Connect with us

PM security breach

മുന്നില്‍ തിരഞ്ഞെടുപ്പ്; കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പോരിലേക്കെത്തുമോ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധവും സുരക്ഷാ വീഴ്ചയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പുതിയൊരു പോര്‍മുഖം തുറക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്‌

Published

|

Last Updated

ന്യൂഡല്‍ഹി | ഈ വര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ ഒരുപക്ഷേ ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രാജ്യം ഉറ്റുനോക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് പഞ്ചാബിലേത്. 2024 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സെമി ഫൈനലായിപ്പോലും ഈ തിരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പഞ്ചാബില്‍ പ്രധാനമന്ത്രിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധവും സുരക്ഷാ വീഴ്ചയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പുതിയൊരു പോര്‍മുഖം തുറക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്‌.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായ് ഒരു ദളിത് വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി എന്ന പ്രത്യേകത അധികാരത്തിലുള്ള ചരണ്‍ജിത് സിംഗ് ചന്നിക്കുണ്ട്. നിലവിലെ പി സി സി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ധുവുമായുള്ള അധികാരമല്‍പ്പിടുത്തതിന് പിന്നാലെ ക്യപ്റ്റന്‍ അമരീന്ദര്‍ സിംഗിന് പാര്‍ട്ടിക് പുറത്തേക്കുള്ള വഴി ഹൈക്കമാന്‍ഡ് തുറന്ന് കൊടുത്തിരുന്നു. സംസ്ഥാനത്തുട നീളം സംഘടനയില്‍ കവിഞ്ഞ് സ്വീകാര്യത ക്യാപ്റ്റനുണ്ട് എന്ന സൂചന നല്‍കുന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം. ഇത് മനസിലാക്കി തന്നെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കിയതും. എന്നാല്‍, ബി ജെ പി ലോക്‌സഭാ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിന് പിന്നാലെ നവ്‌ജ്യോത് സിംഗ് സിദ്ധു പാര്‍ട്ടിവിട്ട കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി ജി പിയില്‍ നിന്നും വലിയ ആള്‍ക്കൂട്ടവുമായി കോണ്‍ഗ്രസിലെത്തിയ സിദ്ധു പല അവസരങ്ങളിലായി പാര്‍ട്ടിയിലെ നേതൃ സ്ഥാനം ലക്ഷ്യമിട്ട് കരുക്കള്‍ നീക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ക്യാപ്റ്റനെ സ്ഥാന ഭ്രഷ്ടനാക്കുന്നതിലേക്കും പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്‌തെങ്കിലും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതെ പി സി സി പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പുതുതായി സ്ഥാനം ഏറ്റെടുത്ത ചന്നി നിരന്തരം സിദ്ധുവിനെ അവഗണിക്കുക കൂടി ചെയ്തതോടെ സമ്മര്‍ദ്ദ തന്ത്രവുമായി സിദ്ധു രംഗത്തെത്തിയിരുന്നു. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സിദ്ധു തീരുമാനിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചേരിപ്പോര് പരസ്യമായ രഹസ്യമായ തുടരുകയും കര്‍ഷക പ്രക്ഷോഭം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒതുക്കി തീര്‍ക്കുകയും ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് നിലയുറപ്പിക്കാനും ശ്രമിക്കുന്നതിനിടയിലാണ് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരിലേക്ക് എത്തിക്കാവുന്ന സാഹചര്യം ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്.

പഞ്ചാബിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇവിടെ കഴിഞ്ഞ മാസത്തിന്റെ പകുതിയിലേറെ ദിവസം പ്രധാനമന്ത്രി വലിയ റാലികളുമായും കേന്ദ്ര സര്‍ക്കാരിന്റെ വലിയ പദ്ധതികളുടെ ഉദ്ഘാടനവുമായും പരിപാടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പഞ്ചാബിലേക്ക് പ്രധാനമന്ത്രിയെത്തുന്നത്. അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടിയുമായി സംഖ്യത്തിലേര്‍പ്പെട്ട് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി ജെ പിയുടെ പ്രചരണ പരിപാടികളുടെ തുടക്കമായി തന്നെയാണ് പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ ഇന്നലത്തെ സന്ദര്‍ശനം. എന്നാല്‍, ഇതിനിടെയാണ് കര്‍ഷര്‍ പ്രധാനമന്ത്രിയുടെ പാത ഉപരോധിക്കുകയും ഇരുപത് മിനിറ്റോളം ഇദ്ദേഹത്തിന്റെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ കുടുങ്ങുന്നതും. ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ പോകുന്നതിനിടയിലാണ് പ്രതിഷേധമുണ്ടായത്. ഈ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന പോലീസീനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരുന്നു.

