Connect with us

Thiruvananthapuram

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; പാറശ്ശാല യൂണിറ്റിലെ അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

ലീവ് ലഭിക്കുന്നതിനുവേണ്ടി ആര്‍ ഷിബു വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി കോര്‍പ്പറേഷന്റെ സല്‍പേരിന് കളങ്കം വരുത്തിയതായി കെ എസ് ആര്‍ ടി സി വിലയിരുത്തി.

Published

|

Last Updated

പാറശ്ശാല| വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച പാറശ്ശാല യൂണിറ്റിലെ അസിസ്റ്റന്റ് ആര്‍ ഷിബുവിനെ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഭരണ സൗകര്യാര്‍ത്ഥം പാലക്കാട് യൂണിറ്റില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച്  എപ്രില്‍ 26നാണ്  ആര്‍ ഷിബു  പാറശാല യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് മെയ് ഒന്നിന് സുഖമില്ല എന്ന കാരണത്താല്‍ ലീവില്‍ പോവുകയും രണ്ടിന് ഡോക്ടറെ കാണുകയും രണ്ടാഴ്ചത്തേക്ക് ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതായും അന്നുതന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ലീവ് അപേക്ഷയോടൊപ്പം പാറശ്ശാല യൂണിറ്റിലേക്ക് അയച്ചു നല്‍കുകയുമായിരുന്നു.

ഈ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസതയില്‍ സംശയം തോന്നിയ കെ എസ് ആര്‍ ടി സി വിജിലന്‍സ് വിഭാഗം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിലേക്കായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്ന പാലക്കാട് പെരുവെമ്പിലെ ഫാമിലി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം പി കൃഷ്ണകുമാറിനോട്  ഇതിനെക്കുറിച്ച് അന്വേഷിക്കുകയും സര്‍ട്ടിഫിക്കറ്റിന്റെ അപൂര്‍ണ്ണതയെ കുറിച്ച് അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ കരസ്ഥമാക്കിയിട്ടുള്ളതാണെന്ന്  മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് താന്‍ നല്‍കിയിട്ടില്ലാത്തതും ഇത് വ്യാജമായി ഉണ്ടാക്കിയ രേഖയാണെന്നും സര്‍ട്ടിഫിക്കറ്റിലെ കൈയ്യക്ഷരവും ഒപ്പും തന്റേതല്ലെന്നും താന്‍ കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ തന്റെ പേഴ്‌സണല്‍ സീല്‍ ആണ് പതിക്കാറുള്ളത് എന്നും മെഡിക്കല്‍ ഓഫീസര്‍ വിജിലന്‍സ് വിഭാഗത്തെ അറിയിക്കുകയായിരുന്നു.

ലീവ് ലഭിക്കുന്നതിനുവേണ്ടി ആര്‍ ഷിബു വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി കോര്‍പ്പറേഷന്റെ സല്‍പേരിന് കളങ്കം വരുത്തിയതായി കെ എസ് ആര്‍ ടി സി വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി. കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകളിലെ ഷോപ്പുകളിലെ ലൈസന്‍സികളുമായി ചേര്‍ന്ന് കെ എസ് ആര്‍ ടി സിക്ക് എതിരായി പ്രവര്‍ത്തിച്ചതിനാണ് പാലക്കാട്  യൂണിറ്റില്‍നിന്നും ആര്‍ ഷിബുവിനെ പാറശ്ശാലയിലേക്ക് സ്ഥലം മാറ്റിയിരുന്നത്. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് ക്രിമിനല്‍ കുറ്റകൃത്യമായതിനാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി പാറശ്ശാല പോലീസ് സ്റ്റേഷനില്‍ കെ എസ് ആര്‍ ടി സി പാറശ്ശാല അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പരാതി നല്‍കി.

Latest