Kerala
മകന്റെ പരാതിയില്‍ പയ്യോളിയില്‍ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം; അസ്വാഭാവികത കണ്ടെത്താനായില്ല
മരണ ശേഷം മുഹമ്മദിന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയാണ് മകന്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്

കോഴിക്കോട് | പയ്യോളിയില്‍ മകന്റെ പരാതിയില്‍ ഖബര്‍ തുറന്ന് പിതാവിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും അസ്വാഭാവികത ഒന്നും കണ്ടെത്തിയില്ല. ഈളുവയല്‍ മുഹമ്മദിന്റ മയ്യിത്താണ് ഖബര്‍ തുറന്നെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതമാണ് മുഹമ്മദിന്റെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. വടകര ആര്‍ ഡി ഒ അന്‍വര്‍ സാദത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് മകന്‍ മുഫീദ് പറഞ്ഞു.
27 വര്‍ഷമായി കുടുംബവുമായി അകന്ന് താമസിച്ചുവരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58കാരന്‍ മുഹമ്മദ് കഴിഞ്ഞ മാസം 26നാണ് മരിച്ചത്. വീട്ടിലെ കസേരയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സഹോദരന്‍ ഇസ്മാഈല്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. മുഹമ്മദിന്റെ മൃതദേഹം ചെരിച്ചില്‍ പള്ളിയില്‍ ഖബറടക്കി.
മരണ ശേഷം മുഹമ്മദിന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ മകന്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ബേങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കും വേണ്ടിയാണെന്നും ബാക്കി പണം അക്കൗണ്ടിലുണ്ടെന്നാണ് ബന്ധുക്കളുടെ പ്രതികരണം.