Connect with us

international women's day

വനിതാ ദിനത്തിൽ ഡിജിറ്റൽ പാഠശാല പദ്ധതിക്ക് തുടക്കം കുറിക്കാൻ സർക്കാർ

അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ദിനത്തിന്റെ സന്ദേശമേറ്റെടുത്ത് ഡിജിറ്റൽ പാഠശാല പദ്ധതിക്ക് സർക്കാർ ഇന്നു തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. വനിതകളെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനു പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വനിത ശിശു വികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി നടപ്പാക്കുന്ന ഈ പരിപാടിയിലൂടെ അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്.

സ്ത്രീ സമൂഹം കൈവരിച്ച നേട്ടങ്ങൾ ലോകമാകെ ആഘോഷിക്കുകയും ലിംഗനീതിക്കായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യമുൾക്കൊള്ളുന്ന സന്ദേശങ്ങൾ ജനങ്ങളിലേയ്ക്ക് പകരുകയും ചെയ്യുന്ന ദിനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. “ ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതിക വിദ്യയും’ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനം ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം.

അതോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനുമായി നടത്തിവരുന്ന അനവധി പദ്ധതികൾ കൂടുതൽ ഊർജ്ജസ്വലമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും. അവയുടെ വിജയത്തിനായി നാടിന്റെയാകെ പിന്തുണ അനിവാര്യമാണ്. നീതിക്കും തുല്യതക്കുമായി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കുചേരേണ്ട ഒന്നാണെന്നും ഈ വനിതാ ദിനം നമ്മെ ഓർമിപ്പിക്കുന്നു. അതുറപ്പു വരുത്തുമെന്നും സ്ത്രീകളുടെ ശാക്തീകരണത്തിനും സാമൂഹ്യനീതിക്കുമായി പ്രവർത്തിക്കുമെന്നും ഇന്ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Latest