Connect with us

From the print

ഐസൊലേഷനില്‍ നിന്ന് എല്ലാവരും പുറത്തുവന്നു; നിപ്പാ ഭീതിയൊഴിഞ്ഞു

കണ്‍ട്രോള്‍ റൂം തുടരും • എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മന്ത്രി വീണ.

Published

|

Last Updated

കോഴിക്കോട് | ജില്ലയില്‍ നിപ്പാ സ്ഥിരീകരിച്ച ശേഷം വിവിധ ഘട്ടങ്ങളില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും ഐസൊലേഷനില്‍ നിന്ന് പുറത്തുവന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

മേഖലാതല അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സെപ്തംബര്‍ 12നാണ് കോഴിക്കോട് നിപ്പാ സ്ഥിരീകരിക്കുന്നത്. അവസാന നിപ്പാ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ട് ഈ മാസം അഞ്ചിന് 21 ദിവസം പൂര്‍ത്തിയായി. അടുത്ത 21 ദിവസം കൂടി സുരക്ഷക്ക് വേണ്ടി ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീഡ് ആയി കണക്കാക്കി കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും.

പോസിറ്റീവായ വ്യക്തികളുടെ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരും ഇന്നലെയോടെ ഐസൊലേഷനില്‍ നിന്നും പുറത്ത് വന്നു. വിവിധ ഘട്ടങ്ങളിലായി ആകെ 1,288 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. 1,180 സാമ്പിളുകളാണ് പരിശോധിച്ചത്.

നിപ്പാ പോസിറ്റീവ് കേസ് കണ്ടെത്തി ഒരാഴ്ചക്കുള്ളില്‍ തന്നെ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. ഇന്‍ഡക്സ് രോഗിയെ കണ്ടെത്താന്‍ കഴിഞ്ഞു. കോണ്‍ടാക്ട് ട്രെയ്സ് ചെയ്യുന്നതിനും സാമ്പിള്‍ ടെസ്റ്റ് നടത്തുന്നതിനും വലിയ ജാഗ്രതയാണ് പുലര്‍ത്തിയത്. 90 ശതമാനത്തിനടുത്ത് മരണനിരക്കുള്ള ഒരു രോഗത്തിന് നിരക്ക് 33 ശതമാനം മാത്രമാക്കി ചുരുക്കാന്‍ കഴിഞ്ഞുവെന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സന്തോഷം നല്‍കുന്നതാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കണ്ടത് ഒരു ടീം വര്‍ക്കിന്റെ കൂടി വിജയമാണ്. പത്തൊമ്പതോളം കോര്‍ കമ്മിറ്റികളുടെ ഭാഗമായ എല്ലാവര്‍ക്കും മന്ത്രി നന്ദി പറഞ്ഞു.

ഈ മാസം 26ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും. കോഴിക്കോടിനോടും മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

 

Latest