ആത്മായനം
മികച്ച ബിസിനസ്സുകാര്‍
സത്യസന്ധതയില്ലാത്ത ബിസിനസ്സ് പരാജയത്തിലേക്കാണ് കൂപ്പ് കുത്തുക. കേവലം ലാഭം മാത്രം ലക്ഷ്യമാകുമ്പോഴാണ് സത്യസന്ധതക്ക് പോറലേൽക്കുന്നത്. എങ്ങനെയെങ്കിലും കാശ് കിട്ടിയാൽ മതിയെന്നുള്ള രീതി ശരിയല്ല. കളവിന്റെ മസാല പുരട്ടി ഉത്പന്നങ്ങൾ വിൽക്കുന്ന നടപടി കടുത്ത തെറ്റാണ്. തീര്‍ച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കും, നന്മ സ്വര്‍ഗത്തിലേക്കെത്തിക്കും.
കച്ചവടക്കാർ സമൂഹത്തിന് ചെയ്യുന്ന സേവനം ചെറുതല്ല. നിത്യോപയോഗ സാധനങ്ങൾ മുതൽ ജീവിത നിലവാരമുയർത്തുന്ന ഉത്പന്നങ്ങൾ വരെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം എത്തിച്ചു നൽകുന്നതവരാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കലോ പ്രാദേശിക വിപണിയിലോ എത്തിക്കുന്നു, ഉത്പാദകരെയും ഉപഭോക്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചുകൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു, ലക്ഷക്കണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു… തുടങ്ങി അവർ വിവിധ സേവനങ്ങളിൽ നിരതരാണ്. അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് സൂറ: ബഖറയുടെ സന്ദേശം. പ്രവാചകന്മാരടക്കം മഹത്തുക്കളിലേറെ പേരും ചെയ്ത തൊഴിലാണ് കച്ചവടം. തിരുനബി (സ) യും കച്ചവടം നടത്തിയിരുന്നല്ലോ?
മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയിൽ കച്ചവടത്തിന് പ്രാധാന്യമുണ്ടെന്നും അതിന്റെ നിർവഹണം മികച്ച രീതിയിലാകണമെന്നും ജീവിച്ചു കാണിക്കുകയായിരുന്നു അവർ. നൈതികബോധത്തോടെ തൊഴിൽ മുന്നോട്ടുകൊണ്ടുപോകാനുള്ള അധിക ശ്രദ്ധ കച്ചവടക്കാർക്കുണ്ടാകണം. ബഖീഇലേക്കുള്ള യാത്രക്കിടെ റസൂൽ (സ) കച്ചവടക്കാരായ ചിലരെ കണ്ടു, അവരോടായി അവിടുന്ന് പറഞ്ഞു: അല്ലയോ കച്ചവടക്കാരേ! തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അന്ത്യനാളില്‍ പുനർജനിക്കുക അധർമകാരികളായിട്ടാണ്’ (തിര്‍മുദി). സത്യസന്ധതയില്ലാത്ത ബിസിനസ്സ് പരാജയത്തിലേക്കാണ് കൂപ്പ് കുത്തുക. കേവലം ലാഭം മാത്രം ലക്ഷ്യമാകുമ്പോഴാണ് സത്യസന്ധതക്ക് പോറലേൽക്കുന്നത്. എങ്ങനെയെങ്കിലും കാശ് കിട്ടിയാൽ മതിയെന്നുള്ള രീതി ശരിയല്ല.
കളവിന്റെ മസാല പുരട്ടി ഉത്പന്നങ്ങൾ വിൽക്കുന്ന നടപടി കടുത്ത തെറ്റാണ്.തീര്‍ച്ചയായും സത്യസന്ധത നന്മയിലേക്ക് നയിക്കും, നന്മ സ്വര്‍ഗത്തിലേക്കെത്തിക്കും. ഒരാള്‍ സത്യസന്ധത നിരന്തരമായി പുലര്‍ത്തുകയും അവസാനം സത്യസന്ധനായി അറിയപ്പെടുകയും ചെയ്യും. തീര്‍ച്ചയായും കളവ് അധര്‍മത്തിലേക്ക് നയിക്കും. അധര്‍മം നരകത്തിലേക്കും. ഒരാള്‍ നിരന്തരമായി കള്ളത്തരത്തിലേര്‍പ്പെടുകയും ഒടുവില്‍ അല്ലാഹുവിങ്കല്‍ കള്ളനായിട്ട് രേഖപ്പെടുകയും ചെയ്യും. (ബുഖാരി)
സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത് തിന്നരുത് എന്ന സൂറ: നിസാഇന്റെ സന്ദേശം കച്ചവടക്കാരനുണ്ടാകേണ്ട നൈതികത ഊന്നിപ്പറയുന്നു. നിലവാരമില്ലാത്തതും ശരീരത്തിന് ഹാനിയുണ്ടാക്കുന്നതുമായ ഉത്പന്നങ്ങൾ വിൽപ്പന നടത്തരുത്. ഉപഭോക്താക്കൾക്കായി അപകടസന്ദേശങ്ങൾ അച്ചടിച്ച ഉത്പന്നങ്ങളുണ്ടല്ലോ, അത് വിൽക്കുന്നത് എത്ര അപക്വമായ നിലപാടാണ്?! നാശത്തിന്റെ വിൽപ്പനക്കാരായി നമ്മൾ മാറരുത്. സ്‌നേഹിതരേ… ഉത്പന്നങ്ങൾക്ക് വല്ല ന്യൂനതയുമുണ്ടെങ്കിൽ അത് ഉപഭോക്താവിനെ ബോധ്യപ്പെടുത്തണം.
