Connect with us

Editorial

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ...?

അസമിലെ ലഖിംപൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ്, 1962ല്‍ ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നെഹ്‌റു പരാജയപ്പെട്ടെന്നും മോദി സര്‍ക്കാര്‍ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും വിട്ടുകൊടുക്കാതെ അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടത്.

Published

|

Last Updated

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കൈയേറാന്‍ ചൈനക്ക് സാധിച്ചില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന രാഷ്ട്രീയ ഇടങ്ങളില്‍ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. അസമിലെ ലഖിംപൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ്, 1962ല്‍ ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നെഹ്റു പരാജയപ്പെട്ടെന്നും മോദി സര്‍ക്കാര്‍ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും വിട്ടുകൊടുക്കാതെ അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗില്‍ നിന്നുമുണ്ടായി സമാന പ്രസ്താവന. ചൈന ഇന്ത്യയുടെ 1,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കൈവശപ്പെടുത്തിയെന്ന റിപോര്‍ട്ടുകളോട് പ്രതികരിക്കവെയാണ്, മോദി ഭരണത്തില്‍ ഇന്ത്യയുടെ ഒരുതരി മണ്ണ് പോലും ആര്‍ക്കും കൈവശപ്പെടുത്താനായിട്ടില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞത്.

കല്ലുവെച്ച നുണയാണിതെന്നും ചൈന അതിര്‍ത്തിയില്‍ നിരന്തരം കൈയേറ്റം നടത്തിയിട്ടും അത് തടയാനാകാതെ നിസ്സംഗത പാലിക്കുകയായിരുന്നു മോദി സര്‍ക്കാറെന്നുമാണ് കോണ്‍ഗ്രസ്സ് നേതാക്കളും ദേശീയ മാധ്യമങ്ങളും തെളിവുകളുദ്ധരിച്ച് സമര്‍ഥിക്കുന്നത്. ഗോഗ്ര ഹൈറ്റ്സിലെ ഹോട്ട് സ്പിംഗ് ഏരിയയില്‍ ചൈനീസ് സൈന്യം അതിര്‍ത്തി ഭേദിച്ച് അതിക്രമിച്ചു കയറിയതായും പിന്മാറാന്‍ തയ്യാറാകാതെ അവിടെ തന്നെ നിലയുറപ്പിച്ചതായും സൈന്യത്തിലെ ഉന്നതരില്‍ നിന്ന് ലഭിച്ച വിവരത്തെ ആധാരമാക്കി സ്ട്രാറ്റജിക് അഫയേഴ്സ് വിദഗ്ധന്‍ കേണല്‍ അജയ് ശുക്ല വെളിപ്പെടുത്തിയിരുന്നു. പിന്നീട് അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് പല തവണ നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയില്‍ 2020ന് മുമ്പത്തെ യഥാര്‍ഥ അതിര്‍ത്തി രേഖയിലേക്ക് തിരിച്ചു പോകാന്‍ ചൈനീസ് സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും ശുക്ല തുടര്‍ന്നു. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശുക്ലയുടെ ഈ പ്രസ്താവനയെ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ചൈനയോട് യഥാര്‍ഥ അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ട കാര്യം ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡെ സ്ഥിരീകരിച്ചതുമാണ്. കൈയേറ്റമുണ്ടായില്ലെങ്കില്‍ എന്തിനാണ് പിന്‍മാറാന്‍ ആവശ്യപ്പെട്ടത്?

അതിര്‍ത്തിയിലെ ചൈനാ കൈയേറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് 2022 ഡിസംബര്‍ 21ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യമുന്നയിക്കുകയും ഇതേ തുടര്‍ന്നുണ്ടായ ബഹളത്തില്‍ ഒരു മണിക്കൂറോളം സഭ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എം പിമാര്‍ പാര്‍ലിമെന്റിലെ ഗാന്ധി പ്രതിമക്കു മുമ്പില്‍ ധര്‍ണയും നടത്തിയിരുന്നു. അപ്പോഴെല്ലാം ഇതുസംബന്ധിച്ച് മൗനം പാലിക്കുകയല്ലാതെ കൈയേറ്റ ആരോപണത്തെ സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല.

