Connect with us

burjeel holdings

ബുർജീൽ ഹോൾഡിംഗ്സ് ഐ പി ഒയ്ക്ക് മികച്ച പ്രതികരണം; നിക്ഷേപകരിൽ നിന്ന് ലഭിച്ചത് 29 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷൻ

അന്തിമ ഓഹരി വില രണ്ട് ദിർഹം; സമാഹരിച്ചത് 1.1 ബില്യൺ ദിർഹം

Published

|

Last Updated

അബുദാബി | പ്രാഥമിക ഓഹരി വിൽപന (ഐ പി ഒ)യിൽ വലിയ കുതിപ്പുമായി യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിംഗ്സ്. രണ്ട് ദിർഹമായി അന്തിമ ഓഹരി വില നിശ്ചയിച്ചു. കമ്പനിയുടെ 11 ശതമാനം മൂലധനത്തിന് ആനുപാതികമായി ആകെ ഓഹരികൾ 550,729,221 എണ്ണം ആണ്.

പുതിയ ഓഹരികളിലൂടെ കമ്പനിയിലേക്ക് 1.1 ബില്യൺ  ദിർഹത്തിന്റെ നിക്ഷേപം എത്തും. അന്തിമ ഓഫർ വിലയെ അടിസ്ഥാനമാക്കി, ഒക്ടോബർ പത്തിന് ലിസ്റ്റ് ചെയ്യുമ്പോൾ  ബുർജീലിന്റെ പ്രതീക്ഷിത വിപണി മൂല്യം 10.4 ബില്യൺ ദിർഹം ആയിരിക്കും. ഇത് പ്രകാരം  ആരോഗ്യ സേവന രംഗത്ത് നിന്ന് എ ഡി എക്‌സിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയാണ് ബുർജീൽ ഹോൾഡിംഗ്‌സ്.

യു എ ഇയിലെയും മേഖലയിലെയും നിക്ഷേപകരിൽ നിന്ന് ഐ പി ഒയ്ക്ക്  ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് കമ്പനി അറിയിച്ചു. ഐ പി ഒയ്ക്കുള്ള ആകെ ഡിമാൻഡ് 32 ബില്യൺ ദിർഹത്തിലധികമായിരുന്നു, ഇത് വഴി 29 മടങ്ങ് അധിക സബ്സ്‌ക്രിപ്ഷൻ ആണ് ഉണ്ടായത്. പുതിയ ഓഹരി ഉടമകളെ ബുർജീൽ ഹോൾഡിങ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 29 മടങ്ങ് ഓവർസബ്സ്‌ക്രൈബ് ചെയ്യപ്പെട്ടതു തന്നെ ബുർജീൽ മുന്നോട്ട് വയ്ക്കുന്ന  ആരോഗ്യരംഗത്തെ മൂല്യങ്ങളെയും നിക്ഷേപ രംഗത്തെ വിശ്വാസ്യതയേയും സൂചിപ്പിക്കുന്നു. ഐ പി ഒ വിജയത്തിന് അബുദാബിയിലെ സംവിധാനങ്ങൾ നൽകുന്ന മികച്ച പിന്തുണയും കാരണമായി. ലിസ്റ്റ് ചെയ്യുമ്പോൾ എ ഡി എക്സിലെ ഏറ്റവും വലിയ സ്വകാര്യ ഹെൽത്ത്കെയർ കമ്പനികളിലൊന്നായി ബുർജീൽ ഹോൾഡിംഗ്സ് മാറുമെന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഇത് പ്രാദേശിക മൂലധന വിപണികളെ കൂടുതൽ വൈവിധ്യവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഹരികൾക്ക് അർഹരായ അപേക്ഷകർക്ക് എട്ടാം തീയതി മുതൽ എസ് എം എസ് വഴി സ്ഥിരീകരണം ലഭിക്കും. അല്ലാത്തവർക്ക് റീഫണ്ടും അന്നുമുതൽ ലഭിച്ചു തുടങ്ങും. ‘ബുർജീൽ’ ചിഹ്നത്തിന് കീഴിൽ ഇന്റർനാഷണൽ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ (ഐ എസ്‌ ഐ എൻ) ‘AEE01119B224’ ലാണ് ബുർജീൽ ഹോൾഡിംഗ്സ് വ്യാപാരം നടത്തുക. ലിസ്റ്റ് ചെയ്യപ്പെടുമ്പോൾ  ഡോ. ഷംഷീറിന്റെ വി പി എസ് ഹെൽത്ത്കെയർ ഹോൾഡിംഗ്സ് കമ്പനിക്ക് ബുർജീൽ ഹോൾഡിംഗ്സിൽ 70 ശതമാനം ഓഹരി പങ്കാളിത്തമാണുണ്ടാവുക. 15 ശതമാനം ഓഹരികൾ യു എ ഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിംഗ്സ് കമ്പനി (ഐ എച്ച്‌ സി) ഏറ്റെടുത്തിരുന്നു.

ഐ പി ഒയ്ക്കായുള്ള സമാഹരണത്തിൽ ദുബൈ ഇസ്ലാമിക് ബേങ്ക്  ലീഡ് മാനേജറായും ഫസ്റ്റ് അബുദാബി ബേങ്ക് ലീഡ് റിസീവിംഗ് ബേങ്കായും പ്രവർത്തിച്ചു. ഇന്റർനാഷണൽ സെക്യൂരിറ്റീസാണ് സാമ്പത്തിക ഉപദേഷ്ടാവ്. ബി എച്ച് എം ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ലിസ്റ്റിംഗ് ഉപദേഷ്ടാവും, ജെ പി മോർഗൻ സെക്യൂരിറ്റീസ് മൂലധന വിപണി ഉപദേഷ്ടാവമാണ്.

Latest