Connect with us

Articles

ജി എന്‍ സായിബാബ: നീതി ശിക്ഷിക്കപ്പെട്ട പതിറ്റാണ്ട്

സായിബാബയെ വിട്ടയച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി ജനാധിപത്യം പൗരന്മാര്‍ക്ക് അനുവദിക്കുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. കെട്ടിച്ചമച്ച തെളിവുകളും തട്ടിപ്പടച്ചുണ്ടാക്കിയ സാക്ഷിമൊഴികളും അവതരിപ്പിച്ച് പൗരാവകാശങ്ങളെ ഞെരിച്ചുകൊല്ലുന്ന ഭരണകൂട ഹിംസയോടുള്ള നീതിന്യായ സംവിധാനത്തിന്റെ വിയോജിപ്പ് തന്നെയാണ് ആ വിധിപ്രസ്താവം.

Published

|

Last Updated

ഒടുവില്‍ ജി എന്‍ സായിബാബ ജയില്‍ മോചിതനായി. 2014 മെയ് മാസത്തില്‍ അറസ്റ്റിലായത് മുതല്‍ ആരംഭിച്ച നിയമപോരാട്ടം ഇതോടെ താത്കാലികമായി അവസാനിക്കുന്നു. അതിനര്‍ഥം ആ ജീവിതത്തിനു മേല്‍ നീതിയുടെ സൂര്യന്‍ ഉദിച്ചുവെന്നല്ല, അനീതിക്ക് താത്കാലികമായി വിരാമമായിരിക്കുന്നു എന്ന് മാത്രമാണ്. അതിലേക്ക് സഞ്ചരിച്ചെത്താന്‍ അദ്ദേഹത്തിന് പതിറ്റാണ്ട് പോരാടേണ്ടി വന്നു. മറ്റു പലരെയും തട്ടിച്ചുനോക്കുമ്പോള്‍ അദ്ദേഹം ഭാഗ്യവാനാണ്. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിനു കീഴില്‍ ഒരു കേസില്‍ പത്ത് വര്‍ഷം കൊണ്ട് കുറ്റമുക്തനാകാന്‍ സാധിച്ചുവല്ലോ. മലയാളിയായ സകരിയ്യ പരപ്പനങ്ങാടി ഉള്‍പ്പെടെ, പതിറ്റാണ്ടുകള്‍ കടന്ന ജയില്‍ ജീവിതങ്ങള്‍ അനവധിയുണ്ട്. ഇനിയെന്ന് പുറത്തിറങ്ങുമെന്ന് ആര്‍ക്കും പ്രവചിക്കാനാകാത്ത വിധം അനന്തമായി നീണ്ടുപോകുന്ന തടവറ ജീവിതം. അവരിലേക്ക് ചേര്‍ത്തുവായിക്കുമ്പോള്‍ സായിബാബ എളുപ്പത്തില്‍ പത്മവ്യൂഹം ഭേദിച്ചിരിക്കുന്നു. അദ്ദേഹത്തിനു വേണ്ടി പതിറ്റാണ്ടുകാലവും സംസാരിക്കാന്‍ പുറത്ത് ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു. ആരുമാരും സംസാരിക്കാനില്ലാതെ വിസ്മൃതിയിലേക്ക് തള്ളിയിടപ്പെട്ട ഹതഭാഗ്യര്‍ എത്രയെങ്കിലുമുണ്ട് ഇപ്പോഴും നമ്മുടെ ജയിലുകളില്‍.

രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് സായിബാബക്ക് മേല്‍ ചുമത്തപ്പെട്ടത്. അംഗപരിമിതനാണ് എന്ന പരിഗണന നിയമം അദ്ദേഹത്തോട് കാണിച്ചില്ല. മറ്റൊരാളുടെ സഹായമില്ലാതെ ഒരടി മുന്നോട്ടുനീങ്ങാന്‍ കഴിയാത്തൊരാളെ നക്‌സല്‍ ഭീകരതയുടെ നാവും തലയുമായി പൈശാചികവത്കരിച്ചു പോലീസും അന്വേഷണ ഏജന്‍സികളും. 2017ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതി അതിനെ ശരിവെച്ചുകൊണ്ട് ശിക്ഷ വിധിച്ചു. സായിബാബക്ക് പുറമെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോട്ടെ എന്നിവര്‍ക്കും ജീവപര്യന്തം തടവു വിധിച്ചിരുന്നു. ജീവപര്യന്തം പോലും കുറഞ്ഞ ശിക്ഷയാണ് എന്നാണ് സെഷന്‍സ് കോടതി അന്ന് നിരീക്ഷിച്ചത്. മതിയായ ചികിത്സ ലഭിക്കാതെ പാണ്ഡു നരോട്ടെ 2022 ആഗസ്റ്റില്‍ ജയിലില്‍ മരിച്ചു. സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ട് 2022 ഒക്ടോബര്‍ 14ന് സായിബാബ അടക്കമുള്ളവരുടെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. യു എ പി എ കേസില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സെഷന്‍സ് കോടതി പാലിച്ചില്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി. മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി വിധിക്ക് സ്റ്റേ വാങ്ങിച്ചു. അവധി ദിനത്തില്‍ അസാധാരണമായ സിറ്റിംഗ് നടത്തിയാണ് സുപ്രീം കോടതി സായിബാബക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചത്. ജയില്‍വാസം തുടര്‍ന്നു. 2023 ജൂണില്‍ സുപ്രീം കോടതിയുടെ തന്നെ നിര്‍ദേശപ്രകാരമാണ് ബോംബെ ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് കേസില്‍ വീണ്ടും വാദം കേട്ടത്. ഇപ്പോള്‍ സായിബാബയുള്‍പ്പെടെ ആറ് പേരുടെ മോചനത്തിലേക്ക് വഴി തുറന്നത് അങ്ങനെയാണ്.

