Connect with us

പ്രവാസം

ഷാർജ ജയിലിലെ നോമ്പും പെരുന്നാളും

അപകടത്തിൽ നിന്നു രക്ഷപ്പെട്ടവർ വീണ്ടും തടവുകാരായി. നൂറ്റിമുപ്പത്തിനാലു പേരെ ഷാർജ അൽഖാസിമിയ ജയിലിൽ പാർപ്പിച്ചു. എല്ലാം മലയാളികൾ. ഏറെയും മലപ്പുറം ജില്ലക്കാർ. ദുബൈ കോൺസുലേറ്റ് ജനറൽ മുഖേന പെരുന്നാൾ ദിവസം ഇവരോടൊപ്പം ഭക്ഷണം കഴിക്കാനും മധുരപലഹാരങ്ങൾ വിതരണം ചെയ്യാനും ജയിലധികൃതരോടപേക്ഷിച്ചു. അങ്ങിനെ ജയിലിൽ ഒരു ഈദ് സംഗമം സംഘടിപ്പിക്കാൻ അവസരം ലഭിച്ചു.

Published

|

Last Updated

ഗൾഫ് ജീവിതത്തിൽ നിരവധി നോന്പും പെരുന്നാളും കടന്നുവന്നിട്ടുണ്ടെങ്കിലും ഷാർജ അൽഖാസിമിയ ജയിലിലെ പെരുന്നാൾ ദിനം അവിസ്മരണീയ അനുഭവമായിരുന്നു.
പെരുന്നാൾ ദിവസം ഷാർജ അൽഖാസിമിയ ജയിലിൽ കഴിച്ചുകൂട്ടിയ മണിക്കൂറുകൾ ജീവിതത്തിലെ അവിസ്മരണീയ അനുഭവമായിരുന്നു. മലയാളി എവിടെപ്പോയാലും മലയാളക്കരയെപ്പറ്റിയുള്ള അവന്റെ ഓർമകൾ എന്നും അവനോടൊപ്പം സഞ്ചരിക്കും. ഗൃഹാതുരമായ ഓർമകളെ താലോലിക്കുക എന്നതാണ് അവൻ മാനസിക സംഘർഷത്തിൽ നിന്നു മുക്തി നേടാനുള്ള വഴിയായി കാണുന്നത്. ഇതിന്റെ ഒരു പരിഛേദമാണ് ഷാർജ ജയിലിൽ പെരുന്നാൾ ദിവസം കണ്ടത്.

യാത്രാ രേഖകളൊന്നുമില്ലാതെ കോഴിക്കോട്ടു നിന്ന് ഗൾഫിലേക്ക് കടക്കാൻ ലോഞ്ചിൽ പുറപ്പെട്ട് ഷാർജ ജയിലിലകപ്പെട്ട മലയാളികൾക്കൊപ്പം പെരുന്നാൾ ദിവസം ചെലവഴിച്ച് മണിക്കൂറുകൾ ജീവിതത്തിലെ മായാത്ത ഓർമയായിരുന്നു. ഷാർജ മലയാളി സംഘടന അൽഖാസിമിയ ജയിലിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിക്കാനുണ്ടായ സാഹചര്യം ഇങ്ങനെ:
ഉറ്റവർക്കും ഉടയവർക്കും പിറന്ന മണ്ണിനും വേണ്ടി ജീവിതം വസ്തുവാക്കിത്തീർത്ത ഈ മലയാളി സഹോദരന്മാർ ജയിലിൽ അകപ്പെടാനുണ്ടായ വിധി അവർ കണ്ണീരോടെ വിവരിച്ചു:
കോഴിക്കോട്ട് നിന്നും മറ്റും വിസയും പാസ്‌പോർട്ടുമില്ലാത്തവരെ കയറ്റി ഗൾഫ് നാടുകളിലേക്കു പോയിക്കൊണ്ടിരുന്ന കാലം. പലരും സാഹസിക യാത്ര ചെയ്ത് ജീവിതം വേരുപിടിപ്പിച്ചു. അക്കരെ എത്തിയവരുടെ കഥ കേരളത്തിലെ യുവാക്കളെ മോഹിപ്പിച്ചു.

കോഴിക്കോട് കടപ്പുറത്ത് നിന്ന് രണ്ട് ലോഞ്ചുകളിലായി ദുബൈയിലേക്ക് പുറപ്പെട്ട യുവാക്കൾ ഷാർജ കടലിൽ വെച്ച് യു എ ഇ പോലീസിന്റെ കണ്ണിൽപ്പെട്ടു. ആരുടെ കൈയിലും യാത്രാ രേഖകളൊന്നുമില്ല. എല്ലാവരെയും കസ്റ്റഡിയിലെടുത്ത് തടവിൽ പാർപ്പിച്ചു.
അനധികൃതമായി കടന്നുവന്നവരെ സ്വന്തം നാട്ടിലേക്കുതന്നെ തിരിച്ചയക്കാൻ കോടതി ഉത്തരവിട്ടു. പോലീസ് നൂറ്റിയെഴുപത് പേരെ ഒരു പത്തേമാരിയിൽ കയറ്റി അയച്ചു. ആദ്യ സംഘം കുറെ മുന്നോട്ടു പായപ്പോൾ ഇരുനൂറ്റി മുപ്പത് പേരടങ്ങുന്ന രണ്ടാമത്തെ സംഘത്തെയും അയച്ചു. പുറംകടലിലെത്തിയ ലോഞ്ചുകൾ പരസ്പരം കൂട്ടിമുട്ടി പൊട്ടിത്തകർന്ന് കടലിൽ മുങ്ങി. കരയിൽ നിന്നിരുന്ന പോലീസ് ഈ രംഗം ദൂരദർശിനിയിലൂടെ കണ്ടു. പോലീസ് സംഘം ബോട്ടിൽ സംഭവ സ്ഥലത്തേക്ക് കുതിച്ചു. നൂറ്റിമുപ്പത്തിനാല് പേരെ മാത്രമേ പോലീസിന് രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. മറ്റുള്ളവരെയും അവരുടെ സ്വപ്നങ്ങളെയും കടൽ വിഴുങ്ങി.

