Connect with us

National

മകളെക്കൊന്നയുവാവ് ജാമ്യത്തിലിറങ്ങിയപ്പോള്‍ വെട്ടിക്കൊന്ന് പിതാവിന്റെ പ്രതികാരം

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ മേലകാലക്കുടിയില്‍ അധ്യാപികയായ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അജിത് കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്

Published

|

Last Updated

ചെന്നൈ | അധ്യാപികയായ മകളെക്കൊന്ന് ജയിലില്‍പ്പോയ യുവാവ് ജാമ്യത്തിലിറങ്ങിയപ്പോള്‍ കാത്തിരുന്നു വെട്ടിക്കൊന്ന് പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ മേലകാലക്കുടിയിലാണ് സംഭവം. അധ്യാപികയായ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ അജിത് കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ പുണ്യമൂര്‍ത്തിയും (53) സഹായികളും പോലീസില്‍ കീഴടങ്ങി.

തഞ്ചാവൂരില്‍ ആലങ്കുടിയിലെ ആദിദ്രാവിഡര്‍ വെല്‍ഫെയര്‍ പ്രൈമറി സ്‌കൂളിലെ താത്കാലികാധ്യാപികയായിരുന്ന കാവ്യയെ(26) കൊന്നതിനുള്ള പ്രതികാരമായാണ് അച്ഛന്‍ പുണ്യമൂര്‍ത്തി കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ആയിരുന്നു അജിത്ത് കാവ്യയെ കൊന്നത്. ജയിലിലായ അജിത്ത് അഞ്ചു മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലറങ്ങിയപ്പോഴാണ് കൊലപാതകം. മകളെ കൊന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങുന്നതും കാത്തിരിക്കുകായിരുന്നു പിതാവ് പുണ്യമൂര്‍ത്തിയെന്ന് പോലീസ് പറഞ്ഞു.

അജിത്കുമാറും കാവ്യയും അടുപ്പത്തിലായിരുന്നു. എന്നാല്‍ പെയിന്റ് പണിക്കാരനായ അജിത്തിന് മകളെ വിവാഹം ചെയ്ത് നല്‍കാന്‍ പുണ്യമൂര്‍ത്തി തയ്യാറായില്ല. ഒടുവീല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കാവ്യ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ കാവ്യ അജിത്തിന് ഫോണില്‍ അയച്ച് കൊടുത്തിരുന്നു. ഇതില്‍ പ്രകോപിതനായ അജിത്ത് സ്‌കൂളില്‍ ജോലിക്ക് പോവുകയായിരുന്ന കാല്യയെ തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ അജിത്കുമാര്‍ കഴിഞ്ഞ മാസമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. മകളുടെ മരണത്തില്‍ പകരംവീട്ടാന്‍ കാത്തുനില്‍ക്കുകയായിരുന്ന പുണ്യമൂര്‍ത്തി നാലുബന്ധുക്കളെയും കൂട്ടി ശനിയാഴ്ച രാവിലെ അജിത്കുമാറിന്റെ വീട്ടിലെത്തി കൊല നടത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതി പുണ്യമൂര്‍ത്തി, സഹായികളായ എം ലോകേഷ് (22), ഡി രാമലിംഗം (30), എ കറുപ്പയ്യ (55) എന്നിവര്‍ ചോരപുരണ്ട വടിവാളുകളുമായി അമ്മപ്പേട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

 

---- facebook comment plugin here -----

Latest