Kerala
ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്ത്തിയ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല വലയിലായി; പ്രദേശവാസികള്‍ക്ക് ആശ്വാസം
മുതലയെ സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.
കന്യാകുമാരി|കന്യാകുമാരി തിര്‍പ്പറപ്പിന് സമീപമുള്ള കോതയാറില്‍ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല ഒടുവില്‍ വലയിലായി. ഇന്ന് രാവിലെയോടെ നിലക്കല്‍ ആറ്റുപാതത്തിന് സമീപം വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥാപിച്ച വലയില്‍ ഭീമന്‍ മുതല കുടുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് മുതലയെ കാണാനായി പ്രദേശത്തെത്തിയത്.
ഏഴ് മാസം മുന്‍പാണ് കോതയാറ്റില്‍ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് മുതലയെ പിടികൂടാനായി വനംവകുപ്പ് വിവിധ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും വരെ ഇരയായി വച്ച് കെണിയൊരുക്കിയെങ്കിലും മുതല പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു.
പ്രത്യേക സംഘം പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തി മുതലയുടെ സഞ്ചാരപഥങ്ങളില്‍ വലകള്‍ സ്ഥാപിച്ചിരുന്നു. വലയില്‍ കുടുങ്ങിയ മുതലയെ കൂടുതല്‍ വലകള്‍ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാര്‍ കരയ്ക്കെത്തിച്ചു. തുടര്‍ന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. മാസങ്ങള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ മുതല പിടിയിലായത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
Content Highlights:
A giant 300 kg crocodile that caused panic for seven months in Kothayar near Thirparappu, Kanyakumari, was caught in a net by the forest department. The operation involved special teams from Chennai using strategically placed nets. The captured reptile was relocated safely to the forest office.



