Connect with us

National

ഗ്രഹാം സ്റ്റെയിന്‍സ് വധക്കേസ്; ധാരാ സിംഗിന്റെ മോചന ഹരജി തള്ളി ഒഡീഷ

അദ്ദേഹത്തിന്റെ ഹരജി പരിഗണിക്കുന്ന സുപ്രീം കോടതി, ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഒഡീഷ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു

Published

|

Last Updated

ഭുവനേശ്വര്‍ |  ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും ചെറിയ രണ്ട് മക്കളെയും 1999-ല്‍ കിയോഞ്ജറില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ധാരാ സിംഗിന്റെ മാപ്പ് നല്‍കിയുള്ള മോചന ഹരജി ഒഡീഷ സര്‍ക്കാര്‍ തള്ളി. താന്‍ ഇതിനോടകം 25 വര്‍ഷം തടവുകാലം പൂര്‍ത്തിയാക്കിയെന്ന് കാണിച്ച് ധാരാ സിംഗ് നേരത്തെ മോചനത്തിനായി അപേക്ഷിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഹരജി പരിഗണിക്കുന്ന സുപ്രീം കോടതി, ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഒഡീഷ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 31-ന് ചേര്‍ന്ന സ്റ്റേറ്റ് സെന്റന്‍സ് റിവ്യൂ ബോര്‍ഡിന്റെ പ്രത്യേക യോഗത്തിലാണ് സര്‍ക്കാര്‍ ഈ അപേക്ഷ തള്ളിക്കളഞ്ഞത്.

ചില പ്രത്യേക വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍’ ഈ ഘട്ടത്തില്‍ ധാരാ സിംഗിന്റെ മുന്‍കൂട്ടിയുള്ള മോചനം ശിപാര്‍ശ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് സ്റ്റേറ്റ് സെന്റന്‍സ് റിവ്യൂ ബോര്‍ഡ് തീരുമാനിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

1999 ജനുവരിയില്‍ കിയോഞ്ജര്‍ ജില്ലയില്‍ വെച്ച് വാഹനത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിനെയും മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരെയും ജീവനോടെ തീവെച്ചു കൊലപ്പെടുത്തിയ കേസിലാണ് 67 കാരനായ ധാരാ സിംഗ് ജീവപര്യന്തം തടവ് അനുഭവിക്കുന്നത്.

ഭുവനേശ്വര്‍ ജില്ലാ സെഷന്‍സ് കോടതി ധാരാ സിംഗിന് ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ ശിക്ഷ ജീവപര്യന്തം തടവായി ഇളവ് ചെയ്യുകയായിരുന്നു. രവീന്ദ്ര പാല്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയാണ്

ധാരാ സിംഗിന്റെ ഹരജി സെപ്റ്റംബര്‍ 17-ന് വീണ്ടും സുപ്രീം കോടതി വീണ്ടും പരിഗണിക്കും

അതേസമയം, ബജ്റംഗ് ദള്‍ പ്രവര്‍ത്തകനായ ധാരാ സിംഗിന്റെ കൂട്ടാളിയും കൊലക്കേസിലെ പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ഏപ്രിലില്‍ 25 വര്‍ഷത്തെ തടവിന് ശേഷം ഒഡീഷയിലെ കിയോഞ്ജര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു.

Content Highlights: Odisha government rejected the premature release plea of Dhara Singh, serving a life term for the 1999 murder of Graham Staines and his sons. The State Sentence Review Board declined his request despite completing 25 years in prison. The Supreme Court will hear the matter again on September 17.

 

Latest