Connect with us

Business

ഇന്ധന വിലയിടിവ്: വിമാന കമ്പനികൾക്ക് കൊയ്ത്തുകാലം

ലോകകപ്പും അവധിയും മുന്നിൽക്കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

Published

|

Last Updated

കൊച്ചി | ഏവിയേഷൻ ഫ്യൂവലിന്റെ വില പൊതുമേഖലാ എണ്ണക്കമ്പനികൾ ഗണ്യമായി കുറച്ചിട്ടും നേട്ടം യാത്രക്കാർക്ക് നൽകാതെ വിമാന കമ്പനികളുടെ പകൽക്കൊള്ള. ഖത്വറിൽ നടക്കുന്ന ലോകകപ്പും യു എ ഇയിലെ വിദ്യാലയങ്ങളുടെ ശൈത്യകാല അവധിയും ക്രിസ്മസ്, യു എ ഇ ദേശീയ ദിനാഘോഷങ്ങളും മുന്നിൽക്കണ്ട് വിമാന യാത്രാ നിരക്ക് മൂന്നും നാലും ഇരട്ടി വരെ വർധിപ്പിച്ചിരിക്കുകയാണ്.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ ആദ്യ ദിനങ്ങളിൽ അവധിയായതിനാൽ ഈ മാസം ഒരാഴ്ച മാത്രമേ യു എ ഇയിൽ വിദ്യാലയങ്ങൾക്ക് പ്രവൃത്തി ദിനമുള്ളൂ. ഇതിനാൽ പലരും ഡിസംബർ തുടക്കം മുതൽ നാട്ടിലേക്ക് കുടുംബ സമേതം യാത്ര ആസൂത്രണം ചെയ്തിരുന്നു. ഇതോടെ നവംബർ അവസാനം കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ വർധിപ്പിക്കുകയായിരുന്നു.

ക്രിസ്മസിന് ശേഷം ജനുവരി ആദ്യത്തിൽ കേരളത്തിൽ നിന്ന് യു എ ഇയിലേക്കുള്ള മടക്ക യാത്രകൾക്കും നിരക്ക് ഇരട്ടിയിലേറെ കൂട്ടിയിട്ടുണ്ട്. ഈ മാസം പത്ത് മുതൽ ജനുവരി രണ്ട് വരെയാണ് യു എ ഇയിൽ വിദ്യാലയങ്ങൾക്ക് ശൈത്യകാല അവധി. നവംബറിൽ ഖത്വറിൽ ആരംഭിച്ച ലോകകപ്പ് കാണാൻ കേരളത്തിൽ നിന്ന് ഫുട്‌ബോൾ പ്രേമികൾ യാത്ര ചെയ്യുന്നതും വിമാന കമ്പനികൾക്ക് നേട്ടമാകുന്നുണ്ട്.

കഴിഞ്ഞ ഒന്നര വർഷമായി രാജ്യാന്തര വിപണിയിൽ 100 ഡോളറിന് മുകളിലായിരുന്ന അസംസ്‌കൃത എണ്ണ വില ഈ മാസം തുടക്കത്തോടെ 85 ഡോളറായി കുറഞ്ഞിട്ടുണ്ട്. യൂറോപ്പും അമേരിക്കയും കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നതിനാൽ വരും ദിവസങ്ങളിൽ ഇന്ധന വില 65 ഡോളർ വരെ കുറയുമെന്നാണ് അനുമാനം.

ഈ മാസം തുടക്കത്തിൽ ഏവിയേഷൻ ടർബൻ ഫ്യൂവലിന്റെ വില പൊതുമേഖലാ എണ്ണ ക്കമ്പനികൾ 2.3 ശതമാനം കുറക്കുകയും ചെയ്തിരുന്നു. നിലവിൽ രാജ്യ തലസ്ഥാനത്ത് വിമാന ഇന്ധന വില കിലോ ലിറ്ററിന് 1.17 ലക്ഷം രൂപയാണ്. മൊത്തം ചെലവിന്റെ 40 ശതമാനവും ഇന്ധന വിലയായതിനാൽ നിലവിൽ വിമാന കമ്പനികൾക്ക് കൊയ്ത്തുകാലമാണ്.

300 ദിർഹം മാത്രമുള്ള വിമാന ടിക്കറ്റ് മിക്ക വിമാന കമ്പനികളും 700 ദിർഹം മുതൽ 2,400 ദിർഹം വരെ ഉയർത്തിക്കഴിഞ്ഞു. ജനുവരി ആരംഭത്തിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന നിരക്ക് ആരംഭിക്കുന്നത് തന്നെ 1,300 ദിർഹം മുതലാണ്. 2,400 ദിർഹം വരെ വില ഉയർന്നേക്കുമെന്നാണ് സൂചന. കുറഞ്ഞ നിരക്കുള്ള ക്ലാസ്സുകളിലെ ടിക്കറ്റുകൾ വിമാന കമ്പനികൾ അവധിക്കാലത്ത് നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.

കൊവിഡ് വ്യാപനവും തുടർന്ന് ലോക വ്യാപകമായുണ്ടായ യാത്രാ വിലക്കും കാരണം അനിശ്ചിതാവസ്ഥയിലായിരുന്ന വ്യോമയാന മേഖലയുടെ തിരിച്ചുവരവിന് ഇന്ധന വിലക്കയറ്റം വൻ ആഘാതമാ
യിരുന്നു.

Latest