്കപ്പെടുന്നത്. ജിഎസ്ടിക്ക് ശേഷം സംസ്‌ഥാനങ്ങളുടെ അടിസ്‌ഥാന വാറ്റ് നികുതി നിരക്ക് 14.5 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറഞ്ഞു. സംസ്‌ഥാനങ്ങളനുഭവിക്കുന്ന ഈ നികുതിനഷ്ടങ്ങൾക്ക് പരിഹാരമായാണ് ജിഎസ്ടി നഷ്ടപരിഹാരം വിഭാവനം ചെയ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. കോവിഡ് മഹാമാരി കാരണം സംസ്‌ഥാനങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ കാര്യമായ ഇടിവുസംഭവിച്ചിട്ടുണ്ട്. മഹാമാരിക്ക് മുൻപുള്ള രണ്ടു വർഷവും കേരളം പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ചിരുന്നു.

ഈ അവസ്ഥയിലും കടമെടുപ്പുപരിധിയിൽ കേന്ദ്രം നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. പൊതു വിപണിയിൽ നിന്നും വായ്പയെടുക്കുന്നതിലെ ചരട് വ്യവസ്ഥകൾ കാരണം കേരളം പോലുള്ള സംസ്‌ഥാനങ്ങൾ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കേണ്ട നികുതിവരുമാനം കുറഞ്ഞു വരികയാണ്. കേരളത്തിനുള്ള റവന്യു കമ്മി ഗ്രാന്റും 2024-25 നകം അവസാനിക്കാൻ പോവുകയുമാണ്.

ഈ സാഹചര്യത്തിൽ ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിക്കുന്നത് സംസ്‌ഥാനങ്ങളുടെ ധനസ്‌ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും അതിനാൽ സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത്‌ അഞ്ചുവർഷംകൂടി തുടരണമെന്നും കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Latest