പോലീസും ഭരണകൂടവും കെട്ടിച്ചമച്ച കേസുകളില്‍ അകപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരില്‍ ആദ്യത്തെ ആളല്ല ജി എന്‍ സായിബാബ. അവസാനത്തെ ആളുമാകില്ല. മലയാളികളുടെ മുന്നില്‍ മുഖ്യമായ രണ്ട് ഉദാഹരണങ്ങളുണ്ട്. ഒരാള്‍ അബ്ദുന്നാസര്‍ മഅ്ദനി. മറ്റൊരാള്‍, നടേ പരാമര്‍ശിച്ച സകരിയ്യ പരപ്പനങ്ങാടി. ആദ്യം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 1998 മുതല്‍ 2007 വരെ ജയിലിലായിരുന്നു മഅ്ദനി. അതില്‍ നിന്ന് വിടുതി നേടി പുറത്തുവന്ന അദ്ദേഹത്തെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ‘പെടുത്തി’ 2010ല്‍ വീണ്ടും ജയിലിലടച്ചു. അദ്ദേഹമിപ്പോള്‍ ജാമ്യത്തിലാണ്, കേരളത്തിലുണ്ട്. അതേ കേസില്‍ 2009 ഫെബ്രുവരി അഞ്ചിന് പോലീസ് കൊണ്ടുപോയതാണ് സകരിയ്യയെ. സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മിക്കാന്‍ സഹായിച്ചു എന്നതായിരുന്നു ‘ആരോപിക്കപ്പെട്ട’ കുറ്റം. ഒന്നരപ്പതിറ്റാണ്ടായി. ആരോപണം ഇപ്പോഴും അന്തരീക്ഷത്തിലാണ്. തെളിയിക്കപ്പെട്ടിട്ടില്ല. തെളിയിക്കാനുള്ള വകയൊന്നും അന്വേഷണോദ്യോഗസ്ഥരുടെ കൈയിലില്ല. വിചാരണത്തടവുകാരനായി ഇനിയെത്ര കാലം ആ യുവാവ് ജയിലില്‍ ജീവിതം ഹോമിക്കേണ്ടി വരും? കേരളത്തിന് പുറത്ത് എത്ര പേര്‍ക്ക് സകരിയ്യയെ അറിയാം? ആരാണ് ആ സുഹൃത്തിനു വേണ്ടി സംസാരിക്കാനുള്ളത്. ജി എന്‍ സായിബാബയുടെ കാര്യം അങ്ങനെ ആയിരുന്നില്ല. രാജ്യവ്യാപകമായി അദ്ദേഹത്തിന്റെ മോചനത്തിനായി ക്യാമ്പയിന്‍ സംഘടിപ്പിക്കപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടിലെ ഏതാണ്ടെല്ലാ പൗരാവകാശ സമരങ്ങളിലും പ്രമേയങ്ങളിലും അദ്ദേഹം ഓര്‍മിക്കപ്പെട്ടു.

