Connect with us

From the print

ഹജ്ജ് ക്യാമ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു; 6,516 തീർഥാടകരുടെ വർധന

45 പേർ ബെംഗളൂരു, ചെന്നൈ, മുംബൈ വഴി

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴിയുള്ള ഹജ്ജ് യാത്രയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഈ മാസം 21 മുതൽ ജൂൺ പത്ത് വരെയാണ് കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ യാത്ര പ്രതീക്ഷിക്കുന്നത്. യാത്രയുടെ അന്തിമ ഷെഡ്യൂൾ ഉടൻ ലഭ്യമാകും. സംസ്ഥാനത്ത് നിന്ന് 17,768 പേർക്കാണ് ഇതുവരെ അവസരം ലഭിച്ചത്. ഇതിൽ 7,222 പേർ പുരുഷന്മാരും 10,537 പേർ സ്ത്രീകളുമാണ്. രണ്ട് വയസ്സിന് താഴെയുള്ള ഒമ്പത് കുഞ്ഞുങ്ങളും ഇതിൽ ഉൾപ്പെടും.

കരിപ്പൂർ വഴി 10,371 പേരും കണ്ണൂർ വഴി 3,113 പേരും കൊച്ചി വഴി 4,239 പേരുമാണ് യാത്ര പുറപ്പെടുന്നത്. സംസ്ഥാനത്ത് നിന്നുളള 37 പേർ ബെംഗളൂരു, അഞ്ച് പേർ ചെന്നൈ, മൂന്ന് പേർ മുംബൈ പുറപ്പെടൽ കേന്ദ്രങ്ങൾ വഴിയാണ് യാത്ര പുറപ്പെടുക. ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്ത് നിന്ന് ഇത്രയധികം തീർഥാടകർക്ക് ഹജ്ജ് കമ്മിറ്റി വഴി അവസരം ലഭിക്കുന്നത്. കഴിഞ്ഞ വർഷം 11,252 പേരായിരുന്നു പുറപ്പെട്ടത്. ഈ വർഷം 6,516 തീർഥാടകരുടെ വർധന.
സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുർറഹ്മാന്റെ നിർദേശ പ്രകാരം സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഹജ്ജ് തീർഥാടനം സുഗമമാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഹജ്ജ് ക്യാമ്പിലേക്ക് ആവശ്യമായ വിവിധ സാധനസേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ഹജ്ജ് ഹൗസിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ അടുത്ത ദിവസം പൂർത്തിയാകും. കണ്ണൂർ, കൊച്ചി പുറപ്പെടൽ കേന്ദ്രങ്ങളിൽ ഹജ്ജ് ക്യാമ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവൃത്തി നടന്നു വരികയാണ്. വിവിധ വകുപ്പ് മേധാവികൾ സംബന്ധിക്കുന്ന ഏജൻസി യോഗങ്ങൾ ഓരോ പുറപ്പെടൽ കേന്ദ്രങ്ങളിലും നടന്നു വരികയാണ്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചൊവ്വാഴ്ച രാവിലെ 11ന് കരിപ്പൂരിൽ ചേരും.

ഖാദിമുൽ ഹുജ്ജാജ് പരിശീലന ക്യാമ്പ്
യാത്രയിൽ ഹാജിമാരുടെ സേവനത്തിനായി സർക്കാർ ഉദ്യോ ഗസ്ഥരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഖാദിമുൽ ഹുജ്ജാജുമാർക്കുള്ള (വളണ്ടിയർമാർ) ദ്വിദിന റെസിഡൻഷ്യൽ ട്രെയിനിംഗ് പരിപാടി ഈ മാസം ആറ്, ഏഴ് തീയതികളിലായി കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സെഷൻ ആരംഭിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി അംഗങ്ങൾ സംസാരിക്കും.
തീർഥാടകർ ഹജ്ജ് ക്യാമ്പിൽ എത്തുന്നത് മുതൽ മടങ്ങി വരുന്നത് വരെയുള്ള വിവിധ സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹജ്ജിന്റെ കർമങ്ങൾ, പ്രധാന സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ, ലീഡർഷിപ്പ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആരോഗ്യം, ഡിസാസ്റ്റർ, ഇവന്റ്‌സ് മാനേജ്‌മെന്റ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, നിയമം തുടങ്ങി വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിൽ അറിയിച്ച വിവിധ വിഷയങ്ങളും ട്രെയിനിംഗിന്റെ ഭാഗമായി വളണ്ടിയർമാരെ അറിയിക്കും.
ഇത്തവണ 89 പേരാണ് ഹാജിമാരുടെ സേവനത്തിനായി അനുഗമിക്കുക. വളണ്ടിയർ അനുപാതം കുറക്കുന്നതിനുള്ള സംസ്ഥാന സർക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും നിരന്തര ആവശ്യം പരിഗണിച്ച് ഈ വർഷം 200 പേർക്ക് ഒരാൾ എന്ന തോതിൽ വളണ്ടിയർ അനുപാതം കേന്ദ്രം പുനഃക്രമീകരിച്ചിരുന്നു. ഇത് തീർഥാടകർക്ക് ഏറെ ആശ്വാസമാകും.

ഓർഗനൈസിംഗ് കമ്മിറ്റി രൂപവത്കരണം
സംസ്ഥാനത്തെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിലെയും ഹജ്ജ് ക്യാമ്പുകൾ വിജയകരമാക്കുന്നതിന് അതത് പ്രദേശത്തെ ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തിയുള്ള വിപുലമായ ക്യാമ്പ് ഓർഗനൈസിംഗ് കമ്മിറ്റി രൂപവത്കരണ യോഗങ്ങൾ അടുത്ത ദിവസങ്ങളിൽ നടക്കും. ഈ മാസം ഏഴിന് ഉച്ചക്ക് മൂന്നിന് കരിപ്പൂർ ഹജ്ജ് ഹൗസിലും ഒമ്പതിന് ഉച്ചക്ക് മൂന്നിന് കണ്ണൂർ മട്ടന്നൂർ മധുസൂദനൻ സ്മാരക ഗവ.യു പി സ്‌കൂളിലും 13ന് മൂന്നിന് കൊച്ചി സിയാൽ അക്കാദമിയിലുമാണ് യോഗങ്ങൾ ചേരുക.
ക്യാമ്പ് സേവനങ്ങൾ കുറ്റമറ്റതാക്കുന്നതിന് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളിലായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഹാജിമാർക്കുള്ള രണ്ടാം ഘട്ട ട്രെയിനിംഗ് ക്ലാസ്സുകൾ സംസ്ഥാനമൊട്ടുക്കും വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരികയാണ്. ഈ മാസം 15നകം ക്ലാസ്സുകൾ പൂർത്തിയാകും. അതോടൊപ്പം ഹാജിമാർക്കുള്ള വാക്‌സീൻ ഗവ. ആരോഗ്യ കേന്ദ്രങ്ങൾ മുഖേന വിതരണം ചെയ്യുന്നുണ്ട്. തീർഥാടകരുടെ ബാഗേജുകളിൽ പതിക്കുന്നതിനുള്ള പ്രത്യേക സ്റ്റിക്കർ, വനിതാ തീർഥാടകർക്കുള്ള മഫ്ത സ്റ്റിക്കർ മുതലായവയുടെ വിതരണവും അതത് കേന്ദ്രങ്ങളിൽ ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനർമാർ മുഖേന നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest