Connect with us

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി വെട്ടിച്ചുരുക്കിയെന്ന വ്യാജ പ്രചാരണം; നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി പൊതുവിദ്യാഭ്യാസ സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യ വേനലവധി വെട്ടിക്കുറച്ചെന്ന വ്യാജ പ്രചാരണത്തില്‍ നിയമ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മധ്യവേനലവധി ഒരു മാസമായി കുറച്ചുകൊണ്ട് ഉത്തരവിറങ്ങിയെന്ന തരത്തിലുള്ള സന്ദേശമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ വിവരം വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ വാസുകി ഐഎഎസ് അറിയിച്ചു.

മുമ്പ് നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധിയെന്നും ഇതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ അനാവശ്യമായ പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. നിലവിലെ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിര്‍മിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും പൊതുവിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ അല്ലാതെ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

 

---- facebook comment plugin here -----

Latest