Kerala
ഗ്രാന്‍ഡ് മുഫ്തിയുടെ 'ഉത്തരവാദിത്ത എ ഐ പ്രോജക്ട്'; പിന്തുണ അറിയിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം
ഉത്തരവാദിത്ത എ ഐക്കായി സമഗ്രമായ ഒരു ആഗോള ഇസ്‌ലാമിക ചട്ടക്കൂട് വികസിപ്പിക്കുന്ന പദ്ധതിയാണ് ഗ്രാന്‍ഡ് മുഫ്തി അവതരിപ്പിച്ചത്.
ഉത്തരവാദിത്ത എ ഐ പ്രോജക്ടുമായി ബന്ധപ്പെട്ട് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീമും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ മര്‍കസ് ദീവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിന്ന്.
കോഴിക്കോട് | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതങ്ങളുടെ ഉത്തരവാദിത്തപൂര്‍ണമായ ഉപയോഗത്തിനും നിര്‍വഹണത്തിനുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിച്ച ‘റെസ്‌പോണ്‍സിബിള്‍ ഐ ഐ പ്രോജക്ട്’ന് പിന്തുണ നല്‍കി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം. ഇന്നലെ മര്‍കസ് ദീവാനില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സംബന്ധിച്ച കൂടിക്കാഴ്ചയിലാണ് ഉത്തരവാദിത്ത എ ഐക്കായി സമഗ്രമായ ഒരു ആഗോള ഇസ്‌ലാമിക ചട്ടക്കൂട് വികസിപ്പിക്കുന്ന പദ്ധതി ഗ്രാന്‍ഡ് മുഫ്തി അവതരിപ്പിച്ചത്.
പദ്ധതിക്ക് തന്റെ പിന്തുണയും ആശംസയും അറിയിച്ച അന്‍വര്‍ ഇബ്റാഹീം ആധുനിക സാങ്കേതിക വിദ്യകളില്‍ പണ്ഡിതര്‍ ഇടപെടുന്നതും അഭിമുഖീകരിക്കുന്നതും വലിയ മുന്നേറ്റങ്ങള്‍ക്ക് നിദാനമാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കൂടിക്കാഴ്ചക്ക് ശേഷമുള്ള പൊതുപരിപാടിയിലെ പ്രസംഗത്തിനിടെ ഉത്തരവാദിത്ത എ ഐ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അന്‍വര്‍ ഇബ്റാഹീം പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ പലപ്പോഴും കൊളോണിയല്‍ ഘടനകള്‍ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, സാങ്കേതികവിദ്യ മാനവികതയുടെ നന്മക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ധാര്‍മികമായ ഒരു സംവിധാനം നിര്‍മിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു.
മര്‍കസിന്റെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും വൈജ്ഞാനിക പാരമ്പര്യവും പണ്ഡിത കൂട്ടായ്മകളുടെ പ്രാഗത്ഭ്യവും പ്രയോജനപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ സര്‍വ മേഖലകളിലും എ ഐക്ക് വലിയ സാധ്യതകളുള്ളപ്പോഴും തെറ്റായ വിവരങ്ങള്‍ പ്രചരിക്കുക, വ്യവസ്ഥാപിത പക്ഷപാതങ്ങള്‍, അല്‍ഗോരിതമിക് വിവേചനം തുടങ്ങിയ ഗുരുതരമായ അപകടസാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഇസ്‌ലാമിക മൂല്യങ്ങളിലധിഷ്ഠിതമായ എ ഐ പ്രോജക്ടിന് ഗ്രാന്‍ഡ് മുഫ്തി പദ്ധതിയിടുന്നത്. വിശ്വാസ്യത, സത്യസന്ധത, ഉത്തരവാദിത്തം, ദ്രോഹം തടയല്‍, വിശുദ്ധി, പൊതുജന നന്മ, നീതി, സ്വാതന്ത്ര്യം തുടങ്ങിയ പ്രധാന ധാര്‍മിക തത്വങ്ങളിലൂന്നി കൃത്രിമബുദ്ധിയുടെ വികസനം സാധ്യമാക്കാന്‍ ഈ പദ്ധതി ആഹ്വാനം ചെയ്യുന്നു.
പദ്ധതിയുടെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി മലേഷ്യന്‍ സര്‍ക്കാര്‍ ഫോറങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളുമായും പണ്ഡിത-വൈജ്ഞാനിക കൂട്ടായ്മകളുമായും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ഓഫീസ് സഹകരണത്തിലെത്തും. പ്രായോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനും, മതപരമായ അറിവുകളില്‍ എ ഐ പങ്കാളിത്തം നിരീക്ഷിക്കുന്നതിനും സാങ്കേതിക ധാര്‍മികതയെക്കുറിച്ചുള്ള ആഗോള സംവാദങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനുമായി പണ്ഡിതന്മാര്‍, ശാസ്ത്രജ്ഞര്‍, നിയമ വിദഗ്ധര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവരുമായി സഹകരിച്ചാണ് ‘റെസ്‌പോണ്‍സിബിള്‍ ഐ ഐ പ്രോജക്ട്’ നടപ്പിലാക്കുക.
കൂടിക്കാഴ്ചയില്‍ മലേഷ്യന്‍ പ്രധാനമന്ത്രിക്കും ഗ്രാന്‍ഡ് മുഫ്തിക്കും പുറമെ മലേഷ്യന്‍ വ്യവസായ-വ്യാപാര-നിക്ഷേപക വകുപ്പ് മന്ത്രി ജൗഹരി ബിന്‍ അബ്ദുല്‍ ഗനി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ക്വലാലംപൂര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫൈസ് ബിന്‍ അബ്ദുല്ല, ഡോ. അഹ്മദ് ഫൈസല്‍ മുഹമ്മദ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മര്‍കസ് വര്‍ക്കിങ് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി, റെക്ടര്‍ ഡോ. റോഷന്‍ നൂറാനി, ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, അഡ്വ. തന്‍വീര്‍ ഉമര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights:
Malaysian Prime Minister Anwar Ibrahim declared support for the Grand Mufti’s Responsible AI Project. The initiative promotes ethical framework and values in artificial intelligence development. It aims to harness modern technology while ensuring strong accountability and religious principles.





