Kerala
ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി: സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജി സുധാകരന്‍
ഒരു ജില്ലയില്‍ തന്നെ രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ| ഹരിപ്പാട് മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍ രംഗത്ത്. ഒരു ജില്ലയില്‍ തന്നെ രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് (വണ്ടാനം) അതീവ ശോചനീയാവസ്ഥയിലാണെന്നും, അതിന്റെ നവീകരണത്തിനായി സമര്‍പ്പിച്ച 14 പ്രൊപ്പോസലുകള്‍ക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ ആരോപിച്ചു. വണ്ടാനം മെഡിക്കല്‍ കോളജില്‍നിന്ന് വെറും 15 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ഹരിപ്പാട്ടില്‍ പുതിയ കോളജ് ആരംഭിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക എം എല്‍ എയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും സുധാകരന്‍ വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ താല്‍പ്പര്യപ്രകാരമാണ് സ്വന്തം മണ്ഡലത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് പദ്ധതി ആരംഭിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്നത്തെ മന്ത്രിയായിരുന്ന സുധാകരന്‍ തന്നെയായിരുന്നു അന്വേഷണത്തിനും പദ്ധതിക്കെതിരായ നിലപാടുകള്‍ക്കും മുന്‍കൈ എടുത്തത്.
ഇതിനൊപ്പം, കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്‍കാനുള്ള ബജറ്റ് നിര്‍ദേശത്തോടും സുധാകരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
Content Highlights:
Ambalappuzha MLA G Sudhakaran opposed the decision to start a medical college in Haripad. He stated that Alappuzha does not need two government medical colleges. Sudhakaran also criticized the budget proposal to allow black sand mining in the private sector.







