Connect with us

Kerala

വിവാഹ സംഘത്തെ മര്‍ദിച്ച എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

പോലീസുകാര്‍ക്ക് വലിയ വീഴ്ച സംഭവിച്ചെന്ന് എസ് പിയുടെ റിപോര്‍ട്ട്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ വിവാഹ സത്കാര ചടങ്ങില്‍ പങ്കെടുത്തുമടങ്ങിയ ദളിതരെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐ ജിനു ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഡി ഐ ജി അജിത ബീഗമാണ് നടപടിയെടുത്തത്. സംഭവത്തില്‍ വിശദമായ റിപോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഡി ഐ ജിക്ക് നല്‍കിയിരുന്നു.  എസ് ഐക്കും പോലീസുകാര്‍ക്കും വലിയ വീഴ്ച സംഭവിച്ചെന്നാണ് പത്തനംതിട്ട എസ് പിയുടെ റിപോര്‍ട്ട്.

എസ് ഐ ജിനുവിനെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. എസ് സി- എസ് ടി കമ്മീഷന് പരാതി നല്‍കുമെന്ന് കുടുംബവും അറിയിച്ചിരുന്നു. മർദനത്തിൻ്റെ സി സി ടി വി ദൃശ്യമുൾപ്പെടെ പുറത്തുവന്നതാണ് പോലീസുകാർക്കെതിരെയുള്ള നടപടി വേഗത്തിലാക്കിയത്.

 

ഇന്നലെ രാത്രി പതിനൊന്നരയോടെ അബാന്‍ ജംഗ്ഷനിലാണ് വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങിയ ഏഴംഗ കുടുംബത്തെ യാതൊരു പ്രകോപനവുമില്ലാതെ എസ് ഐ. എസ് ജിനുവും സംഘവും ക്രൂരമായി മര്‍ദിച്ചത്. കൈക്കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അകാരണമായി പോലീസ് മര്‍ദിക്കുകയായിരുന്നു. ബാറില്‍ അടിയുണ്ടാക്കിയവരെ അന്വേഷിച്ചിറങ്ങിയ പോലീസ് ആളുമാറി മര്‍ദിക്കുകയായിരുന്നുവെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്.

കൊല്ലത്ത് വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘമാണ് അതിക്രമത്തിനിരയായത്. എരുമേലി, മുണ്ടക്കയം ഭാഗത്ത് നിന്നുള്ള ഇരുപതോളം പേരാണ് ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജംഗ്ഷനില്‍ കാത്തുനിന്നിരുന്നു. ഇവരെ ഇറക്കി വിടാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ യുവതി അടക്കം അഞ്ച് പേര്‍ പുറത്തിറങ്ങി.

ഇവരില്‍ ചിലര്‍ റോഡരികില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന പോലീസ് വാഹനം നിര്‍ത്തി യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. എസ് ഐ ജിനു മഫ്തിയിലായിരുന്നു. ഭര്‍ത്താവിനെയും കൂടെ വന്നവരെയും പോലീസ് മര്‍ദിക്കുന്നത് കണ്ട് ഭയന്നോടിയപ്പോള്‍ വീണാണ് സിത്താര (31) എന്ന യുവതിക്ക് പരുക്കേറ്റത്. ഭര്‍ത്താവ് ശ്രീജിത്തിന്റെ തലയ്ക്ക് ലാത്തിച്ചാര്‍ജില്‍ പൊട്ടലേറ്റു. സിജിന്‍ എന്ന യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു.

 

---- facebook comment plugin here -----

Latest