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ പ്രതിഷേധത്തില്‍ സംസ്ഥാന പോലീസിന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാവുമെന്ന് ഇന്റലിജന്‍സ് മുന്നറയിപ്പ് ഉണ്ടായിരുന്നെന്നും എന്നാല്‍, പഞ്ചാബ് പോലീസ് ബ്ലൂ ബുക്ക് നിയമങ്ങള്‍ പാലിച്ചില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ടതിനെക്കുറിച്ചുള്ള നിയമങ്ങള്‍ പ്രതിപാദിക്കുന്നത് ബ്ലൂ ബുക്കിലാണ്. പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള പാതയില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പകരം മറ്റൊരു പാത സംസ്ഥാന പോലീസ് ഒരുക്കേണ്ടിയിരുന്നു. എന്നാല്‍ സംസ്ഥാന പോലീസ് ഇത് തയ്യറാക്കിയിരുന്നില്ല.

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ്. ഏതെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ സംസ്ഥാന പോലീസ് എസ് പി ജിയെ അറിയിക്കേണ്ടതുണ്ട്. അതിനനുസരിച്ച് എസ് പി ജി ആവശ്യമായ സുരക്ഷാ മാറ്റങ്ങള്‍ സ്വീകരിക്കും. എന്നാല്‍, ഇന്നലത്തെ പശ്ചാബിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഇതുണ്ടായില്ലെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഇതോടെ പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തെ സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയായാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, ഇതിന് തൊട്ട് പിന്നാലെ പഞ്ചാബ് സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. വിരമിച്ച ജഡ്ജിയും സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് അന്വേഷണ സമിതി. ഇതിനിടെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി പൊതു താത്പര്യ ഹരജിയുമായി ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന രംഗത്തെത്തി. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കു. ഹരജിയുടെ ഒരു കോപ്പി സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്ക് അയക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹരജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രമസമാധാന പാലനത്തില്‍ വീഴ്ചകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോരിലേക്കെത്തുന്ന സാഹചര്യം കഴിഞ്ഞ വര്‍ഷം ബംഗാളില്‍ ഉണ്ടായിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായ ആക്രമണ പരമ്പര തന്നെയായിരുന്നു ബംഗാളില്‍ ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അധികാരത്തിലെത്തിയ മമത സര്‍ക്കാരും കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണറും തമ്മില്‍ രൂക്ഷമായ പോര്‍മുഖം തന്നെ തുറക്കുകയുണ്ടായി. ഇത് പിന്നീട് സംസ്ഥനവും- കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള അധികാര വടംവലിയിലേക്കും എത്തിച്ചു. സമാന സഹാചര്യമാണ് ഇപ്പോള്‍ പഞ്ചാബിലും ഉണ്ടായിരിക്കുന്നത്.

എന്നാല്‍, ഇവിടെ തിരഞ്ഞെടുപ്പിന് മുമ്പാണ് സംഭവങ്ങള്‍ ഉടലെടുത്തിരിക്കുന്നത് എന്നതും കര്‍ഷക പ്രക്ഷോഭം നിയമം പിന്‍വലിക്കുക വഴി ഒത്തു തീര്‍പ്പാവുകയും ഏതാനും കര്‍ഷക സംഘടനകള്‍ പാര്‍ട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിക്കുകയും ചെയ്യുകയും ഉണ്ടായതോടെ ഇനി രണ്ട് സര്‍ക്കാറുകള്‍ എടുക്കുന്ന നടപടികള്‍ തന്നെയാവും വിഷയം ഏത് ദിശയില്‍ സഞ്ചരിക്കണമെന്ന് തീരുമാനിക്കുക.