ഭരണകൂടത്തിന് എതിരാകുക എന്നാല്‍ രാജ്യത്തിന് എതിരാകുക എന്നല്ല. ഭരണകൂടം മാറിക്കൊണ്ടിരിക്കും. അത് സ്ഥിര സ്വഭാവമുള്ളതല്ല. രാജ്യം അങ്ങനെയല്ല. അത് സ്ഥിര സ്വഭാവമുള്ളതാണ്. രാഷ്ട്രത്തിലെ ഒരു അധികാര സംവിധാനം മാത്രമാണ് ഭരണകൂടം. അത് രാഷ്ട്രത്തിനു മുകളിലല്ല. ഭരണഘടനക്ക് അകത്തുനിന്നേ സര്‍ക്കാറുകള്‍ പ്രവര്‍ത്തിക്കാവൂ. ഭരണഘടനക്ക് വഴങ്ങേണ്ടവരാണ് അധികാരികള്‍ എന്നൊരര്‍ഥം കൂടിയുണ്ടതിന്. പ്രസിഡന്റ്, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍-എല്ലാവരും ഭരണഘടനക്ക് കീഴെയാണ്. രാഷ്ട്രം എന്ന ആശയത്തെ നിലനിര്‍ത്തുന്നത് ഈ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങള്‍ രാഷ്ട്രത്തിന്റെ മൂല്യങ്ങളാണ്. ആ മൂല്യങ്ങളില്‍ ജനാധിപത്യം പരമപ്രധാനമാണ്. വിമര്‍ശം ജനാധിപത്യത്തിന്റെ ആത്മാവാണ്. ജനാധിപത്യം എന്ന വ്യവസ്ഥിതിയെ തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് നമ്മള്‍ ജനാധിപത്യം എന്ന് വിളിക്കുന്നത്. വിമര്‍ശങ്ങളെ ഉള്‍ക്കൊള്ളല്‍ ഭരണഘടനയെ ഉള്‍ക്കൊള്ളലാണ്. രാജ്യത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പല കേസുകളും ഈ അടിസ്ഥാന തത്ത്വത്തെ നിരാകരിക്കുന്നതാണ്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ വിമര്‍ശിക്കുകയാണ് എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നു. സര്‍ക്കാറിന്റെ കാര്യപരിപാടികള്‍ക്കെതിരെ സംസാരിക്കുന്നൊരാള്‍ രാജ്യ പുരോഗതിയെ തടസ്സപ്പെടുത്തുകയാണ് എന്ന ആഖ്യാനം എത്ര പെട്ടെന്നാണ് സമൂഹത്തില്‍ വേരുറച്ചത്!

സായിബാബയെ വിട്ടയച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി ജനാധിപത്യം പൗരന്മാര്‍ക്ക് അനുവദിക്കുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. കെട്ടിച്ചമച്ച തെളിവുകളും തട്ടിപ്പടച്ചുണ്ടാക്കിയ സാക്ഷിമൊഴികളും അവതരിപ്പിച്ച് പൗരാവകാശങ്ങളെ ഞെരിച്ചുകൊല്ലുന്ന ഭരണകൂട ഹിംസയോടുള്ള നീതിന്യായ സംവിധാനത്തിന്റെ വിയോജിപ്പ് തന്നെയാണ് ആ വിധിപ്രസ്താവം. ഇങ്ങനെ വിമോചിപ്പിക്കപ്പെടുന്ന നിരപരാധരുടെ കാര്യത്തില്‍ കോടതികളും ഒരളവോളം നിസ്സംഗതയെ പുണരുന്നുണ്ട്. അതെങ്ങനെ എന്നല്ലേ? അന്യായമായി അനുഭവിക്കേണ്ടി വന്ന തടവറ ജീവിതത്തിന് സായിബാബമാര്‍ ന്യായമായ നഷ്ടപരിഹാരം അര്‍ഹിക്കുന്നുണ്ട്. അത് നല്‍കാന്‍ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. അത് വാങ്ങിക്കൊടുക്കേണ്ടത് കോടതികളാണ്. മഅ്ദനി കോയമ്പത്തൂര്‍ കേസില്‍ നിരപരാധി ആണെന്ന വിധി പറയുമ്പോഴേക്ക് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് അടര്‍ന്നുപോയത് ഒമ്പത് വര്‍ഷങ്ങളാണ്. സായിബാബക്ക് അങ്ങേയറ്റം പ്രയാസകരമായ അവസ്ഥയില്‍ ഇരുട്ടുമുറിയില്‍ കഴിയേണ്ടിവന്നത് പതിറ്റാണ്ട് കാലമാണ്. അങ്ങനെയൊരാളെ നിരുപാധികം വിട്ടയക്കുമ്പോള്‍ അത് അര്‍ധ നീതിയേ ആകുന്നുള്ളൂ. അദ്ദേഹത്തിന്റെ ജീവിതം, കരിയര്‍, ചികിത്സ, ബന്ധങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനം- ഇതെല്ലാം പോലീസും ഭരണകൂടവും കവര്‍ന്നെടുത്തിട്ട് ഒടുവില്‍ വെറും കൈയോടെ വിട്ടയക്കുന്നതിനെ നീതിയെന്ന് വിളിക്കാനാകില്ല. കള്ളക്കേസില്‍ കുടുക്കിയ അന്വേഷണോദ്യോഗസ്ഥരെ ശിക്ഷിക്കുക, നിരപരാധിയെന്ന് തെളിഞ്ഞയാള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. ഇത് രണ്ടും സംഭവിക്കാത്ത കാലത്തോളം പോലീസിലെ ഭാവനാ സമ്പന്നരായ ‘കഥാകൃത്തുക്കള്‍’ നിരപരാധരെ വേട്ടയാടിക്കൊണ്ടിരിക്കും. സത്യത്തിന് ജയിക്കാതിരിക്കാനാകില്ലെന്ന വസ്തുത അപ്പോഴും ബാക്കിനില്‍ക്കും.

 

 

 

Latest