Connect with us

Uae

"ദുബൈ-ഇറ്റ്' പുരസ്‌കാരത്തിലെ ആറ് ജേതാക്കളെ പ്രഖ്യാപിച്ചു; എമിറേറ്റ്‌സ് എൻ ബി ഡിക്കും ഡി എം സി സി മേധാവിക്കും അംഗീകാരം

ബേങ്കിംഗ് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വളർച്ചയും പ്രാദേശിക വ്യാപനവും പരിഗണിച്ചാണ് എമിറേറ്റ്‌സ് എൻ ബി ഡിക്ക് പുരസ്‌കാരം നൽകിയത്

Published

|

Last Updated

ദുബൈ| ദുബൈയുടെ സാമ്പത്തിക, വ്യാപാര, റിയൽ എസ്റ്റേറ്റ്, സേവന, സംരംഭകത്വ, ആതിഥ്യമേഖലകളിലെ മികവിന് നൽകുന്ന ആദ്യ “ദുബൈ-ഇറ്റ്’ പുരസ്‌കാരത്തിലെ ആറ് ജേതാക്കളെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. എമിറേറ്റ്‌സ് എൻ ബി ഡി, ഡി എം സി സി എക്‌സിക്യൂട്ടീവ് ചെയർമാൻ അഹ്‌മദ് ബിൻ സുലൈം, ഒംനിയാത്ത് സ്ഥാപകൻ മഹ്ദി അംജദ്, ഓൺലൈൻ ആഡംബര വ്യാപാര സ്ഥാപനമായ ഔനാസ്, ഹ്യൂമൻട്ര സ്ഥാപകൻ ചാർലി റൈറ്റ്, ഷെഫ് ഇസു അനി എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. വിവിധ മേഖലകളിൽ വേഗത, ഗുണനിലവാരം, ഫലപ്രദമായ നിർവഹണം എന്നിവയിലൂടെ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്.

ബേങ്കിംഗ് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വളർച്ചയും പ്രാദേശിക വ്യാപനവും പരിഗണിച്ചാണ് എമിറേറ്റ്‌സ് എൻ ബി ഡിക്ക് പുരസ്‌കാരം നൽകിയത്. ദുബൈയെ ആഗോള വജ്രവ്യാപാര കേന്ദ്രമായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിനാണ് അഹ്‌മദ് ബിൻ സുലൈമിന് അംഗീകാരം ലഭിച്ചത്. അന്താരാഷ്ട്ര പ്രശസ്തരായ വാസ്തുശിൽപികളുടെ രൂപകൽപനകൾ ശ്രദ്ധേയമായ കെട്ടിടങ്ങളാക്കി മാറ്റിയതിനാണ് മഹ്ദി അംജദിനെ ആദരിച്ചത്.

ദുബൈ ആസ്ഥാനമായി ഓൺലൈൻ വ്യാപാരമേഖലയിൽ വേഗത്തിൽ വളർന്ന ഔനാസ് സേവനവിഭാഗത്തിലും ഇലക്ട്രോലൈറ്റ് ഉത്പന്ന ബ്രാൻഡിനെ വിജയകരമായി വിപുലീകരിച്ച ചാർലി റൈറ്റ് സംരംഭകത്വ വിഭാഗത്തിലും പുരസ്‌കാരം നേടി. നഗരത്തിൽ 30-ലധികം ആതിഥേയ പദ്ധതികൾ വികസിപ്പിച്ച ഷെഫ് ഇസു അനിയാണ് ആതിഥ്യമേഖലയിലെ ജേതാവ്. ദുബൈയുടെ വികസനദർശനം മികച്ച പ്രവർത്തനഫലങ്ങളാക്കി മാറ്റുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.

Content Highlights: Dubai Crown Prince Sheikh Hamdan announced six winners of the inaugural Dubai-It awards for excellence in finance, real estate, and hospitality. Winners include Emirates NBD, Ahmed Bin Sulayem, Mahdi Amjad, Ounass, Charlie Wright, and Chef Izu Ani for driving Dubai’s growth vision.

Latest