ദിവസങ്ങൾക്കുശേഷം മൃതദേഹങ്ങൾ കരക്കടിഞ്ഞു. ദ്രവിച്ച മൃതദേഹങ്ങൾ. അവയവങ്ങൾ പലതും ചീഞ്ഞുതുടങ്ങി. അനാഥമായ മൃതദേഹങ്ങൾ കടൽതീരത്ത് സംസ്‌കരിച്ചു.
അപകടത്തിൽ നിന്നു രക്ഷപ്പെട്ടവർ വീണ്ടും തടവുകാരായി. നൂറ്റിമുപ്പത്തിനാല് പേരെ ഷാർജ അൽഖാസിമിയ ജയിലിൽ പാർപ്പിച്ചു. എല്ലാം മലയാളികൾ. ഏറെയും മലപ്പുറം ജില്ലക്കാർ. ദുബൈ കോൺസുലേറ്റ് ജനറൽ മുഖേന പെരുന്നാൾ ദിവസം ഇവരോടൊപ്പം ഭക്ഷണം കഴിക്കാനും മധുരപലഹാരങ്ങൾ വിതരണം ചെയ്യാനും ജയിലധികൃതരോടപേക്ഷിച്ചു. അങ്ങനെ ജയിലിൽ ഒരു ഈദ് സംഗമം സംഘടിപ്പിക്കാൻ അവസരം ലഭിച്ചു.

ബിരിയാണി, അറബ് പലഹാരങ്ങൾ, പഴങ്ങൾ, മലബാർ പത്തിരി, ഈത്തപ്പഴചാർ തുടങ്ങിയ പെരുന്നാൾ വിഭവങ്ങൾ ഞങ്ങളുടെ മുമ്പിൽ നിരന്നു. ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഓരോരുത്തരും തങ്ങളുടെ കുടുംബക്കഥ വിവരിച്ചു. വിവാഹപ്രായമെത്തിയ സഹോദരിമാരെ കെട്ടിച്ചയക്കണമെന്ന ഉദ്ദേശ്യത്തോടെ കുടുംബത്തിനായുള്ള ഇരുപത് സെന്റ് സ്ഥലവും കൊച്ചു പുരയിടവും പണയപ്പെടുത്തി എഴുപത്തയ്യായിരം രൂപ ഏജന്റിന് നൽകി ലോഞ്ചിൽ പുറപ്പെട്ട തിരൂർ സ്വദേശി മുഹമ്മദ്കുട്ടി. ജയിൽ ജീവിതം ഇനി എത്രകാലം? ജയിലിൽ നിന്നു പുറത്തേക്കിറങ്ങിയാൽ തന്നെ എവിടേക്കു പോകും? അയാൾ സ്വയം ചോദിക്കുന്നു.

എരമംഗലത്തുകാരൻ റോയി ഒന്നര കൊല്ലത്തോളം ഗൾഫിലേക്ക് ഒരു വിസക്കു വേണ്ടി മുംബൈ ഡോങ്കിരിയിൽ ഒരു ലോഡ്ജിൽ കാത്തുകിടന്നു. തൃശൂരിൽ ഒരു മോട്ടോർ വർക്ക്ഷാപ്പിൽ മെക്കാനിക്കായി ജോലിചെയ്തുണ്ടാക്കിയ തുകയും ബന്ധുക്കളോടും സ്‌നേഹിതന്മാരോടും കടംവാങ്ങിയും ഒരു ലക്ഷം രൂപ സംഘടിപ്പിച്ച് ദുബൈയിലുള്ള ഒരു ബന്ധുവിന് അയച്ചുകൊടുത്തു. വർഷം രണ്ട് കഴിഞ്ഞു. വിവരമൊന്നുമില്ല. അയച്ച കത്തുകൾക്കൊന്നും മറുപടിയില്ല. നിരാശനായിരിക്കുമ്പോഴാണ് ദുബൈയിലേക്ക് ആളെ കയറ്റി ഒരു ലോഞ്ച് പോകുന്നുണ്ടെന്ന വിവരം അറിയുന്നത്. ഏജന്റിന് കൊടുക്കാവുന്ന കാശ് വീണ്ടും നാട്ടിൽനിന്നു കടംവാങ്ങിക്കൊടുത്ത് ലോഞ്ചിൽ കയറിപ്പറ്റി. അവസാനം ചെന്നുപെട്ടത് ഷാർജ ജയിലിൽ.
ജയിലിലകപ്പെട്ടവരുടെ വേദനകളും വിഹ്വലതകളും ഞങ്ങൾ കേട്ടിരുന്നു. അവരുടെ വേദന ഇറക്കിവെക്കാൻ ഒരത്താണി ലഭിച്ചു എന്ന ആശ്വാസമായിരുന്നു അവർക്ക്.
ഗൾഫ് ജീവിതത്തിൽ എത്രയോ പെരുന്നാളുകൾ കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും ഷാർജ അൽഖാസിമിയ ജയിലിൽ പെരുന്നാൾ ദിവസം പങ്കിട്ട മണിക്കൂറുകൾ മനസ്സിൽ മായാത്ത ഓർമയാണ്.

Latest