Connect with us

International

ഗസ്സാ യുദ്ധം 200ാം ദിനം; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തകർത്തത് 3,80,000 പാർപ്പിട സമുച്ചയങ്ങളും 556 പള്ളികളും

Published

|

Last Updated

ഗസ്സാ സിറ്റി | ഗസ്സയിൽ ഇസ്റാഈലിന്റെ ക്രൂരത 200 നാൾ പിന്നിടവെ, വംശീയ ഉന്മൂലനത്തിന്റെ നടുക്കമുണർത്തുന്ന വിവരങ്ങൾ പുറത്തുവിട്ട് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. ഒക്ടോബർ ഏഴിന് ഹമാസ് പോരാളികൾ ഇസ്റാഈൽ അതിർത്തി കടന്ന് നടത്തിയ സായുധ നീക്കത്തിന് തിരിച്ചടിയെന്ന പേരിൽ അധിനിവേശ സേന ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 34,183 പേർ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ.
സംഘർഷത്തെ തുടർന്ന് ഇസ്റാഈൽ ഗസ്സയിൽ 75,000 ടൺ സ്‌ഫോടകവസ്തുക്കളാണ് വർഷിച്ചത്. ഫലസ്തീൻ സർക്കാർ മാധ്യമ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 3,80,000 പാർപ്പിട സമുച്ചയങ്ങൾ, 412 സ്‌കൂളുകളും സർവകലാശാലകളും 556 പള്ളികൾ, മൂന്ന് ക്രിസ്ത്യൻ ചർച്ചുകൾ, 206 പുരാവസ്തു, പൈതൃക സ്ഥലങ്ങൾ തകർത്തു. 32 ആശുപത്രികളും 53 ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനരഹിതമാക്കി. 126 ആംബുലൻസുകളും നശിപ്പിച്ചു. 30 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഇതുവരെയുണ്ടായതെന്നാണ് രേഖകൾ.
അതേസമയം, ഖാൻ യൂനുസിലെ നസ്വർ ആശുപത്രി സമുച്ചയത്തിന് മുന്പിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് ഇന്നലെ 35 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ആകെ 310 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഫലസ്തീൻ സിവിൽ ഡിഫൻസ് സേന പറഞ്ഞു. നസ്വർ- അൽ-ശിഫ ആശുപത്രി മെഡിക്കൽ സൗകര്യങ്ങൾ തകർത്തതും അവിടെ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളെക്കുറിച്ചുള്ള റിപോർട്ടുകളും ഭയചകിതനാക്കിയെന്ന് യു എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. കൂടുതൽ ക്രൂരകൃത്യങ്ങൾക്ക് ഇത് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. റഫയിലെ പൂർണമായ നുഴഞ്ഞുകയറ്റത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
6,10,000 കുട്ടികളുൾപ്പെടെ ഒരു ദശലക്ഷത്തിലധികം സാധാരണക്കാർ അഭയം പ്രാപിച്ച റഫയിലെ ഇസ്റാഈൽ ഓപറേഷൻ ഏത് രൂപത്തിലായിരിക്കുമെന്ന് കൃത്യമായി അറിയില്ലെന്ന് ആക്‌ഷൻ എഗെയ്ൻസ്റ്റ് ഹംഗറിന്റെ മിഡിൽ ഈസ്റ്റ് ഡയറക്ടർ ജീൻ-റാഫേൽ പോയിറ്റോ പറഞ്ഞു. ഇസ്റാഈലിന്റെ റഫ പദ്ധതി എന്താണെന്നറിയില്ലെന്ന് സഹായ പ്രവർത്തകരും സന്നദ്ധ ഗ്രൂപ്പുകളും പറയുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ റഫ അതിർത്തിയിൽ സ്ഥാപിക്കാൻ 10,000 ടെന്റുകൾ പ്രതിരോധ മന്ത്രാലയം വാങ്ങിയതായും 30,000 കൂടി ഏറ്റെടുക്കാൻ പദ്ധതിയിട്ടതായും അധിനിവേശ ഫലസ്തീൻ പ്രദേശത്തെ യു എൻ മാനുഷിക ഓഫീസ് മേധാവി പറഞ്ഞു.

Latest