Connect with us

Uae

വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കില്ല: എമിറേറ്റ്സ് എയര്‍ലൈന്‍ പ്രസിഡന്റ്

യു എസ്-ഇസ്‌റാഈല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന പശ്ചാത്തലത്തിലും കടുത്ത മുന്‍കരുതലുകളോടെയാണ് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നത്.

Published

|

Last Updated

ദുബൈ | മധ്യപൗരസ്ത്യ ദേശത്തെ യുദ്ധപ്രതിസന്ധികള്‍ സാമ്പത്തിക സമ്മര്‍ദമുണ്ടാക്കുന്നുണ്ടെങ്കിലും വിമാന സര്‍വീസുകളോ യാത്രാ ശേഷിയോ വെട്ടിച്ചുരുക്കാന്‍ പദ്ധതിയില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രസിഡന്റ് ടിം ക്ലാര്‍ക്ക്. യു എസ്-ഇസ്‌റാഈല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന പശ്ചാത്തലത്തിലും കടുത്ത മുന്‍കരുതലുകളോടെയാണ് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നത്.

ഇന്ത്യ, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ദുബൈ വഴി സുഗമമായി തുടരുന്നുണ്ടെന്നും വ്യോമപാതകളിലെ മാറ്റങ്ങള്‍ നേരിടാന്‍ വിമാനങ്ങളില്‍ കൂടുതല്‍ ഇന്ധനം കരുതുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍വീസുകള്‍ കുറക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്നും അധികമായി വരുന്ന ചെലവുകളെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും ടിം ക്ലാര്‍ക്ക് പറഞ്ഞു.

ഇതോടൊപ്പം ജര്‍മനിയിലെ ബെര്‍ലിനിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ എമിറേറ്റ്സ് ശക്തമാക്കിയിട്ടുണ്ട്. ജര്‍മനിയിലെ പ്രാദേശിക തൊഴില്‍ വിപണിക്ക് വലിയ സംഭാവന നല്‍കുന്ന എമിറേറ്റ്സിന്റെ വിപുലീകരണത്തെ ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സ എതിര്‍ക്കുന്നതിനെ ടിം ക്ലാര്‍ക്ക് വിമര്‍ശിച്ചു. ലുഫ്താന്‍സ ഒരു ലിസ്റ്റഡ് കമ്പനിയാണെന്നും ഗവണ്മെന്റിന്റെ പിന്നില്‍ ഒളിച്ചുനില്‍ക്കാതെ വിപണിയില്‍ സ്വയം മത്സരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കൂടാതെ വിമാനങ്ങളില്‍ നിലവില്‍ ലഭ്യമാകുന്ന ഹാര്‍ഡ്‌വെയര്‍ പരിമിതികള്‍ മറികടന്ന് പരമാവധി സര്‍വീസുകളില്‍ സ്റ്റാര്‍ലിങ്ക് വഴിയുള്ള സൗജന്യ വൈഫൈ കണക്ടിവിറ്റി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എമിറേറ്റ്സ് പ്രസിഡന്റ് വ്യക്തമാക്കി.

 

Latest