UAE
ദുബൈ യാത്രികര്‍ക്ക് ആകര്‍ഷക പാസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്
അത്‌ലാന്റിസ് അക്വാവെഞ്ചര്‍ ഉള്‍പ്പെടെ പ്രധാന വിനോദകേന്ദ്രങ്ങളിലേക്ക് സൗജന്യ പ്രവേശനം.
ദുബൈ | ദുബൈയിലേക്ക് മടക്കയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്കായി 535 ദിര്‍ഹം മൂല്യമുള്ള സൗജന്യ പ്രവേശന പാസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍. അത്‌ലാന്റിസ് അക്വാവെഞ്ചര്‍ വാട്ടര്‍പാര്‍ക്ക്, ലോസ്റ്റ് വേള്‍ഡ് അക്വേറിയം, ദുബൈ സിറ്റി സൈറ്റ്‌സീയിംഗ് ഹോപ്പ്-ഓണ്‍ ഹോപ്പ്-ഓഫ് ബസ് ടൂര്‍ എന്നിവയിലേക്കുള്ള സൗജന്യ പ്രവേശനമാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.
ശീതകാല വിനോദസഞ്ചാര സീസണിന് മുന്നോടിയായി പ്രഖ്യാപിച്ച ഈ ഓഫര്‍ എല്ലാ ക്ലാസുകളിലെയും മടക്കയാത്രാ ടിക്കറ്റുകള്‍ക്ക് ബാധകമാണ്. സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 11 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്തംബര്‍ 24 മുതല്‍ ഡിസംബര്‍ 13 വരെയുള്ള കാലയളവില്‍ ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ പ്രത്യേക പാസുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.
ബുര്‍ജ് ഖലീഫ, ചരിത്രപ്രസിദ്ധമായ അല്‍ ഫഹീദി തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ ചുറ്റിക്കാണാന്‍ സിറ്റി സൈറ്റ്‌സീയിംഗ് ബസ് സര്‍വീസ് ഉപയോഗപ്പെടുത്താം. സൗജന്യ പാസുകള്‍ക്ക് പുറമെ, എമിറേറ്റ്സ് ബോര്‍ഡിങ് പാസ് ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള റസ്റ്റോറന്റുകള്‍, സ്പാകള്‍, പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ഇളവുകള്‍ നേടാന്‍ സഹായിക്കുന്ന ‘മൈ എമിറേറ്റ്സ് പാസ്’ ആനുകൂല്യങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാകും. ടിക്കറ്റ് തീയതികളില്‍ സൗജന്യമായി മാറ്റങ്ങള്‍ വരുത്താനുള്ള ഇളവും എമിറേറ്റ്സ് യാത്രക്കാര്‍ക്കായി നല്‍കുന്നുണ്ട്.
വിനോദത്തിനും വിശ്രമത്തിനും അനുയോജ്യമായ അവിസ്മരണീയ യാത്രാനുഭവമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് എമിറേറ്റ്സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് കൊമേഴ്സ്യല്‍ ഓഫീസറുമായ അദ്നാന്‍ കാസിം വ്യക്തമാക്കി.
Content Highlights: Emirates has announced exciting complimentary attraction passes for passengers traveling to Dubai, offering access to top experiences across the city. Travellers booking return flights can unlock entry to major tourist spots, waterparks, and sightseeing tours using their passes. This special initiative aims to enhance the overall travel experience and add immense value for international visitors.




