Connect with us

From the print

പെൻഷൻ കിട്ടിയില്ല, ഇത്തവണ വോട്ട് "പൂവി'ന്; വയോധികയുടെ മുഖത്തടിച്ച് കോൺഗ്രസ്സ് സ്ഥാനാർഥി

പെൻഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്ത് ആളുകൾ നോക്കിനിൽക്കെയാണ് ജീവൻ റെഡ്ഢി അടിച്ചത്

Published

|

Last Updated

ഹൈദരാബാദ് | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയുടെ മുഖത്തടിച്ച് വെട്ടിലായി മുതിർന്ന കോൺഗ്രസ്സ് നേതാവും സ്ഥാനാർഥിയുമായ ടി ജീവൻ റെഡ്ഢി. പെൻഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്ത് ആളുകൾ നോക്കിനിൽക്കെയാണ് ജീവൻ റെഡ്ഢി അടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ജീവൻ റെഡ്ഢി ജനവിധി തേടുന്നത്.

അർമുർ നിയോജക മണ്ഡലത്തിലെ ഗ്രാമത്തിലെ പ്രചാരണത്തിനിടെയാണ് സംഭവം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ കോൺഗ്രസ്സിനാണ് വോട്ട് ചെയ്തതെന്നും തനിക്കിതുവരെ പെൻഷൻ കിട്ടിയില്ലെന്നും തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക റെഡ്ഢിയോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ “പൂവി’ന് വോട്ട് ചെയ്യുമെന്ന് പറഞ്ഞതോടെയാണ് പ്രകോപിതനായ റെഡ്ഢി കൈയേറ്റം നടത്തിയത്.
കേന്ദ്രത്തിൽ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജീവൻ റെഡ്ഢിയെ കൃഷി മന്ത്രിയാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.

ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ബി ജെ പിക്കായി ഡി അരവിന്ദാണ് ഇവിടെ മത്സരിക്കുന്നത്. വയോധികയെ അടിക്കുന്ന ദൃശ്യം ബി ജെ പി പ്രചാരണായുധമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest