UAE
യു എ ഇ - ഇന്ത്യ സാമ്പത്തിക പങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക്
ലക്ഷ്യം തന്ത്രപ്രധാന ലോജിസ്റ്റിക്‌സ് ഇടനാഴികൾ
അബൂദബി| യു എ ഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം പരമ്പരാഗത ചരക്കു വ്യാപാരത്തിനപ്പുറം വൻകിട നിക്ഷേപങ്ങൾ, വിതരണശൃംഖല, തുറമുഖ വികസനം, ചരക്കുനീക്ക ഇടനാഴികൾ എന്നീ മേഖലകളിലേക്ക് അതിവേഗം വികസിക്കുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാന സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പുതിയ വിലയിരുത്തൽ പുറത്തുവന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,125 കോടി ഡോളർ പിന്നിട്ടിരുന്നു. അടുത്ത ഘട്ടത്തിൽ നിലവിലെ വ്യാപാര തോത് കൂടുതൽ ഉയർത്തുന്നതിനൊപ്പം വിപണികളെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ സാമ്പത്തിക ഇടനാഴികൾ സജീവമാക്കാനാണ് ഇരുരാജ്യങ്ങളുടെയും നീക്കം.
ഇന്ത്യ-മിഡിൽ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐമെക്), ദുബൈയിൽ ഒരുങ്ങുന്ന ഭാരത് മാർട്ട് പദ്ധതി, സംയോജിത ഡിജിറ്റൽ വ്യാപാര പ്ലാറ്റ്ഫോമുകൾ എന്നിവ വഴി യു എ ഇയുടെ അത്യാധുനിക തുറമുഖ – ലോജിസ്റ്റിക്‌സ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിലേക്ക് അതിവേഗ പ്രവേശനം നൽകാൻ ഇതിലൂടെ സാധിക്കും. കൂടാതെ നിക്ഷേപം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, അത്യാധുനിക സാങ്കേതികവിദ്യ, വ്യവസായം എന്നീ മുൻഗണനാ മേഖലകളിലും സഹകരണം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുള്ളത്.
Content Highlights:
The economic partnership between the UAE and India is rapidly expanding into logistics, port developments, and infrastructure. Following bilateral trade exceeding 100 billion dollars, both nations aim to leverage corridors like IMEC and Bharat Mart. Cooperation will also boost renewable energy and technology sectors.


