Connect with us

TRIVANDRAUM GOLD SMUGGLING

സ്വർണക്കടത്ത്; ഇ ഡിക്കെതിരെ ക്രൈം ബ്രാഞ്ചിന് മൊഴി നൽകും: സന്ദീപ് നായർ

ശ്രീരാമകൃഷ്ണനുമായി വ്യക്തി ബന്ധം മാത്രം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ മൊഴി നൽകാൻ തനിക്ക് സമ്മർദമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ഇ ഡിക്കെതിരെ ക്രൈം ബ്രാഞ്ചിന് മൊഴി നൽകുമെന്നും സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതനായ സന്ദീപ് നായർ. സ്വർണക്കടത്ത് കേസിലെ പ്രതികളോട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ സർക്കാറിനെതിരെ മൊഴി നൽകാൻ നിർബന്ധിച്ചിരുന്നുവെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് നേരത്തേ കോടതിയിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇ ഡിക്കെതിരെ കേസെടുത്ത ക്രൈം ബ്രാഞ്ച് സ്വപ്ന സുരേഷിന്റെ മൊഴി എടുക്കുകയും ചെയ്തിരുന്നു. ഈ കേസിൽ 18ന് മൊഴി നൽകുമെന്നാണ് സന്ദീപ് നായർ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം മാത്രമാണുള്ളതെന്നും വർക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താൻ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
ജനപ്രതിനിധിയായത് കൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ആരെയും ക്ഷണിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഞാൻ നിരപരാധിയോ അപരാധിയോ എന്ന് കാലമാണ് തെളിയിക്കേണ്ടത്.
ഇതിനായി കാത്തിരിക്കുകയാണ്. സ്വപ്‌നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സ്വപ്‌നക്കൊപ്പം മുഖ്യമന്ത്രിയെ ഓഫീസിലും വീട്ടിലും കണ്ടിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. ഫൈസൽ ഫരീദിനെ തനിക്ക് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തെക്കുറിച്ച് കേൾക്കുന്നത്. സരിത്ത് തന്റെ സുഹൃത്താണ്. സരിത്ത് വഴിയാണ് സ്വപ്‌നയെ പരിചയം.

സ്വപ്‌നാ സുരേഷിന് നിയമ സഹായം നൽകിയിട്ടുണ്ട്. പി ശ്രീരാമകൃഷ്ണന്റെ വീട്ടിൽ താനും സ്വപ്‌നയും പോയിട്ടില്ല. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ തനിക്കെതിരെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. സ്വർണം കടത്തിയിട്ടുണ്ടോ, നിരപരാധിയാണോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം വരും ദിവസങ്ങളിൽ അറിയാം. തന്റെ വീട്ടിൽ നിന്ന് എടുത്ത സാധനങ്ങൾ സ്വർണം കടത്തിയതിന് ഉപയോഗിച്ചതാണോയെന്ന് കോടതിയിൽ അന്വേഷണ സംഘം തെളിയിക്കട്ടെ. കോൺസുലേറ്റിന്റെ ചില കോൺട്രാക്ട് ജോലികൾ ചെയ്തിരുന്നുവെന്നും സന്ദീപ് പറഞ്ഞു. എൻ ഐ എ അറസ്റ്റ് ചെയ്ത് ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞാണ് സന്ദീപ് നായർ ജയിൽ മോചിതനായത്. കേസിൽ അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കിയതിനെ തുടർന്ന് കോഫെപോസെ ഉൾപ്പെടെയുള്ള വിവിധ കേസുകളിൽ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.

---- facebook comment plugin here -----

Latest