National
ഭക്ഷ്യ, ഇന്ധന വിലക്കയറ്റം: ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് പുനർവിഭജന പദ്ധതിക്ക് കേന്ദ്രം ഒരുങ്ങുന്നു
പ്രാദേശിക ഗ്യാസോലിൻ വിൽപ്പനയുടെ നികുതി കുറയ്ക്കുക, പാചക എണ്ണയുടെയും ഗോതമ്പിന്റെയും ഇറക്കുമതി തീരുവ ലഘൂകരിക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ആഴ്ചകളിൽ എടുക്കും.
ന്യൂഡൽഹി | രാജ്യത്ത് കുതിച്ചുയരുന്ന ഭക്ഷ്യ, ഇന്ധന ചെലവുകൾക്ക് കടിഞ്ഞാണിടാൻ ബജറ്റ് പുനർവിഭജന പദ്ധതി കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഫെഡറൽ കമ്മി ലക്ഷ്യത്തെ ബാധിക്കാതെ ഭക്ഷ്യ, ഇന്ധന ചെലവുകളുടെ വർദ്ധനവ് തടയാൻ വിവിധ മന്ത്രാലയങ്ങളുടെ ബജറ്റുകളിൽ നിന്ന് ഒരു ലക്ഷം കോടി രൂപ (12 ബില്യൺ ഡോളർ) പുനർവിഭജിക്കാനുള്ള പദ്ധതി കേന്ദ്രം പരിഗണിക്കുന്നുവെന്നാണ് സൂചന. അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പിൽ വിലക്കയറ്റം വിഷയമാകുന്നത് മുന്നിൽ കണ്ടാണ് നരേന്ദ്രമ മോദി സർക്കാറിന്റെ തിരക്കിട്ട നീക്കം.
പ്രാദേശിക ഗ്യാസോലിൻ വിൽപ്പനയുടെ നികുതി കുറയ്ക്കുക, പാചക എണ്ണയുടെയും ഗോതമ്പിന്റെയും ഇറക്കുമതി തീരുവ ലഘൂകരിക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വരും ആഴ്ചകളിൽ എടുക്കും. ഉപഭോക്തൃ ചെലവ് നിയന്ത്രിക്കുന്നതിന് കഴിഞ്ഞ വർഷം 2.16 ലക്ഷം കോടി രൂപയുടെ പദ്ധതി സർക്കാർ തയ്യറാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ക്രമീകരണങ്ങൾ.
കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് ധനവായ്പാ നയത്തിൽ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. റിപ്പോ നിരക്കുകൾ ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നായി തുടരുകയാണ്. കുതിച്ചുയരുന്ന വിലക്കയറ്റമാണ് നിരക്കുകളെ പ്രതികൂലമായി ബാധിക്കുന്നത്.
15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ പണപ്പെരുപ്പത്തിനെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഉള്ളിയുടെയും തക്കാളിയുടെയും സർക്കാരുകളെ അട്ടിമറിച്ച ചരിത്രമുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം തടയുക എന്നത് സർക്കാറിനെ സംബന്ധിച്ച് വെല്ലുവിളി ഏറിയ കാര്യമാണ്.