2020 ജൂണില്‍ പുറത്തു വന്ന ഉപഗ്രഹ ചിത്രങ്ങളില്‍ ഗല്‍വാന്‍ താഴ്വരയിലെ യഥാര്‍ഥ നിയന്ത്രണ രേഖ ഭേദിച്ച് (എല്‍ എ സി) ചൈന കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. 2020 ജൂണ്‍ 15ന് പട്രോള്‍ പോയിന്റ് 14ന് സമീപം നടന്ന ചൈന-ഇന്ത്യ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍, അതിര്‍ത്തി തര്‍ക്കത്തില്‍ അയവ് വരുത്താന്‍ ഇരു രാജ്യങ്ങളും തീരുമാനമായതിനു പിന്നാലെയാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നത്. പട്രോള്‍ പോയിന്റ് 14ന് ചുറ്റും ഭൂമി കൈയേറ്റം നടന്നതായി ചിത്രം വ്യക്തമാക്കുന്നതായി ഇന്ത്യന്‍ അഡീഷനല്‍ സര്‍വേയര്‍ ആയിരുന്ന റിട്ട. മേജര്‍ ജനറല്‍ രമേശ്പാദി പ്രതികരിക്കുകയും ചെയ്തു. 2020 ജൂണില്‍ നടന്ന സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലഡാക്കിലേക്ക് അതിക്രമിച്ചു കയറിയാണ് അന്ന് ചൈന വെടിവെപ്പ് നടത്തിയത്. ഗല്‍വാനില്‍ അരുണാചല്‍ അതിര്‍ത്തിക്കു സമീപം ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രവും പുറത്തു വന്നിരുന്നു.

ചൈനീസ് സേന ലഡാക്കിലെ 1,000 സ്‌ക്വയര്‍ കിലോമീറ്റര്‍ ദൂരം ഇന്ത്യന്‍ പ്രദേശം കൈയേറിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രഹസ്യാന്വേഷണ റിപോര്‍ട്ട് ലഭിച്ചതായി 2020 ആഗസ്റ്റില്‍ ദ ഹിന്ദു റിപോര്‍ട്ട് ചെയ്തു. ഗല്‍വാന്‍താഴ് വരയില്‍ ഇന്ത്യയുടെ 20 സ്‌ക്വയര്‍ കിലോമീറ്ററും ഹോട്ട് സ്പ്രിംഗ് പ്രദേശത്ത് 12 സ്‌ക്വയര്‍ കിലോമീറ്ററും ചൈനയുടെ അധീനതയിലാണെന്നും പത്രം എഴുതി. അരുണാചലില്‍ തര്‍ക്ക പ്രദേശത്ത് ചൈന 60 വീടുകളടങ്ങുന്ന ഒരു മേഖല പണിതുയര്‍ത്തിയതിന്റെ ഉപഗ്രഹ ചിത്രം 2021 നവംബറില്‍ എന്‍ ഡി ടി വി പുറത്തു വിട്ടു. യഥാര്‍ഥ നിയന്ത്രണ രേഖക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കുമിടയിലുള്ള മേഖലയില്‍, ഇന്ത്യ എക്കാലവും തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശത്താണ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഈ റിപോര്‍ട്ട് ഒരു സൈനിക മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം അത് നിഷേധിച്ചില്ലെന്നും എന്‍ ഡി ടി വി ലേഖകന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പെന്റഗണ്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലും ഇന്ത്യന്‍ പ്രദേശങ്ങളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റത്തെ സ്ഥിരീകരിക്കുകയും ഈ പ്രദേശങ്ങളിലെല്ലാം ചൈന വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചതായി ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രദേശത്ത് വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതായും പെന്റഗണ്‍ റിപോര്‍ട്ടില്‍ പറയുന്നു. ഭൂഗര്‍ഭ സംഭരണ സൗകര്യങ്ങള്‍, പാംഗോങ് തടാകത്തിനു കുറുകെ രണ്ടാമത്തെ പാലം, വിമാനത്താവളം, ഹെലിപ്പാഡുകള്‍, റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ചൈന വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ യാഥാര്‍ഥ്യം മിക്കപ്പോഴും പുറത്തു വരാറില്ല. പുറത്തു വരുന്ന വിവരങ്ങളാകട്ടെ, അസത്യങ്ങളോ അര്‍ധ സത്യങ്ങളോ ആയിരിക്കും.

 

Latest