ഉഖ്ബതു ബിന്‍ ആമിര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് വായിക്കാം: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. തന്റെ സഹോദരന് ന്യൂനതയുള്ള സാധനങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താതെയുള്ള കച്ചവടം അനുവദനീയമല്ല. (ഇബ്‌നു മാജ) മഴ കൊണ്ട് നനഞ്ഞ ഗോതമ്പ് മറച്ചുവെച്ച് വിൽപ്പന നടത്തിയ വ്യക്തിയെ റസൂൽ (സ) തിരുത്തിയ സംഭവം നമുക്കോർമയുണ്ടല്ലോ. ജനങ്ങൾക്ക് മനസ്സിലാവുന്ന രൂപത്തിൽ നനഞ്ഞത് മുകളിലിടാനാണ് റസൂൽ(സ) അവരോട് പറഞ്ഞത്. (അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്തതായ് മുസ്‌ലിം രേഖപ്പെടുത്തിയിട്ടുണ്ട്).വഞ്ചനയിലൂടെ നേടുന്ന സമ്പത്ത് നമുക്ക് ഗുണം ചെയ്യില്ല. കല്ലുകടിയായി അത് ജീവിതത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. അന്ത്യനാളിൽ അല്ലാഹു പരിഗണിക്കാത്തവരുടെ കൂട്ടത്തിൽ കളവ് പറഞ്ഞ് ചരക്ക് വിൽപ്പന നടത്തുന്ന കച്ചവടക്കാരനെയും തിരുനബി(സ) എണ്ണിയിട്ടുണ്ട്.
നല്ലവരായ വ്യാപാരികളേ… ജനങ്ങളുടെ വഴിമുടക്കിയും മറ്റുള്ളവരുടെ കച്ചവടം മുട്ടിച്ചും നടത്തുന്ന വ്യാപാരങ്ങൾ ഇസ്‌ലാം നിരോധിച്ചതാണ്. ട്രാഫിക് ബ്ലോക്കാക്കി ഫൂട്ട്പാത്തുകളിലുള്ള സഞ്ചാരം തടഞ്ഞ് കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാർ കുറേയേറെ ജാഗ്രത പാലിക്കണം. മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തുക എന്ന ലക്ഷ്യത്തോടെ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് കച്ചവടം ചെയ്യല്‍ അനുവദനീയമല്ല. മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് ഉപദ്രവം വരുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും കച്ചവടക്കാരെ ഉമർ (റ) വിരോധിച്ചിരുന്നു. മറ്റുള്ളവര്‍ വില്‍ക്കുന്നതില്‍ നിന്നും കുറഞ്ഞ വിലക്ക് ചരക്ക് വില്‍ക്കുന്നത് മറ്റുള്ള കച്ചവടക്കാരോട് ചെയ്യുന്ന ദ്രോഹമാണ്. മാര്‍ക്കറ്റില്‍ ഉണങ്ങിയ മുന്തിരി വില്‍ക്കുന്ന ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയോട് ഉമര്‍(റ) പറഞ്ഞു: ഒന്നുകില്‍ നിനക്ക് വില അൽപ്പം കൂട്ടാം, അല്ലെങ്കില്‍ ഇവിടെ നിന്നും കച്ചവടം മാറ്റാം (ബൈഹഖി). കമ്പോള നിലവാര വ്യവസ്ഥയില്‍ ഇടര്‍ച്ച വരാതിരിക്കാനാണ് ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയോട് ഇപ്രകാരം ചെയ്യാന്‍ മഹാൻ ആവശ്യപ്പെട്ടത്.
അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്ന സ്വഭാവം ചിലർക്കെങ്കിലുമുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ തൂക്കം സ്‌ക്രീനിൽ തെളിയിക്കുകയും ഉത്പന്നം കുറച്ച് കൊടുക്കുകയും ചെയ്യുന്ന രീതിയുമുണ്ട്. “അളവില്‍ കമ്മി വരുത്തുന്നവര്‍’ എന്ന പേരില്‍ ഒരു അധ്യായംതന്നെ വിശുദ്ധ ഖുര്‍ആനിലുണ്ട്. നീചമായ ആ പ്രവൃത്തിയോടുള്ള പ്രതിഷേധമാണതിലുള്ളത്.
“അളവില്‍ കുറയ്ക്കുന്നവര്‍ക്ക് മഹാനാശം. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും, ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കിക്കൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ ഭയങ്കരമായ ഒരു ദിവസത്തിനായി എഴുന്നേൽപ്പിക്കപ്പെടുന്നവരാണെന്ന്?’ (സൂറ: മുത്വഫിഫീൻ1-5).
കൂട്ടുകാരേ… അതിവേഗം ബിസിനസ്സുകൾ വളരുന്ന കാലമാണ്. ഒപ്പം തന്നെ ചൂഷണവും വഞ്ചനയും കളവും ധൃതിയിൽ വളരുന്നുണ്ട്. നമ്മിൽ പലരും കച്ചവടക്കാരാണ്. അല്ലാഹു അനുവദിച്ച തൊഴിൽ അവനനുവദിക്കാത്ത രീതിയിൽ രൂപമാറ്റം വരുത്തരുത്. എല്ലാ കാര്യത്തിലും വിശ്വാസികൾ പാലിക്കേണ്ട ശീലങ്ങൾ കച്ചവടത്തിലും കണിശമായി പാലിക്കണം. നമ്മുടെ സമ്പത്ത് മലിനീകരിക്കപ്പെടരുതല്ലോ. അല്ലാഹു സഹായിക്കട്ടെ.
Content Highlights:
Islam emphasizes honesty, transparency, and ethical conduct in all business transactions and trade activities. Prophet Muhammad instructed traders to strictly avoid cheating, fake claims, and false weighing to ensure clean earnings. Fair market practices foster social harmony and prevent customer exploitation.


