Connect with us

Ongoing News

വ്യാഴാഴ്ച മുതല്‍ ഹാജിമാര്‍ മിന ലക്ഷ്യമാക്കി നീങ്ങും; സ്വീകരിക്കാനൊരുങ്ങി താഴ്‌വര

അറഫ സംഗമമത്തിന് മുന്നോടിയായി വിശ്വാസിയുടെ ശരീരവും മനസ്സും പാകപ്പെടുത്തുന്ന ദിനമായ യൗമുത്തര്‍വിയ (ദുല്‍ഹജ്ജ് എട്ട്) ആയ വ്യാഴാഴ്ച തല്‍ബിയത്തിന്റെ മന്ത്രധ്വനികളുമായി മക്കയിലെത്തിയ ഹാജിമാര്‍ മിനയിലെത്തിച്ചേരും.

Published

|

Last Updated

മക്ക | ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍ മുല്‍ക് ലാ ശരീകലക്” തല്‍ബിയത്തിന്റെ മന്ത്രധ്വനികളുമായി അഷ്ടദിക്കുകളില്‍ നിന്നും മക്കയിലെത്തിയ ശുഭവസ്ത്രധാരികളെ സ്വീകരിക്കാനൊരുങ്ങി കൂടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന മിനാ താഴ്‌വര. 20 ചതുരശ്ര കിലോമീറ്റര്‍ താഴ്വരക്കുള്ളില്‍, മലകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് കണ്ണെത്താ ദൂരത്തോളം, വരിവരിയായും വൃത്തിയിലും ക്രമീകരിച്ച കൂടാരങ്ങളിലാണ് ഹജ്ജ് വേളയിലെ ദിനരാത്രങ്ങളില്‍ തീര്‍ഥാടകര്‍ കഴിയുക.

അറഫ സംഗമമത്തിന് മുന്നോടിയായി വിശ്വാസിയുടെ ശരീരവും മനസ്സും പാകപ്പെടുത്തുന്ന ദിനമായ യൗമുത്തര്‍വിയ (ദുല്‍ഹജ്ജ് എട്ട്) ആയ വ്യാഴാഴ്ച തല്‍ബിയത്തിന്റെ മന്ത്രധ്വനികളുമായി മക്കയിലെത്തിയ ഹാജിമാര്‍ മിനയിലെത്തിച്ചേരും. പകലും രാത്രിയും മിനായില്‍ ചെലവഴിക്കും. അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ മാതൃക പിന്തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലും ഇബാദത്തിലും കഴിയും.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ മിന ടവറുകള്‍, കെദാന കമ്പനി വികസിപ്പിച്ച ടെന്റുകള്‍, ‘ഹോസ്പിറ്റാലിറ്റി ടെന്റുകള്‍’ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. കെദാന കമ്പനി വികസിപ്പിച്ച ടെന്റുകളില്‍ തീര്‍ഥാടകന് 2.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി ആറ് പേര്‍ക്ക് താമസിക്കാന്‍ കഴിയും. ഹോസ്പിറ്റാലിറ്റി ടെന്റുകളില്‍ തീര്‍ഥാടകന് ശരാശരി 1.6 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് അനുവദിക്കുക. ടെന്റില്‍ പരമാവധി 10 പേരെ ഉള്‍ക്കൊള്ളാനും കഴിയും. മിനാ നഗരിക്ക് മുപ്പത് ലക്ഷം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കൂടാരമുള്ള നഗരം കൂടിയാണിത്.

ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് അവരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി സഊദി സര്‍ക്കാര്‍ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. 26 ലക്ഷം ഹാജിമാര്‍ക്ക് താമസിക്കാന്‍ ശേഷിയുള്ള ടെന്റുകള്‍ 2.5 ദശലക്ഷം ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്.

മക്കയിലെ ഹറം പള്ളിക്ക് കിഴക്കായാണ് തമ്പുകളുടെ നഗരമായ മിന സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്യഭൂമി കൂടിയാണ് മിന താഴ്‌വര. മക്കയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അറഫയിലേക്കുള്ള വഴിയിലാണ് ടെന്റ്‌സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന മിന നഗരി. അറഫാത്തിലെ ജബല്‍ അല്‍-റഹ്‌മയില്‍ നിന്ന് ആരംഭിച്ച് മുസ്ദലിഫയിലൂടെ കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ കാല്‍നട പാത മിനയിലാണുള്ളത്.

ജിബ്രീല്‍ (അ) സ്വര്‍ഗത്തില്‍ നിന്നും ഒരു ആടിനെ കൊണ്ടുവരികയും ഇബ്‌റാഹീം (അ) ആടിനെ അറുക്കുകയും ചെയ്തു. മഹാരഥന്മാരായ പ്രവാചകന്മാര്‍ ത്യാഗ ചരിതങ്ങളെഴുതിയ പുണ്യ ഭൂമിയായതിനാല്‍ ഇവിടെ വെച്ചുള്ള ദുആക്ക് പ്രത്യേക ഫലമാണുള്ളത്. മിനയില്‍ വെച്ച് ളുഹര്‍, അസര്‍, മഗ്രിബ്, ഇശാഹ്, സുബ്ഹി എന്നീ നിസ്‌കാരങ്ങളും ദുല്‍ഹിജ്ജ ഒമ്പതിന് സുബ്ഹി നിസ്‌കാരവും പൂര്‍ത്തിയാക്കി ഹാജിമാര്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി നീങ്ങും.

ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കൊവിഡിന്റെ ഫലമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ രാജ്യത്തിനകത്ത് താമസിച്ചിരുന്നവര്‍ക്ക് മാത്രമായി ഹജ്ജ് കര്‍മങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ എട്ടര ലക്ഷം തീര്‍ഥാടകരും, സഊദിയില്‍ നിന്നുള്ള സ്വദേശികളും-വിദേശികളുമായി ഒന്നര ലക്ഷം പേരടക്കം പത്ത് ലക്ഷം പേരാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നത്.

ഫര്‍ണിഷിംഗ്, ക്ലീനിംഗ്, സാനിറ്റൈസേഷന്‍, എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികള്‍, ടോയ്ലറ്റുകള്‍, ലൈറ്റിംഗ്, ഇസ്ലാമിക പ്രബോധത്തിനായുള്ള കൗണ്ടറുകള്‍, ശുചീകരണത്തിനായി മെയിന്റനന്‍സ് കമ്പനികളെ ചുമതലപ്പെടുത്തല്‍ എന്നിവ പൂര്‍ത്തിയായതായും കൊവിഡ് മഹാമാരി കാരണം അടച്ചിട്ടിരുന്ന അല്‍-ഖൈഫ് മസ്ജിദ് രണ്ട് വര്‍ഷത്തിന് ശേഷം തീര്‍ഥാടകരെ സ്വീകരിക്കുമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

കനത്ത ചൂടിലാണ് ഈ വര്‍ഷത്തെ ഹജ്ജ്. 39 മുതല്‍ 42 ഡിഗ്രി വരെ സെല്‍ഷ്യസ് ആണ് മക്കയിലെ താപനില. ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സുരക്ഷാസേന ഏറ്റെടുത്തിട്ടുണ്ട്. മിനായിലെ ടെന്റുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂര്‍ത്തിയായതായും ഹൈടെക് ടെന്റ് സിറ്റി അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ സജ്ജമായതായും ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മഷാത്ത് പറഞ്ഞു.

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest