Connect with us

From the print

കയറ്റുമതിയിൽ വൻ കുതിപ്പ്; ഗൾഫ് രാജ്യങ്ങളെ പൂ ചൂടിച്ച് കേരളം

ഇടുക്കി, വയനാട് ജില്ലകളിൽ പൂ കൃഷി വ്യാപകമായി ആരംഭിച്ചതോടെയാണ് പുതിയ മുന്നേറ്റം

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തിന് പൂവ് കയറ്റുമതിയിൽ മുന്നേറ്റം. റോസ്, ഓർക്കിഡ് പൂവുകളാണ് കൂടുതലായി കയറ്റി അയക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്കും സിംഗപ്പൂരിനുമാണ് കേരളത്തിന്റെ പൂ ചൂടാൻ കൂടുതൽ താത്പര്യം. ഇടുക്കി, വയനാട് ജില്ലകളിൽ പൂ കൃഷി വ്യാപകമായി ആരംഭിച്ചതോടെയാണ് പുതിയ മുന്നേറ്റം. കൊച്ചിയിൽ നിന്ന് ഈ വർഷം ജനുവരിയിൽ 66 മെട്രിക് ടൺ പൂവ് ആണ് കയറ്റുമതി ചെയ്തത്. 2023 ജനുവരിയിൽ ഇത് 27 മെട്രിക് ടൺ മാത്രമായിരുന്നു.
തിരുവനന്തപുരത്ത് 2024 ജനുവരിയിലെ കണക്ക് പ്രകാരം 33 മെട്രിക് ടൺ പൂവ് വിമാനം കയറി. മുൻ വർഷം ഇത് 12 മെട്രിക് ടൺ മാത്രമായിരുന്നു. ഇതിനെല്ലാം പുറമെ, പലപ്പോഴും പച്ചക്കറി, പഴം, പൂവ് എന്നീ ഇനങ്ങൾ മൊത്തത്തിലാണ് അയക്കാറുള്ളത്. ഈ കണക്കുകൾ പരിശോധിച്ചാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പച്ചക്കറി, പഴം, പൂവ് ഇനങ്ങളിൽ കഴിഞ്ഞ നാല് മാസങ്ങളിൽ മുൻ വർഷങ്ങളിലേതിനേക്കാളും 358 മെട്രിക് ടണിന്റെ വർധനയുണ്ടായിട്ടുണ്ട്. കോഴിക്കോട്ട് 787 മെട്രിക് ടണും കൊച്ചിയിൽ 382 മെട്രിക് ടണും വർധിച്ചു. എന്നാൽ, കണ്ണൂരിൽ ഈ കാലയളവിൽ പഴം, പച്ചക്കറി, പൂവ് ഇനങ്ങളുടെ കയറ്റുമതിയിൽ 229 മെട്രിക് ടണിന്റെ കുറവ് അനുഭവപ്പെട്ടു. കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്.

രാജ്യം മൊത്തത്തിൽ പൂവ് കയറ്റുമതിയിൽ മുന്നിലാണെങ്കിലും ആന്ധ്ര, കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളായിരുന്നു ഉത്പാദനത്തിൽ മികവ് പ്രകടിപ്പിക്കാറ്. എന്നാൽ, പൂവിന്റെ വിപണന സാധ്യത മുന്നിൽ കണ്ട് കേരളത്തിലും കൃഷി ആരംഭിച്ചതോടെയാണ് കയറ്റുമതി വർധിച്ചത്.

അമേരിക്ക, ബ്രിട്ടൻ, ഗൾഫ് രാജ്യങ്ങൾ, നെതർലാൻഡ്സ് തുടങ്ങിയ ഇടങ്ങളിലേക്ക് പൂവ് വിപുലമായി അയക്കുന്നുണ്ടെന്ന് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം ചെയർപേഴ്‌സനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിപാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്‌സ് അസി. പ്രൊഫസർ കൂടിയായ എം എസ് റൗണാഖ്, സെക്രട്ടറി മുൻഷിദ് അലി എന്നിവർ അറിയിച്ചു.

---- facebook comment plugin here -----

Latest