Connect with us

Kerala

വയനാട്ടില്‍ വോട്ട് പിടിക്കാന്‍ വീണ്ടും ഭക്ഷ്യക്കിറ്റ് ;  ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്ന് ഭക്ഷ്യക്കിറ്റ് പിടികൂടി

ബുധനാഴ്ച വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 2000 ത്തോളം ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയിരുന്നു.

Published

|

Last Updated

 കല്‍പറ്റ | നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ വയനാട്ടില്‍ നിന്ന് വീണ്ടും ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റക്ക് സമീപം തെക്കുംതറയില്‍ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ പോലീസ് കണ്ടെത്തി. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡും പോലീസും ഭക്ഷ്യക്കിറ്റ് പിടികൂടിയത്.

ഭക്ഷ്യ കിറ്റുകള്‍ കോളനികളില്‍ വിതരണം ചെയ്യാനായി ബി ജെ പി തയ്യാറാക്കിയതാണെന്നാണ് എല്‍ ഡി എഫും യ ഡി എഫും ആരോപിക്കുന്നത്. പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച് വോട്ട് നേടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നാണ് ഇരു മുന്നണികളുടെയും ആരോപണം.

ബുധനാഴ്ച വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 2000 ത്തോളം ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയിരുന്നു. വിതരണം ചെയ്യാനായി വാഹനത്തില്‍ കയറ്റിയ ഭക്ഷ്യക്കിറ്റുകളാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.  ഒരു കിലോ പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, 250 ചായപ്പൊടി, അര ലിറ്റര്‍ വെളിച്ചെണ്ണ, അരകിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയടങ്ങിയ 279 രൂപ വിലവരുന്ന 2000 കിറ്റുകളാണ് സുല്‍ത്താന്‍ ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയില്‍ നിന്ന് വാങ്ങിയത്. കുടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട്.

ബത്തേരിയില്‍ നിന്ന് 470 ഒളം കിറ്റുകള്‍ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി കിറ്റുകളില്‍ പകുതി വാഹനത്തിലും പകുതി കടയുടെ മുന്നില്‍ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കടയുടമയുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തി.

Latest