Connect with us

Kerala

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയുടെ കൊലപാതകം; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൊഴിലിനെ ചൊല്ലി മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Published

|

Last Updated

കൊച്ചി|പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇതേ കമ്പനിയിലെ ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്. തൊഴിലിനെ ചൊല്ലി മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടര്‍ന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലപ്പെട്ട മുഹമ്മദ് ജാഹിര്‍ പ്രതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഞായറാഴ്ച ജോലി ചെയ്യുന്നതിനിടെ കിടന്ന് ഉറങ്ങുകയായിരുന്ന മുഹമ്മദ് ജാഹിറിനെ പ്രതി കയ്യില്‍ കിട്ടിയ കമ്പിപ്പാരകൊണ്ട് നെറ്റിയിലും മുഖത്തും ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഹിര്‍ സംഭവസ്ഥലത്തുവെച്ച്  മരിച്ചതായാണ് ലഭിക്കുന്ന വിവരം.

സംഭവത്തില്‍ സംശയം തോന്നിയ പെരുമ്പാവൂര്‍ പോലീസ് അന്നു ജോലിക്കുണ്ടായിരുന്ന മുഴുവന്‍ തൊഴിലാളികളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ മുഹമ്മദ് ഷാഹില്‍ കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ തെളിവുകള്‍ നിരത്തി വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

മരിച്ച മുഹമ്മദ് ജാഹിറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Content Highlights:
Perumbavoor police arrested Bihar native Muhammad Shahil for murdering his co-worker Muhammad Jahir at a plywood factory. The attack occurred while the victim was sleeping, following previous altercations over work. Shahil confessed during police interrogation and was taken for evidence collection.

 

---- facebook comment plugin here -----

Latest